ഒരു ബാഗിന് രണ്ടര ലക്ഷം! യഥാർഥ വില എത്ര? അമ്പരപ്പിക്കുന്ന അന്വേഷണ വിവരം പുറത്ത്
ഇറ്റാലിയന്‍ പൊലീസാണ് ആഡംബര ബാഗ് നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്
മനസിനിണങ്ങിയ ആഡംബര ബ്രാന്‍ഡുകള്‍ക്ക് വേണ്ടി എത്ര രൂപ വേണെമെങ്കിലും മുടക്കാന്‍ മടിക്കാത്തവരാണ് നമ്മളില്‍ പലരും. ഈടുനില്‍ക്കുന്ന മുന്തിയ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണവും ബ്രാന്‍ഡ് ലോഗോയും ഗുണമേന്മയുള്ള നിര്‍മാണവുമാണ് മിക്കവരെയും ഇത്തരം ബ്രാന്‍ഡുകളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ കൊടുക്കുന്ന പണത്തിന്റെ മൂല്യത്തിന് തുല്യമായ ഉത്പന്നങ്ങളല്ല മിക്ക ആഡംബര ബ്രാന്‍ഡുകളും ഉപയോക്താക്കള്‍ക്ക് നല്‍കുന്നതെന്നാണ് പുതിയ അന്വേഷണം തെളിയിക്കുന്നത്. ഇറ്റാലിയന്‍ പൊലീസ് അടുത്തിടെ രാജ്യത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
കണ്ടെത്തല്‍ ഇങ്ങനെ
ആഡംബര ബ്രാന്‍ഡായ ഡിയോര്‍ (Dior) ഒരു ബാഗ് നിര്‍മിക്കാനായി 57 യൂറോയാണ്(ഏകദേശം 4700 രൂപ) വിതരണക്കാര്‍ക്ക് നല്‍കുന്നത്. ഷോറൂമിലെത്തുമ്പോള്‍ ബാഗിന്റെ വില 2600 യൂറോയാകും, ഏകദേശം 2.34 ലക്ഷം രൂപ. മറ്റൊരു ആഡംബര ബ്രാന്‍ഡായ അര്‍മാനിയുടെ ബാഗിന്റെ വില 1800 യൂറോയാണ് (ഏകദേശം 1.62 ലക്ഷം രൂപ). 93 യൂറോ (ഏകദേശം 8300 രൂപ) ചെലവിട്ട് നിര്‍മിക്കുന്ന ബാഗ് വിതരണക്കാരുടെ കയ്യിലെത്തുമ്പോള്‍ 250 യൂറോ (ഏകദേശം 22,540 രൂപ)യാകും. ബാഗ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ലെതര്‍, ഡിസൈന്‍, വിതരണം തുടങ്ങിയവയുടെ ചെലവ് കൂട്ടാതെയുള്ള കണക്കാണിത്. അതേസമയം, ഇക്കാര്യത്തില്‍ ബ്രാന്‍ഡുകള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല. വിഷയത്തില്‍ ഡിയോര്‍ പ്രതികരിച്ചിട്ടില്ലെങ്കിലും വിതരണ ശൃംഖല (Supply Chain)യിലെ വീഴ്ചകള്‍ കണ്ടെത്താന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അര്‍മാനി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനായ ബെര്‍ണാഡ് അര്‍നോട്ടിന്റെ ഉടമസ്ഥതയിലുള്ള ലൂയി വിറ്റോണ്‍ മോയറ്റ് ഹെന്നസി (Louis Vuitton Moët Hennessy) കമ്പനിയുടെ ഉപബ്രാന്‍ഡാണ് ഡിയോര്‍.
തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നില്ല
തങ്ങളുമായി സഹകരിക്കുന്ന കമ്പനികളിലെ തൊഴില്‍ സാഹചര്യങ്ങള്‍ ഡിയോര്‍, അര്‍മാനി പോലുള്ള ബ്രാന്‍ഡുകള്‍ പരിശോധിക്കാറില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 24 മണിക്കൂറും ബാഗ് നിര്‍മാണം നടക്കാനായി മിക്ക ജോലിക്കാര്‍ ഫാക്ടറികളില്‍ തന്നെ കിടന്നുറങ്ങുകയാണെന്നാണ് ആരോപണം. വിപണിയിലെ അനാരോഗ്യകരമായ മത്സരമാണ് ബ്രാന്‍ഡുകളെ നിയമംഘനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ആഡംബര ബ്രാന്‍ഡുകളുടെ പകുതിയും ഇറ്റലിയില്‍
ലോകത്തിലെ ആഡംബര ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ 50 മുതല്‍ 55 ശതമാനം വരെയുള്ള നിര്‍മാണം നടക്കുന്നത് ഇറ്റലിയിലാണ്. ആയിരക്കണക്കിന് ചെറുകിട നിര്‍മാണ കേന്ദ്രങ്ങളുള്ള ഇറ്റലി ആഡംബര വസ്ത്രങ്ങളുടെയും ലെതര്‍ ഉത്പന്നങ്ങളുടെയും ഹബ്ബ് കൂടിയാണ്.