ട്രേഡ്മാര്‍ക്ക്: നിങ്ങള്‍ക്കറിയാമോ ഈ നിയമപ്രശ്‌നങ്ങള്‍?

ട്രേഡ്മാര്‍ക്കിന് അപേക്ഷ നല്‍കു്‌മ്പോള്‍ ഉയര്‍ന്നുവരാനിടയുള്ള പ്രശ്‌നങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

Update:2022-06-12 12:30 IST

ട്രേഡ്മാര്‍ക്കുമായി ബന്ധപ്പെട്ട ധാരാളം നിയമപരമായ പ്രശ്‌നങ്ങള്‍ ഇന്ന് ബിസിനസുകാര്‍ അഭിമുഖീകരിക്കുന്നുണ്ട്. ട്രേഡ്മാര്‍ക്കിന് അപേക്ഷ നല്‍കി ലക്ഷങ്ങള്‍ മുടക്കി പാക്കറ്റിലും മറ്റും ആ പേര് ഉപയോഗിച്ച് തുടങ്ങുമ്പോഴാവും ആ പേരിന് objection ഓ, opposition ഓ വരുന്നത്. പിന്നീട് അതൊന്ന് ശരിയായികിട്ടുന്നതുവരെ മാനസികസമ്മര്‍ദ്ദമായിരിക്കും. സാധാരണയായി ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചുതുടങ്ങുമ്പോള്‍ മുതല്‍ വരാവുന്ന നിയമപ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

പൊതുവെ രണ്ടുതലങ്ങളിലായാണ് ട്രേഡ്മാര്‍ക്കില്‍ പ്രശ്‌നങ്ങള്‍ വരുന്നത്.
ഒന്ന് Absolute ground , രണ്ട് Relative ground
Absolute ground Sec 9 (1): ഈ വകുപ്പ് പ്രകാരം ട്രേഡ്മാര്‍ക്ക് രെജിസ്റ്ററിയില്‍ നേരത്തെ അപേക്ഷിച്ചിട്ടുള്ള പേരുകള്‍ക്ക് സമാനമായ പേരുകള്‍വച്ച് ട്രേഡ്മാര്‍ക്കിന് അപേക്ഷിക്കുകയാണെങ്കില്‍ അത്തരം പേരുകള്‍ അനുവദിക്കുന്നതല്ല. ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടത്, ട്രേഡ്മാര്‍ക്കില്‍ മൊത്തം 45 ക്ലാസ്സുകളാണ് ഉള്ളത്. ആദ്യ 34 ക്ലാസ്സുകളില്‍ ഉല്‍പ്പന്നങ്ങളും, 35 മുതല്‍ 45 വരെയുള്ള ക്ലാസ്സുകളില്‍ സേവനകളുമാണ്. ഓരോ ക്ലാസ്സുകളിലും ഒരു വിഭാഗം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഉല്‍പ്പന്നം ഏതു വിഭാഗത്തില്‍പെടുന്നുവോ അത് ഉള്‍കൊള്ളുന്ന ക്ലാസ്സിലാണ് അപേക്ഷിക്കേണ്ടത്. അതായത് നമ്മള്‍ അപേക്ഷിക്കുന്ന ക്ലാസ്സില്‍ നമ്മള്‍ നല്‍കുന്ന പേരിനോട് സാമ്യമുള്ള പേരുണ്ടോ എന്നുമാത്രമാണ് നോക്കേണ്ടത്. അവിടെ മറ്റ് ക്ലാസുകള്‍ പരിഗണിക്കേണ്ടതില്ല.
മറ്റൊന്ന്, ഉല്‍പ്പന്നത്തിന്റെ സവിശേഷത വിളിച്ചോടുത്തുന്ന പേരുകളും ഈ സെക്ഷന്‍ 9 (1) പ്രകാരം അനുവദിക്കുകയില്ല. അതായത് ഉല്‍പ്പന്നത്തിന്റെ നിലവാരം, ഉപയോഗം, മൂല്യം തുടങ്ങിയ കാര്യങ്ങള്‍ പ്രകടിപ്പിക്കുന്ന പേരുകള്‍ക്ക് objection വരാനുള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന്, New , quality, good, perfect, best തുടങ്ങിയ പദങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പേരുകള്‍ക്ക് objections കൂടുതലായി വരുന്നതായി കാണാറുണ്ട്.

അതേപോലെതന്നെയാണ് സ്ഥലങ്ങളുടെ പേര് ഉല്‍പ്പന്നത്തിനിട്ട് അത് ട്രേഡ്മാര്‍ക്കിന് നല്‍കുകയാണെകില്‍ അതും 9 (1) പ്രകാരം അനുവദിച്ചു നല്‍കുന്നതല്ല. ഉദാഹരണത്തിന് Kerala spices എന്ന പേരില്‍ കേരളം എന്ന സ്ഥലപേര് ഉള്‍പെട്ടിട്ടുള്ളതുകൊണ്ടുതന്നെ അതിന് ട്രേഡ്മാര്‍ക്ക് രെജിസ്‌ട്രേഷന്‍ ലഭിക്കുകയില്ല.

മറ്റൊന്നാണ് യഥാര്‍ഥ ഉല്‍പ്പന്നമെന്താണോ അതെ പേരില്‍ ഉല്‍പ്പന്നം ഇറക്കിയാല്‍ അതും ഈ സെക്ഷന്‍ പ്രകാരം അനുവദിക്കുകയില്ല. ഉദാഹരണത്തിന് ഞാന്‍ വില്‍ക്കുന്നത് മാസ്‌ക് ആണെന്ന് വിചാരിക്കുക. എന്റെ ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് നാമവും ഞാന്‍ മാസ്‌ക് എന്നുതന്നെയാണ് ഇട്ടിട്ടുള്ളത് എങ്കില്‍ എനിക്ക് ആ പേരില്‍ ട്രേഡ്മാര്‍ക്ക് ലഭിക്കുകയില്ല. അഥവാ ലഭിക്കുകയാണെങ്കില്‍ മറ്റാര്‍ക്കും മാസ്‌കിന്റെ പാക്കറ്റില്‍ മാസ്‌ക് എന്ന പേര് ഉപയോഗിക്കാന്‍ കഴിയില്ലല്ലോ.

Sec 9 (2) : ഈ വകുപ്പ് പ്രകാരം ആളുകളെ സംശയത്തിലാക്കുന്ന പേരുകള്‍, മതത്തെയും സമുദായത്തെയും വേദനിപ്പിക്കുന്ന പേരുകള്‍, അപകീര്‍ത്തിപരമായ പേരുകള്‍, അശ്ലീലപരമായ പേരുകള്‍ തുടങ്ങിയവ അംഗീകരിക്കുകയില്ല. കൂടാതെ emblams and names act 1950 പ്രകാരം നിരോധിച്ചിട്ടുള്ള പേരുകളും ഇവിടെ അംഗീകരിക്കുകയില്ല.

Sec 9 (3): ഈ സെക്ഷന്‍ പ്രകാരം നമ്മുടെ ഉല്‍പ്പന്നത്തിന്റെ ലോഗോ ഉല്‍പ്പന്നം തന്നെയായാല്‍ അതും ഒബ്‌ജെക്ഷനുള്ള കാരണമാവും. ഉദാഹരണത്തിന്, ഉല്‍പ്പന്നം ഷര്‍ട്ട് ആണെങ്കില്‍ അതിന്റെ ലോഗോ ഒരു ഷര്‍ട്ടിന്റെ യഥാര്‍ത്ഥ ചിത്രം ആണെങ്കില്‍ അത് അനുവദിച്ചുതരില്ല.

Relative ground Sec 11 : ഈ സെക്ഷന്‍ പ്രകാരം നല്‍കുന്ന പേരിനോട് സമാനതയുള്ള മറ്റ് പേരുകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒബ്ജക്ഷന്‍ വരാനുള്ള സാധ്യതയുണ്ട്. അതായത് നല്‍കുന്ന അക്ഷരങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഉച്ചാരണം സമാനരീതിയില്‍ ആണെങ്കില്‍ അത്തരം പേരുകള്‍ അനുവദിക്കുകയില്ല. ഉദാഹരണം, Milma എന്ന പേര് ട്രേഡ്മാര്‍ക് ഉള്ളതാണ്; നമ്മള്‍ ആ അക്ഷരത്തിന് പകരം Millma എന്ന് നല്‍കിയാല്‍ തീര്‍ച്ചയായും അത് ഈ സെക്ഷന്റെ പരിധിയില്‍ വരും. ഇത്തരത്തില്‍ അക്ഷരങ്ങള്‍ മാറ്റി പേര് നല്‍കുമ്പോള്‍ അവിടെ ജനങ്ങളെ പറ്റിക്കുകയല്ലേ ശരിക്കും ചെയ്യുന്നത്. കാലങ്ങളായി ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു സ്ഥാപനത്തിന്റെ goodwill ആണ് ഇത്തരം സ്ഥാപനങ്ങള്‍ ദുരുപയോഗിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നിയമങ്ങള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്.

ഒന്നോര്‍ക്കുക നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ച് മറ്റു പേരിന് സമാനമായ പേരുകള്‍ നേടിയെടുത്തു എന്നുവരാം. എന്നാല്‍ ബ്രാന്‍ഡ് നാമത്തിന്റെ പ്രധാന സവിശേഷത എന്തായിരിക്കണം? അത് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാവുക എന്നതുതന്നെയാണ്. അത് നിങ്ങള്‍ നല്‍കിയ പേരിന് ഉണ്ട് എന്ന് ആദ്യംതന്നെ ഉറപ്പുവരുത്തുക.


Tags:    

Similar News