വീടുകളിലെ വൈന്‍ നിര്‍മ്മാണം നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി എക്‌സൈസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇനി മുതല്‍ ഇത്തരം വൈന്‍ നിര്‍മ്മാണം അനുവദിക്കുന്നതല്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.റെയ്ഡ് നടത്തി പിടിക്കുമെന്നും ജാമ്യംകിട്ടാത്ത കുറ്റമാണിതെന്നും എക്സൈസ് ഓര്‍മ്മിപ്പിക്കുന്നു.
ക്രിസ്മസ്, പുതുവര്‍ഷ കാലത്ത് വീര്യം കുറഞ്ഞ വൈന്‍ വീടുകളില്‍ ഉണ്ടാക്കുന്നത് നിയമാനുസൃതമാണെന്ന തെറ്റായ ധാരണയാണ് പലരും വച്ചുപുലര്‍ത്തുന്നതെന്നതിനാലാണ് എക്‌സൈസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വീടുകളിലെ വൈന്‍ നിര്‍മ്മാണം അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എക്സൈസ് ചൂണ്ടിക്കാട്ടി. വ്യാജ വാറ്റ് കേന്ദ്രങ്ങളെക്കുറിച്ച് അറിയിപ്പ് നല്‍കണമെന്നും എക്‌സൈസ് അഭ്യര്‍ത്ഥിച്ചു.
പഴവര്‍ഗങ്ങളില്‍ നിന്ന് വൈനും അബ്കാരി നയങ്ങള്‍ക്ക് വിധേയമായി വീര്യം കുറഞ്ഞ മദ്യവും ഉല്‍പ്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍, വീടുകളിലെ വൈന്‍ നിര്‍മ്മാണം നിയമാനുസൃതമാണെന്ന ധാരണ പൊതുവേ ഉണ്ടായിട്ടുള്ളതായി തോന്നുന്നുവെന്ന് എക്‌സൈസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. വീടുകളില്‍ യഥേഷ്ടം വൈന്‍ ഉണ്ടാക്കാനുള്ള നിര്‍ദ്ദേശം ഒരിടത്തുനിന്നുമുണ്ടായിട്ടില്ലെന്നും തികച്ചും നിയമവിരുദ്ധമാണതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അബ്കാരി നിയമം പ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാണതെന്ന് എക്‌സൈസ് ഓര്‍മിപ്പിക്കുന്നു. ഹോംമെയ്ഡ് വൈന്‍ വില്‍പനയ്ക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്‌സൈസ് നിരീക്ഷിക്കുന്നുണ്ട്. യൂ ട്യൂബിലൂടെ ഇത്തരം വൈന്‍ പാഠങ്ങളും വില്‍പ്പനയും ഏറെയാണ്. അരിഷ്ടമടക്കമുള്ള ആയുര്‍വേദ മരുന്നെന്ന വ്യാജേനയുള്ള ലഹരിവില്‍പ്പനയ്ക്കും അവസാനമുണ്ടാക്കുമെന്ന് എക്‌സൈസ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം നാല്‍പത് ലിറ്റര്‍ എക്‌സൈസ് പിടികൂടി. വീട്ടില്‍ താമസക്കാരനായ യുവാവ് ജാമ്യം കിട്ടാതെ റിമാന്‍ഡിലാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മ്മാണവും വിതരണവും ക്രിസ്മസ് പുതുവത്സര കാലത്ത് കൂടി വരാറുണ്ടെന്നും ഇതവസാനിപ്പിക്കാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഒരുക്കുമെന്നും മുന്നറിയിപ്പുണ്ട്. ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ സ്വീകരിക്കാനായി ജില്ലകളില്‍ സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരില്‍ 3-4 സംഘങ്ങളെ നിയോഗിക്കും.
കേരളത്തില്‍ റെഡ്, വൈറ്റ് വൈനുകള്‍ പ്രധാനമായും ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴിയാണ് വില്‍ക്കുന്നത്. ചുവന്ന വീഞ്ഞ് കറുത്ത മുന്തിരിയില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. വൈറ്റ് വൈന്‍ പ്രധാനമായും വെളുത്ത (ചെറുതായി പച്ചകലര്‍ന്ന) മുന്തിരിയില്‍ നിന്നും. ഇവിടെ ലഭ്യമായ മറ്റൊരിനം പോര്‍ട്ട് വൈന്‍ ആണ്. മുന്തിരിയില്‍ നിന്ന് തന്നെ വാറ്റിയെടുക്കുന്ന ഈ ചുവപ്പു വീഞ്ഞില്‍ മദ്യാംശം കൂടുതലുണ്ട്. ബെവ്‌കോ ഔട്ട്ലെറ്റുകളിലൂടെ ലഭ്യമാകുന്ന വീഞ്ഞിലെ മദ്യത്തിന്റെ അളവ് 6 % -16 % ആയി നിഷ്‌കര്‍ഷിച്ചിരിക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline