കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സർവീസ് ആറ് റൂട്ടുകളില്‍, 20 മിനിറ്റ് ഇടവേളയില്‍ സര്‍വീസ്, സ്വാഗതം ചെയ്ത് ഇൻഫോപാർക്കിലെ ജീവനക്കാര്‍

ഒരാഴ്ചയ്ക്കുള്ളിൽ റൂട്ടുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും

Update:2024-10-14 10:41 IST

Image Courtesy: Canva, kochimetro.org

നഗരത്തിലുടനീളമുള്ള ആറ് റൂട്ടുകളിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) എ.സി ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ഈ മാസം ആരംഭിക്കും. ഇതിനായി കെ.എം.ആർ.എൽ 15 ബസുകളാണ് ഓര്‍ഡര്‍ ചെയ്തിട്ടുളളത്. ബസുകള്‍ വരും ദിവസങ്ങളിൽ കൊച്ചിയില്‍ എത്തും. ഒരാഴ്ചയ്ക്കുള്ളിൽ റൂട്ടുകൾ കെ.എം.ആർ.എൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
മെട്രോ സ്റ്റേഷനുകളിലേക്ക് റോഡ് മാര്‍ഗം പരിമിതമായ ഗതാഗത സൗകര്യമുളള റൂട്ടുകളിലാണ് ബസ് വിന്യസിക്കുക. 33 സീറ്റുകളുള്ള വോൾവോ ഐഷർ ഇലക്ട്രിക്ക് ബസുകളാണ് എത്തുന്നത്.

ബസുകള്‍ സൗകര്യം കുറഞ്ഞ റൂട്ടുകളില്‍

ആലുവ-കൊച്ചി വിമാനത്താവളം, കാക്കനാട് വാട്ടർ മെട്രോ ടെർമിനൽ-ഇൻഫോപാർക്ക് തുടങ്ങിയ റൂട്ടുകളിൽ സര്‍വീസുകള്‍ നടത്തുന്നതിനാണ് പ്രഥമ പരിഗണനയുളളത്. ബസുകള്‍ 15 മുതൽ 20 മിനിറ്റ് ഇടവേളകളില്‍ സർവീസ് നടത്തുന്നതിനാണ് തീരുമാനമായിരിക്കുന്നത്. പുതിയ ബസുകൾ 10 മുതൽ 12 കിലോമീറ്റർ വരെയുള്ള റൂട്ടുകളിലാണ് സർവീസ് നടത്തുകയെന്നും അധികൃതര്‍ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസുകളുടെ സാന്നിധ്യം വ്യാപകമായി ഉളള റൂട്ടുകളിൽ പുതിയ ബസുകൾ സർവീസ് നടത്തില്ല. വോൾവോ ഇലക്ട്രിക് ബസുകൾ ഓടുന്നത് പ്രായോഗികമല്ലാത്ത നഗരത്തിന് സമീപമുളള ഉള്‍പ്രദേശങ്ങളിലെ റൂട്ടുകളിലും സർവീസ് നടത്താൻ സാധിക്കില്ല.
മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കാക്കനാടിനും പാലാരിവട്ടത്തിനും ഇടയിലെ ബദൽ റൂട്ടുകളിൽ ഫീഡർ ബസുകൾ ഓടിക്കുന്നത് പ്രായോഗികമല്ലെന്നും കെ.എം.ആർ.എൽ ഉദ്യോഗസ്ഥർ പറഞ്ഞു.
കെ.എം.ആർ.എല്ലിന്റെ മുട്ടം യാർഡിൽ ബസ് ഡിപ്പോ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ വൈറ്റില, ആലുവ, ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളിൽ മൂന്ന് ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ 160 കിലോമീറ്റർ മൈലേജാണ് ബസിനുള്ളത്.

സ്വാഗതം ചെയ്ത് ടെക്കികള്‍

അതേസമയം, വാട്ടര്‍മെട്രോ കാക്കനാട് ടെർമിനലിൽ നിന്ന് ഇൻഫോപാർക്കിലേക്ക് പ്രവേശിക്കാൻ പ്രതിദിനം നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യം നിലവിലുണ്ട്.
കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ഇൻഫോപാർക്കിലേക്ക് ഫീഡർ ബസുകൾ അവതരിപ്പിക്കാനുള്ള കെ.എം.ആർ.എല്ലിന്റെ തീരുമാനത്തെ ഇൻഫോപാർക്ക് ടെക്കികൾ സ്വാഗതം ചെയ്യുന്നതായി ഇൻഫോപാർക്കിലെ ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസിന്റെ ഭാരവാഹികള്‍ പറഞ്ഞു. വൈറ്റിലയ്ക്കും കാക്കനാടിനും ഇടയിലുള്ള വാട്ടർ മെട്രോ സർവീസിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും നടപടി സഹായകരമാണെന്നും സംഘടന അറിയിച്ചു.
Tags:    

Similar News