വേണം ജോലിയിടത്തിനും ഒരു മെയ്ക്ക് ഓവർ 

Update:2018-12-10 15:00 IST

നിങ്ങൾ ഏറ്റവുമധികം ക്രീയേറ്റീവ് ആകുന്നതെപ്പോഴാണ്? സംശയം വേണ്ട ജോലി സമ്മർദ്ദം ഏറ്റവും കുറഞ്ഞിരിക്കുന്ന സമയത്താണ് നാം ഏറ്റവും കാര്യക്ഷമമായി ഉത്തരവാദിത്തങ്ങൾ നിറവേറ്റുക.

സമ്മർദ്ദം എന്നാൽ ശാരീരികവുമാവാം. കൂടുതൽ നേരം കമ്പ്യൂട്ടറിന് മുന്നിൽ ചെലവഴിക്കുന്നവർക്ക് ഇരിക്കുന്ന കസേര, മോണിറ്ററിന്റെ ഉയരം, ഫോണിന്റെ സ്ഥാനം ഇവയെല്ലാം അനാവശ്യ സ്ട്രെസ് ഉണ്ടാക്കാം.

വളരെ സമയം ഡെസ്ക് ജോലി ചെയ്യുന്നവരിൽ സാധാരണയായി കാണുന്ന ആരോഗ്യപ്രശ്നങ്ങളാണ് കഴുത്തുവേദന, നടുവേദന, കണങ്കൈ, വിരലുകൾ എന്നിവിടങ്ങളിൽ നീർക്കെട്ട് തുടങ്ങിയവ. അതുകൊണ്ട് വർക്ക് സ്റ്റേഷന് നമുക്ക് ഏറ്റവും സൗകര്യപ്രദവും ആരോഗ്യദായകവുമായ രീതിയിലും ഒരു മെയ്ക്ക് ഓവർ നൽകണം. ഓഫീസ് എർഗോണോമിക്‌സ് എന്നാണ് ഇതിനെ വിളിക്കുന്നത്. വളരെ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും ഇതിന്.

കസേര

നമ്മുടെ സ്വാഭാവികമായ സ്‌പൈനൽ കർവിനെ സപ്പോർട്ട് ചെയ്യുന്ന കസേര വേണം തെരഞ്ഞെടുക്കാൻ. പാദങ്ങൾ നിലത്ത് മുട്ടുന്ന വിധം കസേരയുടെ ഉയരം ക്രമീകരിക്കണം. കാലെത്തുന്നില്ലെങ്കിൽ ഒരു ഫൂട്ട്റെസ്റ്റ് സംഘടിപ്പിക്കാം. തോളുകൾക്ക് വിശ്രമം നൽകുന്ന വിധത്തിൽ ആംറെസ്റ്റിന്റെ ഉയരവും ക്രമീകരിക്കണം.

അവശ്യം വേണ്ടിവരുന്ന വസ്തുക്കൾ

ടെലഫോൺ, ഡോക്യൂമെന്റുകൾ, സ്റ്റേപ്ലർ തുടങ്ങിയ ഇപ്പോഴും ആവശ്യമായി വരുന്ന സാധനങ്ങൾ കൈയ്യെത്തുന്ന ദൂരത്ത് വക്കണം. ഫോൺ എടുക്കാൻ എപ്പോഴും എഴുന്നേറ്റു നിൽക്കുകയോ എത്തിപ്പിടിക്കുകയോ വേണ്ടി വരുന്നത്ത് നിങ്ങളെ അസ്വസ്ഥരാക്കാറില്ലേ?

കീബോർഡ്, മൗസ്

മൗസ് എപ്പോഴും കീബോർഡിന്റെ അതെ ലെവലിൽ വെക്കാൻ ശ്രദ്ധിക്കണം. ടൈപ്പ് ചെയ്യുമ്പോഴോ മൗസ് ഉപയോഗിക്കുമ്പോഴോ കൈമുട്ടിന് മുകളിലുള്ള ഭാഗം ശരീരത്തോട് ചേർന്നും കണങ്കൈ നിവർന്നും ഇരിക്കുന്ന രീതിയിലായിരിക്കണം. കൈമുട്ടിന്റെ ലെവലിൽ നിന്ന് അൽപം ഉയർന്നായിരിക്കണം കൈ. മൗസിന്റെ സെൻസിറ്റിവിറ്റി കുറച്ചുകൂടി ഉയർത്തിയാൽ ചെറിയ സ്‌പർശം കൊണ്ട് അതിനെ ചലിപ്പിക്കാനാവും. മൗസ് ഉപയോഗിക്കാൻ കൈകൾ മാറിമാറി ഉപയോഗിക്കുന്നതും നല്ലതായിരിക്കും.

ഫോൺ

എപ്പോഴും ഫോൺ ഉപയോഗിക്കേണ്ടി വരികയാണെങ്കിൽ അതിനെ ഒരു ഹെഡ്സെറ്റുമായി കണക്ട് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. ടെലഫോൺ ആണെങ്കിൽ സ്പീക്കർ ഉപയോഗിക്കാം.

ഡെസ്ക്

നിങ്ങളുടെ കാലുകൾ നിവർത്തിവെക്കാൻ പാകത്തിന് സ്ഥലം ഡെസ്കിന് താഴെ ഉണ്ടായിരിക്കണം. സാധനങ്ങൾ സൂക്ഷിച്ച് വെക്കാനുള്ള ഇടമല്ല ഇത് എന്ന് മനസിലാക്കണം. ഫൂട്ട്റെസ്റ്റ് ഉപയോഗിക്കുന്നത് നന്നായിരിക്കും.

മോണിറ്റർ

കംപ്യൂട്ടറിന്റെ മോണിറ്റർ നമ്മുടെ മുഖത്തിന് നേരെയായിരിക്കണം. ഒരു കൈ അകലത്തിലും. സ്‌ക്രീനിന്റെ മുകൾഭാഗം കണ്ണിന്റെ തലത്തിന് ഒപ്പമോ അൽപം താഴെയോ ആകുന്നതാണ് നല്ലത്. കീബോർഡിന് സമാന്തരമായി അതിന് തൊട്ട് പിന്നിൽ ആയിരിക്കണം മോണിറ്റർ.

Similar News