വിചാരിക്കുന്നത്ര എളുപ്പമല്ല! വീട്ടിലിരുന്ന് ജോലി ചെയ്യല്‍

Update: 2019-02-04 11:34 GMT

വീടിന്റെ കംഫര്‍ട്ടിലിരുന്ന്, ഇഷ്ടപ്പെട്ട സമയത്ത് ജോലി ചെയ്യാം. ഓഫീസില്‍ പോകേണ്ട. കാര്യമൊക്കെ ശരി തന്നെ. പക്ഷെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് (വര്‍ക് ഫ്രം ഹോം) ഗുണത്തേക്കാളേറെ ദോഷങ്ങളുണ്ടെന്ന് പുതിയ പഠനങ്ങള്‍.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ഇക്കണോമിക്‌സ് സ്റ്റഡി ആണ് പുതിയ ഗവേഷണഫലം പുറത്തിവിട്ടിരുക്കുന്നത്. യു.എസിലെ ഓഫീസില്‍ പോകുന്ന ജീവനക്കാരുടെയും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെയും ഇടയില്‍ നടത്തിയ പഠനത്തില്‍ ഓഫീസില്‍ പോകുന്നവരെക്കാള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണ് കൂടുതല്‍ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നതെന്ന് കണ്ടെത്തി.

സമ്മര്‍ദ്ദം കൂടുന്നതിനുള്ള സാഹചര്യം വീട്ടിലിരുന്ന് ജോലി ചെയ്യുന്നതില്‍ ഏറെയുണ്ട്. ഇത്തരം ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിലിറ്റി ഉള്ളതിനാല്‍ ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നുമുള്ള ആവശ്യങ്ങള്‍ കൂടുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ഏകനേട്ടം യാത്ര ചെയ്യുന്നത് വഴിയുള്ള ക്ഷീണം ഒഴിവാക്കാം എന്നത് മാത്രമാണ് പഠനത്തില്‍ പറയുന്നു. വിവിധ ആക്റ്റിവിറ്റികളില്‍ ഓരോരുത്തരും അനുഭവിക്കുന്ന സന്തോഷം, വേദന, വിഷമം, സമ്മര്‍ദ്ദം, മടുപ്പ് എന്നിവ റേറ്റ് ചെയ്യാന്‍ അവരോട് തന്നെ ആവശ്യപ്പെട്ടാണ് സര്‍വേ നടത്തിയത്. ഇത്തരത്തില്‍ 3962 പേരില്‍ നിന്ന് ലഭിച്ച ഡാറ്റ വിശകലനം ചെയ്താണ് ഇത്തരമൊരു അനുമാനത്തിലേക്ക് ഗവേഷണസംഘം എത്തിയത്.

എന്നാല്‍ ഇതിനെക്കാള്‍ മാനസികസമ്മര്‍ദ്ദം മറ്റൊരു കൂട്ടരുണ്ട്. സ്ഥിരം ഓഫീസില്‍ പോയിട്ടും ജോലി തീരാതെ അത് വീട്ടില്‍ കൊണ്ടുവന്ന് ചെയ്യുന്നവര്‍. അത് അവരുടെ വ്യക്തിജീവിതത്തെ കാര്യമായി ബാധിക്കുന്നു. കുടുംബ ജീവിതത്തിനായി മാറ്റിവെക്കേണ്ട സമയം ഓഫീസ് ജോലി കൂടുതലായി അപഹരിക്കുന്നത് ദമ്പതികള്‍ക്കിടയില്‍ നിരവധി പ്രശ്‌നങ്ങളുണ്ടാക്കുന്നു.

ലോകത്തെ പല പ്രമുഖ കമ്പനികളും ജീവനക്കാരുടെ ക്ഷേമത്തിനായി വര്‍ക് ഫ്രം ഹോം അനുവദിക്കാറുണ്ട്. എന്നാല്‍ ആ നയത്തിന്റെ വിപരീത ഫലത്തിലേക്കാണ് പുതിയ പഠനം വെളിച്ചം വീശുന്നത്.

Similar News