ഇന്ത്യന്‍ കടല്‍ ചെമ്മീന് അമേരിക്കയുടെ വിലക്ക്: ആഘാതമേറ്റ് ഫിഷറീസ് മേഖല

Update: 2019-11-30 03:00 GMT

ഇന്ത്യന്‍ കടല്‍ ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ ആഘാതത്തില്‍ കേരളത്തിലെ ഫിഷറീസ് മേഖല. പ്രതിസന്ധി കൂടുതല്‍ ബാധിക്കുന്നതു കേരളത്തെയാണ്. ശരാശരി 35,000 ടണ്‍ ചെമ്മീനാണ് ഇവിടെ കടലില്‍ നിന്നു പിടിക്കുന്നത്.വിലക്കു മൂലം ചെമ്മീന്‍ കയറ്റുമതി മേഖലയും 3,800 ലേറെ വരുന്ന മത്സ്യബന്ധന ട്രോള്‍ ബോട്ടുകളും പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.

വംശനാശ ഭീഷണി നേരിടുന്ന കടലാമകള്‍ വലകളില്‍ കുടുങ്ങുന്നതു തടയുന്നതിനായി ടര്‍ട്ടില്‍ എക്‌സ്‌ക്ലൂഷന്‍ ഡിവൈസ് (ടെഡ്) ഘടിപ്പിക്കണമെന്ന ആവശ്യം നിറവേറ്റാത്ത പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിനു കീഴിലുള്ള നാഷനല്‍ മറൈന്‍ ഫിഷറി സര്‍വീസിന്റെ നിര്‍ദേശ പ്രകാരമുള്ള വിലക്കു വന്നത്. പരിഹാര നടപടി ആവശ്യപ്പെട്ടു സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഡ) കയറ്റുമതി സ്ഥാപനങ്ങള്‍ക്കു കത്തു നല്‍കി.

ഇക്കാര്യം കേന്ദ്ര സര്‍ക്കാരും എംപിഡ ഉള്‍പ്പെടെയുള്ള ഏജന്‍സികളും മുന്‍കൂട്ടി ശ്രദ്ധിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടിയിരുന്നു എന്ന് മത്സ്യത്തൊഴിലാളി സമൂഹം പറയുന്നു.നിസ്സാര കാരണം ചൂണ്ടിക്കാട്ടിയാണു വിലക്കെന്നു കേരള മല്‍സ്യത്തൊഴിലാളി ഐക്യവേദി (യുടിയുസി) സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. ചെമ്മീനു മാത്രമാണു വിലക്ക്. അതേ വല ഉപയോഗിച്ചു പിടിക്കുന്ന മറ്റു മല്‍സ്യങ്ങള്‍ക്കു വിലക്കില്ല. അമേരിക്കയിലെ ആഭ്യന്തര ചെമ്മീന്‍ ഉല്‍പാദകരുടെ സമ്മര്‍ദത്തിനു വഴങ്ങിയാകാം നടപടി അദ്ദേഹം ആരോപിച്ചു.

അടിത്തട്ടിലെ മത്സ്യങ്ങളെ കോരിയെടുക്കുന്ന ട്രോള്‍ വലകളില്‍ കടലാമകള്‍ കയറിയാലും അവയ്ക്കു രക്ഷപ്പെടാന്‍ കഴിയുന്ന സംവിധാനം സമുദ്ര ഗവേഷണ സ്ഥാപനമായ സിഫ്റ്റ് മുന്‍പു തന്നെ വികസിപ്പിച്ചിരുന്നു. എന്നിട്ടും, ബോട്ടുകളില്‍ ഇവ ഘടിപ്പിക്കുന്നതില്‍ വീഴ്ച വന്നുവെന്നാണു വിലയിരുത്തല്‍.ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണു യുഎസ്. 2018ല്‍ ഇന്ത്യ കയറ്റുമതി ചെയ്ത 6,15,690 ടണ്‍ ചെമ്മീന്റെ 36% യുഎസിലേക്കായിരുന്നു. അതിനാല്‍ വിലക്ക് ഇന്ത്യയ്ക്കു തിരിച്ചടിയാകുമെന്നാണ് ആശങ്ക.

യുഎസ്. കയറ്റുമതിയില്‍ 10-15 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കവേയാണ് വിലക്കു വന്നിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം യുഎസിലേക്ക് 15,000 കോടി രൂപയുടെ ചെമ്മീന്‍ ഇന്ത്യ കയറ്റുമതി ചെയ്തതില്‍ കേരളത്തില്‍ നിന്നുള്ള വിഹിതം ഏകദേശം 11 ശതമാനമായിരുന്നു. കേരളത്തില്‍ നിന്നുള്ള പൂവാലന്‍, കരിക്കാടി കയറ്റുമതി കഴിഞ്ഞ വര്‍ഷം 300 മില്യണ്‍ ഡോളറിന്റേതും. അമേരിക്കയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എംപിഡിഎ വഴി വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷം ഫലം കാത്തിരിക്കുകയാണ് കൊച്ചിയിലെ കയറ്റുമതിക്കാര്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News