മാറിമറിയും നിങ്ങളുടെ ജീവിതം,രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാല്‍ !

Update:2019-02-20 13:29 IST

രാവിലെ എഴുന്നേല്‍ക്കുക എന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്. ശീലിച്ചാല്‍ വളരെ ചെറിയ കാര്യമാണുതാനും. എന്നാല്‍ ആ ശീലത്തിലൂടെ ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായാലോ? ഒന്നു ശ്രമിച്ചുനോക്കൂ. 'ദി മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറി' എന്ന പ്രശസ്തമായ പുസ്തകം എഴുതിയ റോബിന്‍ ശര്‍മ്മയെ ഓര്‍ക്കുന്നുണ്ടോ?

അദ്ദേഹം തന്റെ പുതിയ പുസ്തകത്തിനായി നാലു വര്‍ഷമായി നീണ്ട പ്രയത്‌നത്തിലായിരുന്നു. 'ദ 5 എഎം ക്ലബ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ പുസ്തകം കോര്‍പ്പറേറ്റ് ലോകത്ത് ചര്‍ച്ചാവിഷയമാണിപ്പോള്‍.

ഈ പുസ്തകത്തിലെ പ്രധാന വിഷയം തന്നെ രാവിലെ അഞ്ചു മണിയുടെ പ്രത്യേകതകളെക്കുറിച്ചാണ്. ഒരു ദിവസത്തെ കീഴ്‌പ്പെടുത്താനുള്ള ഏറ്റവും ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പാണ് അഞ്ചു മണിക്ക് എഴുന്നേല്‍ക്കുക എന്നത്.

''ഏതൊരു ശീലങ്ങളുടെയും മാതാവാണ് 5 എഎം. ഗാന്ധിജി നേരത്തെ എഴുന്നേറ്റിരുന്നു, സന്ന്യാസിമാര്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നു, എല്ലാ കലാകാരന്മാരും തന്നെ അതിരാവിലെ എഴുന്നേല്‍ക്കുന്നവരാണ്. എന്തുകൊണ്ടാണത്? ഒരു ദിവസത്തില്‍ ഏറ്റവും ശാ്ന്തമായ സമയമാണത്. നിങ്ങള്‍ക്ക് ഈ സമയത്ത് ആഴത്തില്‍ ചിന്തിക്കാനാകും. ഇത് മാജിക്ക് ഒന്നുമല്ല. സാമാന്യബോധമാണ്. ഒരു ദിവസം എങ്ങനെ തുടങ്ങുന്നു എന്നതാണ് നിങ്ങളുടെ ആ ദിവസത്തെ തീരുമാനിക്കുന്നത്.'' റോബിന്‍ ശര്‍മ്മ പറയുന്നു.

രാവിലെ അഞ്ചു മണി മുതല്‍ എട്ട് മണി വരെയുള്ള സമയത്തെ ഏറ്റവും ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതമാണെന്ന് ഈ പുസ്തകത്തില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനക്ഷമത കിട്ടുന്നതും ക്രിയാത്മകത ലഭിക്കുന്നതുമായ ഈ സമയമാണിത്.

രാവില എഴുന്നേല്‍ക്കുന്ന ശീലത്തിലൂടെ തന്റെ ക്ലൈന്റ്‌സിന്റെ ഉല്‍പ്പാദനക്ഷമത പതിന്മടങ്ങായി വര്‍ധിക്കാനും ജീവിതവിജയം കൈവരിക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനുമൊക്കെ കാരണമായതായി ലീഡര്‍ഷിപ്പ് വിദഗ്ധനായ റോബിന്‍ ശര്‍മ്മ പറയുന്നു.

പുതിയ പുസ്തകത്തിലൂടെ 5 എഎം ക്ലബ് എന്ന പുതിയ കണ്‍സെപ്റ്റിന് കൂടി തുടക്കമിട്ടിരിക്കുകയാണ് റോബിന്‍ ശര്‍മ്മ. എന്നാല്‍ അഞ്ചു മണിക്ക് എഴുന്നേറ്റിട്ട് വെറുതെയിരുന്നാല്‍ പോര കെട്ടോ. 20-20-20 മിനിറ്റ് രീതിയില്‍ സമയത്തെ വിഭജിച്ചിരിക്കുന്നു. അതായത് 20 മിനിറ്റ് സമയം വ്യായാമത്തിനുള്ളതാണ്. 20 മിനിറ്റ് സമയം പ്ലാനിംഗിനും 20 മിനിറ്റ് സമയം പഠനത്തിനുമുള്ളതാണ്.

റോബിന്‍ ശര്‍മ്മയുടെ 5 എഎം ക്ലബ് നിയമം താഴെപ്പറയുന്നു

  1. രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കുക
  2. ആദ്യത്തെ 20 മിനിറ്റ് വ്യായാമം ചെയ്യുക
  3. അടുത്ത 20 മിനിറ്റ് സമയം നിങ്ങളുടെ പ്ലാന്‍, ലക്ഷ്യങ്ങള്‍, സ്വപ്‌നങ്ങള്‍ എന്നിവയ്ക്കുള്ളതാണ്.
  4. അടുത്ത 20 മിനിറ്റ് സമയം പഠനത്തിനുള്ളതാണ്.
  5. ഈ 20/20/20 ഫോര്‍മുല 66 ദിവസം കൊണ്ടുപോകുക.
  6. നിങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുക.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Similar News