ഒരു ദിവസത്തിന്റെ 15 മിനിട്ട് മതി, സ്‌ട്രെസ് കുറയ്ക്കാം

Update: 2020-06-21 07:50 GMT

ഇന്ന് രാജ്യാന്തര യോഗ ദിനം. മുമ്പോങ്ങുമനുഭവിച്ചിട്ടില്ലാത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഈ കോവിഡ് കാലത്ത് ഓരോരുത്തരും കടന്നു പോകുന്നത്. ഡിപ്രഷന്റെ വക്കിലെത്തിയവരും നിരവധി. എന്നാല്‍ നമ്മുടെ മനസ്സിന്റെ ചിന്താ ധാരകളെ നിയന്ത്രിക്കാന്‍ കഴിയുക എന്നത് നമുക്കോരോരുത്തര്‍ക്കും പരിശീലിക്കാവുന്നതാണ്. സ്‌ട്രെസ് കുറയ്ക്കാനാകില്ലെങ്കില്‍ നാം പോലുമറിയാ നമ്മുടെ ചിന്തകളും പ്രവൃത്തിയും കൈവിട്ടുപോകും. സംരംഭകരോ പ്രൊഫഷണല്‍സോ മാത്രമല്ല ഏത് മേഖലയിലുള്ളവര്‍ക്കും ജോലിയും ജീവിതവും തമ്മില്‍ സന്തുലനമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വര്‍ക്ക് ലൈഫ് ബാലന്‍സിന് മനസിനെ വരുതിയിലാക്കലാണ് ആദ്യമായി ചെയ്യേണ്ടത്. മനസിന്റെ അനുഭവം പഞ്ചേന്ദ്രിയങ്ങളായ ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക് എന്നിവയിലൂടെ യാണ് നമുക്ക് ലഭിക്കുന്നത്. ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ കൂടി ഉത്തേജിപ്പിക്കാതെ മാനസികാരോഗ്യം സാധ്യമാകില്ലെന്ന് സാരം. ഈ തത്വമാണ് യോഗയില്‍ പ്രാവര്‍ത്തികമാക്കുന്നത്. മനസിന് പിരിമുറുക്കം കൂടുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ യോഗയില്‍ ഏകാഗ്രതയ്ക്ക് പ്രമുഖ സഥാനമാണ് ഉള്ളത്. ഇതിന് സഹായിക്കുന്ന യോഗക്രമമാണ് മെഡിറ്റേഷന്‍. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷണ പഠനങ്ങളില്‍ മെഡിറ്റേഷന്റെ പ്രയോജനങ്ങളെക്കുറിച്ച് പരാമര്‍ശി ക്കുന്നുണ്ട്. ലോകത്തിലെ ചേഞ്ച് മേക്കേഴ്സ് ആയിട്ടുള്ളവര്‍ പലരും മെഡിറ്റേഷന്‍ പരിശീലിക്കുന്നവരാണ്. മെഡിറ്റേഷന് ഒരു ദിവസത്തിന്റെ 15 മിനിട്ട് മാറ്റിവച്ചാല്‍ തന്നെ ജീവിതത്തില്‍ അതിശയകരമായ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന് ഇവര്‍ പറയുന്നു. അത് നിങ്ങളുടെ ബാഹ്യ, ആന്തരിക കാര്യങ്ങള്‍ തമ്മിലുള്ള മികച്ച കോഡിംഗ് സാധ്യമാക്കുന്നു.

ഡിപ്രഷന്‍ നിയന്ത്രിക്കാം

സ്‌ട്രെസ് വരുത്തി വയ്ക്കുന്ന രോഗങ്ങള്‍ പലതാണ്. സ്‌ട്രെസില്‍ നിന്നുള്ള മോചനമാണ് മെഡിറ്റേഷന്‍ കൊണ്ടുള്ള ഏറ്റവും പ്രധാന ഗുണം. നല്ല ഉറക്കം അഥവാ ക്വാളിറ്റി സ്ലീപ്പ് നിങ്ങളുടെ ഒരു ദിവസത്തെ മുഴുവന്‍ സ്വാധീനിക്കുന്നു എന്നതിനാല്‍ തന്നെ നല്ല ഉറക്കത്തിന് മെഡിറ്റേഷന്‍ സഹായിക്കുന്നു. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കൂട്ടുന്നതാണ് മെഡിറ്റേഷന്റെ മറ്റൊരു ഗുണം.

രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ മെഡിറ്റേഷന് കഴിവുണ്ട്. മറ്റൊരു പ്രധാന ഗുണം ദഹനപ്രക്രിയ ശരിയാക്കുന്നുവെന്നതാണ്. ദഹനപ്രശ്നങ്ങള്‍ ഉള്ളവരില്‍ മെഡിറ്റേഷന്‍ പരിശീലിക്കാന്‍ തുടങ്ങിയതിനു ശേഷം അത് കുറഞ്ഞതായി കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു. ഡിപ്രഷന്‍ പരിഹരിക്കാനുള്ള വഴി കൂടിയാണ് മെഡിറ്റേഷന്‍ ചെയ്യുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മെഡിറ്റേഷന്‍ സഹായിക്കും. ഇതൊക്കെ മെഡിറ്റേഷന്റെ ചില ഗുണങ്ങള്‍ മാത്രം.

ഒരു ദിവസത്തിന്റെ ഏത് സമയത്തും മെഡിറ്റേഷന് വേണ്ടിയുള്ള സമയം കണ്ടെത്താം. ഏതൊരു ആത്മീയ കാര്യവും എന്നതു പോലെ, തികഞ്ഞ അച്ചടക്കത്തോടും ആദരവോടും കൂടി വേണം നാം ധ്യാനം പരിശീലിക്കേണ്ടത്. കൃത്യമായ ഒരു സമയം തീരുമാനിച്ചു ദിനവും അതേ സമയം തന്നെ ധ്യാനിക്കുക. ഇഷ്ടപ്പെട്ട സംഗീതമോ ഗന്ധമോ സെറ്റ് ചെയ്ത് ഒരേ രീതിയില്‍ തന്നെ ഇരുന്ന് മനസ്സിനെ ഏകാഗ്രമാക്കി ധ്യാനിക്കാം. ഈ ശീലം ധ്യാനത്തിന്റെ അപാര സാധ്യതകളെ നമുക്ക് അനുഭവയോഗ്യമാക്കിതരുന്നു. ഒരു നല്ല യോഗ ട്രെയ്നറുടെ നിര്‍ദേശത്തോട് കൂടി മെഡിറ്റേഷന്‍ പരിശീലിക്കാം. ഒരിക്കല്‍ പരിശീലിച്ചാല്‍ സ്വയം ചെയ്യാവുന്നതാണ്. 15 മിനിട്ട് പോലും മാറ്റ്ി വച്ച് ധ്യാനത്തിലേര്‍പ്പെട്ടാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ജീവിതത്തിലേക്ക് കൊണ്ടുവരാം.

വിവരങ്ങള്‍ക്ക്: സുദക്ഷ്ണ തമ്പി, sudakshna.thampi@gmail.com

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News