കടക്കെണിയില്‍ നിന്നും സ്വയം രക്ഷനേടാം; ബിസിനസുകാര്‍ക്കായുള്ള 5 സാമ്പത്തിക മന്ത്രങ്ങളിതാ

തെറ്റായ സാമ്പത്തിക ഇടപാടുകളും അബദ്ധങ്ങളും എത്ര നന്നായി നടക്കുന്ന ബിസിനസിനെയും ദീര്‍ഘദൂരം മുന്നോട്ട് കൊണ്ടുപോകില്ല. സാമ്പത്തിക കാര്യങ്ങളിലെ ചില വീഴ്ചകള്‍ സംരംഭകര്‍ ശ്രദ്ധിക്കാതെ പോയേക്കാം. ഇതാ ഈ 5 ഫിനാന്‍സ് മന്ത്രങ്ങള്‍ ഒരിക്കലും മറക്കരുത്.

Update:2021-06-09 14:35 IST

പണം സമയം പോലെയാണ്, നാം അതിനെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഒരിക്കലും തിരിച്ചുപിടിക്കാനാകാത്ത വിധം അത് നഷ്ടമായേക്കാം. ജോര്‍ജ് ഗിസ്സിംഗിന്റെ ഈ വാചകം പോലെയാണ് ബിസിനസില്‍ പണത്തിന്റെ പ്രാധാന്യവും. സംരംഭകത്വ ത്തിലാണെങ്കിലും അല്ലാതെയാണെങ്കിലും കൃത്യതയോടെ ഉപയോഗപ്പെടുത്തേണ്ടതാണ് പണത്തെയും. പലപ്പോഴും സാമ്പത്തിക ആസൂത്രണത്തിലാണ് സംരംഭകര്‍ തെന്നിവീഴാറുള്ളത്.

തെറ്റായ സാമ്പത്തിക ഇടപാടുകളും അബദ്ധങ്ങളും എത്ര നന്നായി നടക്കുന്ന ബിസിനസിനെയും ദീര്‍ഘദൂരം മുന്നോട്ട് കൊണ്ടുപോകില്ല. സാമ്പത്തിക കാര്യങ്ങളിലെ ചില വീഴ്ചകള്‍ സംരംഭകര്‍ ശ്രദ്ധിക്കാതെ പോകുകയും പിന്നീടവ വന്‍ പരാജയങ്ങളില്‍ കലാശിക്കുകയും ചെയ്ത നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. നിസാരമെന്നു തോന്നിയേക്കാവുന്ന ചില സാമ്പത്തിക വീഴ്ചകളാകും നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ ബിസിനസിനെ തകര്‍ത്തു കളയുക. പണമിടപാടുകളില്‍ പൊതുവേ വന്നേക്കാവുന്ന വീഴ്ചകളും അവ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സംരംഭകര്‍ അറിഞ്ഞിരിക്കണം. ബിസിനസില്‍ പണം കൈകാര്യം ചെയ്യുന്നതിനുള്ള 5 സുവര്‍ണ തത്വങ്ങള്‍ ഇതാ.
1. ബിസിനസില്‍ നിന്നുള്ള വരുമാനം മറ്റു പലതിനുമായി ഉപയോഗപ്പെടുത്തരുത്
ഫണ്ടുകളുടെ വിനിയോഗത്തില്‍ സംരംഭകര്‍ കൈക്കൊള്ളുന്ന ചില തെറ്റായ തീരുമാനങ്ങള്‍ ബിസിനസിനെ സാരമായി ബാധിച്ചേക്കാം. ബിസിനസില്‍ നിന്നുള്ള വരുമാനം മറ്റു പലതിനുമായി ഉപയോഗപ്പെടുത്തുന്നതാണിത്. ഉദാഹരണത്തിന് ബിസിനസില്‍ നിന്നുള്ള ലാഭമെടുത്ത് പലരും അവധിക്കാല വസതി പണിയുന്നതോ ആഡംബര കാര്‍ വാങ്ങുന്നതോ പോലുള്ള അത്യാവശ്യമല്ലാത്ത ആസ്തികള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ ഫണ്ട് വിനിയോഗം നടത്തി പ്രതിസന്ധിയിലായ നിരവധി പ്രസ്ഥാനങ്ങളുണ്ട്. അതുപോലെ തന്നെ പബ്ലിസിറ്റിക്ക് വേണ്ടി അമിതമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമുണ്ട്. ഇതിനെല്ലാം ബിസിനസിലെ പണമാണ് പോകുന്നതെന്ന് തിരിച്ചറിയാന്‍ പലപ്പോഴും വൈകുന്നു. കഫെ കോഫി ഡേ, സത്യം കംപ്യൂട്ടേഴ്‌സ്, ജെറ്റ് എയര്‍വേയ്‌സ്, ഭൂഷന്‍ സ്റ്റീല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ബിസിനസില്‍ നിന്നുമുള്ള വരുമാനം എടുത്ത് മറ്റു വകകള്‍ക്കായി വിനിയോഗിക്കുകയും പിന്നീട് കടത്തിലാകുകയും ചെയ്ത കമ്ബനികളാണ്.
2. പരിചയമില്ലാത്ത മേഖലയില്‍ പണമിറക്കരുത്
പരിചയമില്ലാത്ത മേഖലകളില്‍ ബിസിനസ് ചെയ്യാതിരിക്കുക എന്നത് ഏതൊരു സംരംഭകനും മനസില്‍ വയ്ക്കേണ്ട പാഠമാണ്. അതുപോലെ തന്നെയാണ് ഒരു ബിസിനസ് വിജയിച്ചു കഴിയുമ്‌ബോള്‍ അതിന്റെ കീഴില്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ബിസിനസ് തുടങ്ങുന്നത്. ഇത് തെറ്റായ വൈവിധ്യവല്‍ക്കരണ രീതിയാണ്. വിവിധ മേഖലകളിലേക്ക് ശ്രദ്ധ പതിപ്പിക്കാതെ നിലവിലുള്ള ബിസിനസിനോട് ചേര്‍ന്നു നിന്നു വളരാവുന്ന മറ്റൊരു ബിസിനസ് കെട്ടിപ്പടുക്കാം.
ഉദാഹരണത്തിന് ബ്രെഡ് ഉണ്ടാക്കുന്നവര്‍ ബിസ്‌കറ്റിലേക്കോ, കറിപ്പൊടി ബിസിനസുകാര്‍ ഇന്‍സ്റ്റന്റ് കറിക്കൂട്ടുകളിലേക്കോ പ്രവര്‍ത്തനം വ്യാപിപ്പിക്കും പോലെ. പ്രധാന മേഖലയിലെ വളര്‍ച്ചാസാധ്യതകള്‍ പരമാവധി ഉപയോഗിച്ചതിനുശേഷം മാത്രമേ മറ്റൊരു മേഖലയിലേക്ക് ബിസിനസ് വളര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങാവൂ. ഇല്ലെങ്കില്‍ ആദ്യത്തെ ബിസിനസില്‍ നിന്നുള്ള പണം കൂടി രണ്ടാമത്തെ ബിസിനസിലേക്ക് ചെലവഴിക്കുകയും ഇവ രണ്ട് ബിസിനസിനെയും ബാധിക്കുകയും ചെയ്യും. തോഷിബ ആനന്ദ് ബാറ്ററീസ്, കിംഗ് ഫിഷര്‍ എയര്‍വേയ്‌സ്, കാര്‍വി തുടങ്ങിയവയൊക്കെ ഇതിന് നമുക്ക് മുന്നിലുള്ള മികച്ച ഉദാഹരണങ്ങളാണ്.
കാലികമായ ഇന്നവേഷനുകള്‍ സംരംഭങ്ങളില്‍ വരുത്തുകയും വേണം. എന്നാല്‍ തികച്ചും വ്യത്യസ്തമായ മേഖലകളിലേക്കിറങ്ങി വിജയിച്ച വി- ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് പോലുള്ള ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. വി- ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ എന്ന തികച്ചും വ്യത്യസ്തമായ ബിസിനസിലേക്ക് വൈവിധ്യവല്‍ക്കരണം നടത്തിയപ്പോള്‍ സംരംഭകന്റെ ആത്മവിശ്വാസവും പുതിയ മേഖലയിലെ പഠനവുമാണ് സംരംഭത്തെ വിജയിപ്പിച്ചത്.
3. ശരിയായ പണപരിവര്‍ത്തന ചക്രം
കാഷ് കണ്‍വേര്‍ഷന്‍ സൈക്കിള്‍ (ഇഇഇ) അഥവാ ബിസിനസിലെ പണപരിവര്‍ത്തന ചക്രം ശരിയായ രീതിയിലാക്കുക എന്നത് ഏതൊരു ബിസിനസിന്റെയും കാത
ലാണ്. ഉദാഹരണത്തിന് നിങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നിങ്ങള്‍ക്ക് വേണ്ട ദിവസങ്ങള്‍ 30 ആണെന്നിരിക്കെ നിങ്ങള്‍ അതിനെ 30 തന്നെയായിട്ടായിരിക്കാം കണക്കാക്കുക. എന്നാല്‍ അവ വിറ്റഴിക്കപ്പെടാന്‍ 45 ദിവസമെടുക്കുകയും വിറ്റഴിക്കപ്പെടുന്ന അത്രയും ചരക്കു വകകള്‍ പണമായി നിങ്ങളുടെ കൈകളിലേക്കെത്താന്‍ വീണ്ടുമൊരു 15 ദിവസവും എടുത്തേക്കാം. അപ്പോള്‍ നിങ്ങളുടെ പണ പരിവര്‍ത്തന ചക്രം 60 ദിവസമാണ്. അതായത് നിങ്ങളുടെ ചരക്കുകള്‍ പണമാകാന്‍ 45 +15 = 60 ദിവസമെടുക്കുമെന്നര്‍ത്ഥം.
ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സംരംഭകര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ബിസിനസിലെ ക്രയവിക്രയങ്ങള്‍ കാഷ് ഫ്ളോ അറിഞ്ഞുമാത്രം ചെയ്യുക. പണത്തിന്റെ ഈ പരിവര്‍ത്തന ചക്രം കുറയ്ക്കാനുള്ള വഴികളും ആലോചിക്കണം.
4. ദീര്‍ഘകാല അസറ്റുകള്‍ക്കും പദ്ധതികള്‍ക്കുമായി ഹ്രസ്വകാല വായ്പകള്‍ എടുക്കരുത്
സംരംഭകനെന്ന നിലയില്‍ നിങ്ങളുടെ 'കോമണ്‍സെന്‍സ്' ആയിരിക്കണം ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. ഇന്ന് നിരവധി ബാങ്കുകളാണ് ഉയര്‍ന്ന പലിശ നിരക്കില്‍ ഹ്രസ്വകാല വായ്പകളായി വലിയ തുക വാഗ്ദാനം ചെയ്ത് നിങ്ങളുടെ മുന്നിലെത്തുന്നത്. വലിയ തുകയാണെങ്കിലും പെട്ടെന്ന് അടച്ചുതീര്‍ക്കാമെന്ന അമിത ആത്മവിശ്വാസത്തോടെ വളരെ കുറഞ്ഞ കാലാവധിയില്‍ തിരിച്ചടയ്ക്കുന്ന വായ്പകള്‍ എടുക്കരുത്. പ്രത്യേകിച്ച് ദീര്‍ഘകാലത്തേക്കായി നാം നിക്ഷേപിക്കുന്ന മെഷിനറിയോ സ്ഥല സൗകര്യ വിപുലീകരണമോ പോലുള്ള കാര്യങ്ങളില്‍.
കേരളത്തിലെ പ്രത്യേകമായ സാഹചര്യത്തില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും നടപ്പാക്കാനും വലിയ കാലതാമസം വരുന്നതു കാരണം ഇത് പിന്നീട് വലിയ ബാധ്യതയായേക്കാം. ദീര്‍ഘകാല ആസ്തികള്‍ക്കും പദ്ധതികള്‍ക്കുമായി ഹ്രസ്വകാല വായ്പകള്‍ എടുക്കുന്നതാണ് അസറ്റ് ലയബലിറ്റി മാനേജ്‌മെന്റിലെ അപാകതയായി കണക്കാക്കപ്പെടുന്നത്. ഹ്രസ്വകാല വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുമെന്ന കാര്യം മറക്കരുത്. ഇത് നിങ്ങളുടെ ബിസിനസിലെ പണമാണെന്നതും മറക്കേണ്ട.
5. ബജറ്റിംഗ് സിസ്റ്റം കൊണ്ടുവരിക
നിങ്ങളുടെ വ്യക്തിഗതമായ പണമോ ബിസിനസിലെ പണമോ ആവട്ടെ, ബജറ്റിംഗ് കൃത്യമാകണം. ബിസിനസിന്റെ വരവറിയാതെ ചെലവഴിക്കരുത്. വരും കാല റിസ്‌കുകളോ അധിക ചെലവുകളോ കണക്കിലെടുത്തു വേണം ബിസിനസില്‍ പണം കൈകാര്യം ചെയ്യാന്‍. പ്രത്യേകിച്ച് ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തേണ്ട സാഹചര്യം ഉള്ളപ്പോള്‍. ബജറ്റ് കൃത്യമായിരിക്കുക. ചെലവുകള്‍ പരിമിതപ്പെടുത്തുക. എല്ലാ ചെലവുകള്‍ക്കും കൃത്യമായി പണം നീക്കിവെച്ച് അതിനുള്ളില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.



Tags:    

Similar News