ഏതാണ് സുരക്ഷിതമായ അളവിലുള്ള മദ്യപാനം? പുതിയ പഠനം പറയുന്നത്  

Update: 2018-08-27 06:06 GMT

ആരോഗ്യത്തിന് ഹാനികരമാകാത്ത അളവിലുള്ള മദ്യപാനം, അതിന്റെ തോത് എത്രയാണ്? കുറഞ്ഞ അളവിലുള്ള മദ്യപാനം നല്ലതാണോ? എന്നിങ്ങനെ പല തരത്തിലുള്ള ചർച്ചകൾ നമുക്കിടയിൽ സജീവമാണ്. ഇതേപ്പറ്റി നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്.

എന്നാൽ, 'സുരക്ഷിതമായ അളവിലുള്ള മദ്യപാനം' എന്നത് ഒരു മിഥ്യാ ധാരണയാണെന്നാണ് ഒരു പുതിയ പഠനം വെളിവാക്കുന്നത്. ലാൻസെറ്റ് എന്ന ജേർണലിൽ 512 ഗവേഷകർ ചേർന്ന് പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഏത് അളവിലായാലും മദ്യം നിങ്ങളുടെ ശരീരത്തിന് ദോഷമേ ചെയ്യൂ എന്നാണ്.

ഈ കണ്ടെത്തലിലേയ്ക്ക് എത്തിച്ചേരാൻ അവർ ആയിരത്തിലധികം പഠനങ്ങളുടെ ഡേറ്റ ബേസ് ഉണ്ടാക്കി. 1990 നും 2016 നും ഇടയിൽ 195 രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെയും ശാരീരിക വൈകല്യങ്ങളുടേയും റെക്കോർഡുകൾ പഠിച്ചു. 23 തരം ആരോഗ്യ പ്രശ്നങ്ങളെ മദ്യപാനം എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

"ദിവസേന ഒന്നോ രണ്ടോ ഡ്രിങ്ക്സ് ശരീരത്തിന് ഗുണം ചെയ്യുമെന്ന വിശ്വാസം തെറ്റാണെന്ന് എല്ലാവരും മനസ്സിലാക്കണം. ഏറ്റവും നല്ലത് മദ്യപാനം പാടെ ഉപേക്ഷിക്കുന്നതാണ്," പഠന റിപ്പോർട്ടിന്റെ സീനിയർ ലേഖികയായ എമ്മാന്വേല ഗേക്കിഡോ ചൂണ്ടിക്കാട്ടി.

2016 മാത്രം ലോകത്താകെ മദ്യത്തിന്റെ ഉപയോഗം മൂലം മരിച്ചവരുടെ എണ്ണം 2.8 ദശലക്ഷം ആണ്. പുതിയ പഠനം അനുസരിച്ച് മദ്യപാനം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാകുക. തുടർച്ചയായ മദ്യപാനം ഉള്ളവർക്ക് സ്തനാർബുദം, സ്ട്രോക്ക്, സിറോസിസ്, ക്ഷയം, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യതയേറെയാണ്.

Similar News