ഇങ്ങനെ 'ഇരിക്കല്ലേ'… പ്രമേഹം വരും

Update: 2019-12-02 03:00 GMT

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് പ്രമേഹം. 1980 കള്‍ക്ക് ശേഷം എന്തുകൊണ്ടായിരിക്കും പ്രമേഹം കൂടിയത്? നമ്മുടെ ഭക്ഷണ രീതിയിലും ജീവിത ശൈലിയിലുമുണ്ടായ സാരമായ മാറ്റം തന്നെ. ശരീരത്തിന്റെ ഊര്‍ജം കായികമായി ഉപയോഗപ്പെടുത്താതെ വരുമ്പോഴാണ് പ്രമേഹവും ഹൃദ്രോഗവുമൊക്കെ എളുപ്പത്തില്‍ പിടികൂടുന്നത്. അങ്ങനെ നോക്കിയാല്‍ കായികാധ്വാനമില്ലാതെ ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് പ്രമേഹം വരാനിടയുണ്ട്. ഈ പ്രാഥമിക കാര്യം മനസിലാക്കി കഴിഞ്ഞാല്‍ പ്രമേഹത്തെ വരുതിയില്‍ ആക്കാനുള്ള പ്രയത്‌നത്തിന്റെ ആദ്യ കടമ്പ പിന്നിട്ടു കഴിഞ്ഞു.

അറിയാതെ പോകരുത്

പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കുമെല്ലാം ഏറെ നേരം ഇരുന്നുള്ള ജോലി ചെയ്യാതെ തരമില്ല. പക്ഷെ ഒന്ന് മനസിലാക്കേണ്ടത്, ജീവിതശൈലിയിലെ താളപ്പിഴകള്‍ വളരെ നേരത്തെ തന്നെ പ്രമേഹം വരാനിടയാക്കുമെന്നതാണ്. ഏറെ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ പ്രമേഹ സാധ്യത വളരെ കൂടുതലാണ്. ഒപ്പം ക്രമമല്ലാത്ത ഭക്ഷണരീതിയാണ് ഇക്കൂട്ടര്‍ പിന്തുടരുന്നതെങ്കില്‍ പറയുകയേ വേണ്ട, പ്രമേഹം വരാം. പുറത്തുനിന്നുള്ള ഭക്ഷണം, ചിട്ടയില്ലാത്ത ഉറക്കം, വ്യായാമം തീരെയില്ലാത്ത അവസ്ഥ, പഞ്ചസാരയുടെയും കഫീനിന്റെയും അധികമായ ഉപയോഗം എന്നിവയൊക്കെയാണ് ഇതിന് വഴി വയ്ക്കുന്നത്. ജങ്ക് ഫുഡ്‌സ്, കോഫി, സോഫ്റ്റ് ഡ്രിങ്ക്‌സ് പോലുള്ളവയാണ് പ്രധാന വില്ലന്മാര്‍. ഇനി പുറത്തു നിന്നുള്ള ഭക്ഷണം അധികം കഴിക്കാത്തവരുടെ കാര്യത്തിലാണെങ്കിലോ. അത്തരക്കാരുടെ ഡയറ്റില്‍ അന്നജത്തിന്റെ അംശവും പഞ്ചസാരയുടെ അളവും അധികമായാലും പ്രമേഹത്തിന് വഴിയൊരുക്കും.

പുകവലിക്കുന്നവരില്‍ പ്രമേഹം

പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പുകവലി സുഗമമായ രക്തയോട്ടത്തെ തടസപ്പെടുത്തുന്നതിനാല്‍ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതിനാലാണിത്. പുകവലി മാത്രമല്ല മദ്യപാനവും പ്രമേഹത്തിന് കാരണമാകും. അമിത മദ്യപാനം രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ വേഗത്തിലാക്കുന്നു. കൂടിയ രക്തസമ്മര്‍ദവും രക്തത്തിലെ കൊഴുപ്പും പ്രമേഹം വരുത്തിവയ്ക്കുന്ന ഘടകങ്ങളാണ്.

തടയാം വൈകാതെ

രോഗം ഉറപ്പിക്കുന്നതുവരെ കിട്ടുന്നതെന്തും കഴിക്കുന്നതാണ് മിക്കവരുടെയും ശീലം. പിന്നീട് പട്ടിണി കിടന്നും ചപ്പാത്തി തിന്നും അരിഭക്ഷണം ഉപേക്ഷിച്ചും പ്രമേഹത്തെ നിയന്ത്രിക്കാനുള്ള നെട്ടോട്ടമാണ്. ഈ വെപ്രാളത്തിനിടയില്‍ ഒറ്റമൂലിയും സ്വയംചികിത്സയും നാട്ടറിവും കേട്ടറിവുമെല്ലാം പരീക്ഷിക്കും. പരിചയക്കാരെയും പരീക്ഷണത്തിന് പ്രേരിപ്പിക്കും. ഫലമില്ലാതാകുമ്പോഴാണ് പലരും ശരിയായ ചികിത്സയിലേക്ക് മടങ്ങിയെത്തുന്നത്. സത്യം മനസിലാക്കേണ്ടത് പ്രമേഹ ചികിത്സയെയും ഡയറ്റിനെയും കുറിച്ചാണ്. പ്രമേഹരോഗികള്‍ക്കും മിക്കവാറും ഭക്ഷണമെല്ലാം കഴിക്കാം. അന്നജം, മാംസ്യം, കൊഴുപ്പ്, വൈറ്റമിനുകള്‍, ധാതുക്കള്‍ ഇവയടങ്ങിയ സമീകൃത ഭക്ഷണമായിരിക്കണമെന്നുമാത്രം. ശരീരഭാരത്തിന് അനുസൃതമായി അനുവദിച്ചിട്ടുള്ള കലോറി പരിധിയില്‍ ഉള്‍പ്പെട്ട ഭക്ഷണമാണ് തെരഞ്ഞെടുക്കേണ്ടത്. ഇവരുടെ ആഹാരത്തില്‍ 55 ശതമാനം ഊര്‍ജം അന്നജത്തില്‍നിന്നും 20 ശതമാനം പ്രോട്ടീനില്‍ നിന്നും ബാക്കി കൊഴുപ്പില്‍നിന്നു മാണ് ലഭ്യമാക്കേണ്ടത്.

ചികിത്സയ്ക്ക് മടിക്കേണ്ട

പ്രമേഹം നിയന്ത്രിക്കുകയെന്നാല്‍ വൃക്കയേയും ഹൃദയത്തേയും ബാധിക്കുന്ന അനുബന്ധ രോഗങ്ങളും നിയന്ത്രിക്കുകയാണെന്നതും പഠനങ്ങള്‍ ഓര്‍മിപ്പിക്കുന്നു. പ്രമേഹ രോഗികളിലും പ്രമേഹ പൂര്‍വ്വ അവസ്ഥയിലുള്ളവരിലും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താം. പ്രമേഹം അനിയന്ത്രിതമായാല്‍ ശരിയായ ചികിത്സ തേടുക തന്നെയാണ് പ്രതിവിധി. പ്രമേഹത്തിനുള്ള മരുന്നുകള്‍ വൃക്ക തകരാറിലാക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇതൊരു മിഥ്യാ ധാരണയാണൊണ് രാജഗിരി ഹോസ്പിറ്റല്‍ എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. ജെയിംസ് ആന്റണി പറയുന്നത്. 'ഡയബറ്റിസ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ചികിത്സ തേടുക എന്നതാണ് രോഗത്തില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗം. രോഗ നിര്‍ണയത്തിന്റെ ആദ്യ കാലഘട്ടത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാക്കി വയ്ക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. ഇതിന് ശരിയായ രോഗനിര്‍ണയവും ചികിത്സയും അത്യാവശ്യമാണ്. രോഗനിര്‍ണയത്തിനായി കാലതാമസം എടുക്കുമ്പോഴാണ് പ്രമേഹ ചികിത്സ ഫലം കാണാതെ വരുന്നത്.'' ഡോക്റ്റര്‍ പറയുന്നു.

ശീലിക്കാം ഇവ

* 40 മിനിറ്റു കൂടുമ്പോള്‍ സ്‌ട്രെച്ച് ചെയ്യാം, ചെറു നടത്തമാകാം

* വെള്ളം ധാരാളം കുടിക്കാം

* ആഴ്ച്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം

* മൂന്നു നേരം കഴിക്കുന്ന ഭക്ഷണം അഞ്ചോ ആറോ തവണയായി കഴിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News