ഇതാണ് അതിസമ്പന്നരുടെ ശക്തമായ ശീലം!

Update:2020-02-08 07:00 IST

അനൂപ് ഏബ്രഹാം

എങ്ങനെയാണ് താങ്കള്‍ റോക്കറ്റുകളുണ്ടാക്കാന്‍ പഠിച്ചതെന്ന ചോദ്യത്തിന് സ്പെയ്സ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക് പറഞ്ഞത് വളരെ ലളിതമായ ഒരു ഉത്തരമായിരുന്നു. ''ഞാന്‍ പുസ്തകങ്ങള്‍ വായിക്കാറുണ്ട്.''

പുസ്തകം വായിച്ചതുകൊണ്ട് നിങ്ങള്‍ക്ക് റോക്കറ്റുണ്ടാക്കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുപറയാനാകില്ല. പക്ഷെ വായനയിലൂടെ നിങ്ങള്‍ക്ക് മികച്ചതായി എന്തെങ്കിലും ചെയ്യാന്‍ കഴിയും. ഈ ശീലത്തിന് നിങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റാന്‍ സാധിക്കും. ബില്‍ ഗേറ്റ്സ്, ഒപ്രാ വിന്‍ഫ്രീ, വാറന്‍ ബഫറ്റ് തുടങ്ങി ലോകത്ത് വന്‍വിജയം നേടിയവരും ശതകോടീശ്വരന്മാരുമായ മറ്റ് പ്രമുഖരും അവരുടെ ജീവിതത്തിലും വിജയത്തിലും വായനാശീലം നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് പറയുന്നു.

സോഷ്യല്‍ മീഡിയയുടെയും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ളിക്സിന്റെയും ആമസോണിന്റെയുമൊക്കെ കാലഘട്ടത്തില്‍ വായനാശീലം ഏറെ പിന്തള്ളപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും വായനാശീലം പ്രത്യേകിച്ച് ജീവചരിത്രങ്ങള്‍, വ്യക്തിഗതവളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുസ്തകങ്ങള്‍ തുടങ്ങിയവ വായിക്കുന്നത് വളരെ പ്രധാനവും അവഗണിക്കാനാകാത്തതുമാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

പുതിയ കാര്യങ്ങള്‍ പഠിക്കാന്‍

യഥാര്‍ത്ഥ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ നമ്മെ പ്രാപ്തരാക്കുന്നതില്‍ കാര്യമായൊന്നും ചെയ്യാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയുന്നില്ല. നാം പഠിക്കുന്ന ബഹുഭൂരിപക്ഷം സിദ്ധാന്തങ്ങള്‍ക്കും ആശയങ്ങള്‍ക്കുമൊന്നും നിത്യജീവിതത്തില്‍ യാതൊരു പ്രായോഗിക ഉപയോഗവുമുണ്ടായിരിക്കില്ല. എന്നാല്‍ പുസ്തകങ്ങള്‍ ഈ വിടവ് നികത്തുന്നു. നല്ല പുസ്തകങ്ങള്‍ വായിക്കുന്നതുവഴി മറ്റുള്ളവരുടെ യഥാര്‍ത്ഥ അനുഭവങ്ങള്‍, ഉള്‍ക്കാഴ്ചകള്‍, അവരുടെ അറിവുകള്‍ എന്നിവയില്‍ നിന്ന് നമുക്ക് പഠിക്കാനും അവയൊക്കെ നിത്യജീവിതത്തില്‍ ഉപകാരപ്പെടുത്താനും കഴിയുന്നു.

നിങ്ങളുടെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നു

വായന പുതിയ വഴികളിലൂടെ ചിന്തിക്കാന്‍ നമ്മുടെ മനസിനെ വിശാലമാക്കുന്നു. ലോകത്ത് നിലവിലുണ്ടെന്ന് പോലും നാം ഇതുവരെ അറിയാതിരുന്ന സാധ്യതകളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. പുസ്തകങ്ങളിലൂടെ നമുക്ക് മറ്റൊരാളുടെ കണ്ണുകളിലൂടെ കാര്യങ്ങളെ വീക്ഷിക്കാന്‍ സാധിക്കുന്നു. അതുവഴി സഹാനുഭൂതിയോടെ മറ്റുള്ളവരോട് പെരുമാറാനുള്ള കഴിവ് വര്‍ധിക്കുന്നു.

ആന്തരികവും ബാഹ്യവുമായ കണ്ടെത്തല്‍

വായനയിലൂടെ നിരന്തരമായ കണ്ടെത്തലാണ് നടക്കുന്നത്. ജീവചരിത്രങ്ങളും നമ്മുടെ വ്യക്തിഗതമായ വളര്‍ച്ചയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വായിക്കുന്നതുവഴി പുതിയതും ഉപകാരപ്രദവുമായ അറിവുകളും രീതികളും ശീലങ്ങളുമാണ് കണ്ടെത്തുന്നത്. നിങ്ങളുടെയുള്ളില്‍ നിങ്ങളറിയാതെ ഉറങ്ങിക്കിടക്കുന്ന താല്‍പ്പര്യങ്ങള്‍ പോലും കണ്ടെത്താന്‍ പുസ്തകവായനയിലൂടെ സാധിച്ചെന്നിരിക്കും.

എന്റെ തന്നെ ജീവിതമെടുത്താല്‍ 'ഓട്ടോബയോഗ്രാഫി ഓഫ് എ യോഗി' എന്ന പുസ്തകമാണ് ഞാന്‍ ആത്മീയമായ താല്‍പ്പര്യങ്ങളുള്ള വ്യക്തിയാണെന്ന് മനസിലാക്കാന്‍ എന്നെ സഹായിച്ചത്. ഈ പു സ്തകത്തിനൊപ്പം 'ദി കോണ്‍വെര്‍സേഷന്‍സ് വിത്ത് ഗോഡ് സീരീസ്', 'ദി പവര്‍ ഓഫ് നൗ' തുടങ്ങിയ പുസ്തകങ്ങള്‍ എന്റെ ചിന്താരീതിയെയും മുന്‍ഗണനകളെയും ആഗ്രഹങ്ങളെയും പൂര്‍ണ്ണമായി മാറ്റിക്കൊണ്ട് എന്റെ ജീവിതത്തില്‍ ശക്തമായ സ്വാധീനമുണ്ടാക്കി. നമ്മുടെയുള്ളിലേക്ക് ആഴത്തില്‍ നോക്കാനും പ്രതിഫലിപ്പിക്കാനും സാധിക്കുന്നവയാണ് പുസ്തകങ്ങള്‍.

മികച്ച ജീവിതം

വ്യക്തിപരമായി അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളില്‍ മാത്രം സ്വയം പരിമിതപ്പെടുത്താതെ നമ്മുടെ ജീവിതം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന മാര്‍ഗനിര്‍ദേശികളാണ് പുസ്തകങ്ങള്‍. നാം ഒരിക്കലും ചെയ്യുമെന്ന് ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങള്‍ നമ്മെ പ്രചോദിപ്പിച്ച് ചെയ്യിക്കാന്‍ കഴിവുണ്ട് പുസ്തകങ്ങള്‍ക്ക്.

വേനല്‍ക്കാലത്ത് വായിച്ച രണ്ട് പുസ്തകങ്ങളാണ് ('ഈറ്റ്, പ്രേ, ലവ് & അപ്രെന്റിസ്ഡ് റ്റു എ ഹിമാലയന്‍ മാസ്റ്റര്‍') ഞാനൊരിക്കലും ചെയ്യില്ലെന്ന് വിചാരിച്ച ഒരു കാര്യം ചെയ്യാന്‍ എന്നെ പ്രചോദിപ്പിച്ചത്. ഒറ്റയ്ക്കുള്ള യാത്ര. ഞാന്‍ വളരെ ആസ്വദിച്ചതും എന്നില്‍ ഏറെ സ്വാധീനമുണ്ടാക്കിയതുമായ ഒന്നായിരുന്നു അത്.

ബിസിനസ്, ആരോഗ്യം, വ്യക്തിഗതമായ വളര്‍ച്ച അല്ലെങ്കില്‍ മികച്ചൊരു ജീവിതം… ഇങ്ങനെ നമുക്ക് താല്‍പ്പര്യമുള്ള ഏത് മേഖലകളിലും മൂല്യവത്തായ അറിവ് പകര്‍ന്നുതരാന്‍ പുസ്തകങ്ങള്‍ക്ക് സാധിക്കുന്നു.

തലച്ചോറിനും ഗുണകരം

വിരസത മാറ്റാന്‍ സഹായിക്കുന്ന ആരോഗ്യകരമായ വഴിയായ വായന ആനന്ദത്തിനപ്പുറം മഹത്തായ മൂല്യം കൂടി തരുന്നു. വായന നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നതിലൂടെ നിരവധി പ്രയോജനങ്ങള്‍ ലഭിക്കും. യൂണിവേഴ്സിറ്റി ഓഫ് സസെക്സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ആറ് മിനിറ്റ് വായന പോലും നമ്മുടെ മാനസികസമ്മര്‍ദം 68 ശതമാനം കുറയ്ക്കുന്നുവെന്നാണ്!

വായനയ്ക്കായി സമയം കിട്ടുന്നില്ല എന്നതാണ് എല്ലാവരും പറയുന്നൊരു പരാതി. ഉറങ്ങുന്നതിന് മുമ്പ് കുറച്ചുനേരം വായിക്കുന്ന ശീലമുണ്ടാക്കി ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞേക്കും. വായനാശീലം നമ്മുടെ ഉറക്കം മെച്ചപ്പെടുത്തും. നിങ്ങള്‍ക്ക് വായിക്കുന്ന ശീലമില്ലെങ്കില്‍ നിങ്ങളെ ആകര്‍ഷിക്കുന്നതും നിങ്ങളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നതുമായ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഈ ശീലത്തിന് തുടക്കമിടുക. ദിവസവും ഏതാനും പേജുകള്‍ വായിച്ച് ഈ ശീലം ജീവിതത്തിന്റെ ഭാഗമാക്കുക.

(സോള്‍ജാം എന്ന ബ്ലോഗിലെ ലേഖനത്തിന്റെ സംക്ഷിപ്ത രൂപം. വിശദവായനയ്ക്ക്: click here)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News