ചെലവ് പരമാവധി കുറച്ച് ബിസിനസ് നടത്താൻ ഇതാ ഒരു മാർഗം

നിങ്ങള്‍ക്കും തുടങ്ങാന്‍ പറ്റും വെര്‍ച്വല്‍ മോഡലിലെ ബിസിനസ് സംരംഭം

Update:2021-08-06 16:16 IST

ലോക്ക്ഡൗണ്‍ വന്നാലും ഹര്‍ത്താല്‍ വന്നാലും ഓഫീസ് പ്രവര്‍ത്തനം അവതാളത്തിലാകില്ല. ആഴ്ചയില്‍ ഏഴ് ദിവസവും ദിവസത്തില്‍ 24 മണിക്കൂറും വേണമെങ്കില്‍ പ്രവര്‍ത്തിക്കാം. അതും കുറഞ്ഞ ചെലവില്‍. രാത്രി വൈകിയെന്നോ ഒന്നുമുള്ള ആശങ്കകള്‍ ഇല്ലാതെ കംഫര്‍ട്ടായിരുന്ന് ടീമിന് ജോലിയും ചെയ്യാം. അങ്ങനെയുള്ള ഓര്‍ഗനൈസേഷനുകളുണ്ട്. അതാണ് റിമോട്ട് ഓര്‍ഗനൈസേഷന്‍. നിങ്ങള്‍ക്കും തുടങ്ങാം ഇതുപോലൊന്ന്. വിദേശ രാജ്യങ്ങളില്‍ വ്യാപകമായ ഇത്തരം ഓര്‍ഗനൈസേഷനുകള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും വളരുകയാണ്.

എന്താണ് റിമോട്ട് ഓര്‍ഗനൈസേഷന്‍?
നമ്മള്‍ കണ്ടുപരിചയിച്ച 'സ്ഥാപനം' എന്ന ആശയത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് അതിന്റെ ഭൗതികമായ ഓഫീസ് മുറിയും, തൊഴിലാളികള്‍ ജോലിയെടുക്കുന്ന മുറിയുമെല്ലാമാണ്. എന്നാല്‍ റിമോട്ട് ഓര്‍ഗനൈസേഷനില്‍ അത്തരത്തില്‍ ഫിസിക്കലായ ഒന്നും തന്നെ ഉണ്ടാകില്ല. എല്ലാം പ്രവര്‍ത്തിക്കുന്നത് വെര്‍ച്വല്‍ ലോകത്തായിരിക്കും. ജോലിക്കാര്‍ എല്ലാം പല സ്ഥലങ്ങളിലും, ഉപഭോക്താക്കള്‍ മറ്റ് സ്ഥലങ്ങളിലും, ഇവയെ എല്ലാം നിയന്ത്രിക്കുന്നത് മറ്റൊരു സ്ഥലത്തും ആയിരിക്കും. ലോകത്തിലെ പല സ്ഥാപനങ്ങളും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഏതുതരം സ്ഥാപനങ്ങള്‍ക്കാണ് റിമോട്ട് വര്‍ക്കിംഗ് സാധ്യമാവുക?
കൂടുതല്‍ സാങ്കേതികവിദ്യ ആവശ്യമുള്ള ഉല്‍പ്പാദന യൂണിറ്റുകള്‍ക്ക് റിമോട്ട് രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ സേവനമേഖലകള്‍ക്ക് പ്രത്യോകിച്ചും ഐടി ബിസിനസ്സുകള്‍ക്ക് റിമോട്ട് വര്‍ക്കിംഗ് രീതിയില്‍ തന്നെ സാധ്യമാകും.
റിമോട്ട് സ്ഥാപനങ്ങള്‍ക്കുള്ള ഗുണങ്ങള്‍ എന്തെല്ലാം?
1. കുറഞ്ഞ ചെലവ്: ഒരു ഓഫീസ് നിര്‍മിക്കുക എന്നത് ഒത്തിരി ചെലവ് വരുന്ന ഒരു കാര്യമാണ്. മാത്രമല്ല അതിന്റെ വാടക, വൈദ്യുതി, മെയ്ന്റന്‍സ് തുടങ്ങി ഒത്തിരി ചെലവുകള്‍ മാസം തോറും വഹിക്കേണ്ടതുണ്ട്. റിമോട്ടായി ജോലി ചെയ്യുമ്പോള്‍ ഒരു ഓഫീസിന്റെ ആവശ്യം വരുന്നില്ല എന്നതു കൊണ്ടുതന്നെ ഈ തുക മാര്‍ക്കറ്റിംഗിനായും, ജോലിക്കാര്‍ക്ക് കൂടുതല്‍ സാലറി നല്‍കുന്നതിനും കൂടാതെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ചെയ്തുകൊടുക്കുവാനും സാധിക്കും.

2.സമയലാഭം: സാധാരണരീതിയില്‍ ഓഫീസിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും ജീവനക്കാര്‍ക്ക് ഏറെ സമയം ചെലവഴിക്കേണ്ടി വരും. യഥാര്‍ത്ഥത്തില്‍ അത് പാഴായി പോകുന്ന സമയമാണ്. റിമോട്ട് സ്ഥാപനങ്ങളില്‍ യാത്രയുടെ ആവശ്യം വരാത്തതിനാല്‍ ഒത്തിരി സമയം ലാഭിക്കാന്‍ കഴിയും പ്രത്യേകിച്ചും ജോലിക്കാര്‍ക്ക്.

3. Talent pooling:റിമോട്ട് സ്ഥാപനങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഗുണം ലോകത്തിലെ എവിടെ നിന്നും കഴിവുള്ളവരെ ജോലിയിലേക്ക് നിയമിക്കാന്‍ കഴിയും. മാത്രമല്ല വീട് വിട്ട് നില്‍്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ഇത് വളരെയധികം ഗുണം ചെയ്യും. കൂടാതെ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കും ആ സ്ഥാപനം അനുവദിക്കുമെങ്കില്‍ റിമോട്ട് സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ സാധിക്കും. അത്തരത്തില്‍ സമര്‍ത്ഥരെ സ്ഥാപനത്തില്‍ നിയമിക്കാന്‍ കഴിയും.

4. Higher productivtiy: പലപ്പോഴും നമ്മള്‍ വിചാരിക്കും ജോലിസ്ഥലത്ത് ചെന്ന് ജോലി ചെയ്താലേ കൂടുതല്‍ കാര്യക്ഷമമായി ജോലിചെയ്യാന്‍ കഴിയു എന്ന്. എന്നാല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല 2018 ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത് 13% കൂടുതല്‍ കാര്യക്ഷമത റിമോട്ടായി ജോലി ചെയ്യുന്നവരില്‍ കാണുകയുണ്ടായി. പലര്‍ക്കും പലസമയത്താവും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുക. ജോലിക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാന്‍ റിമോട്ട് സ്ഥാപനത്തില്‍ സാധിക്കും.(എല്ലാ സ്ഥാപനങ്ങള്‍ക്കും കഴിയണമെന്നില്ല)

5. work life balance : 2025ഓടുകൂടി ഇന്ത്യയിലെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ആളുകളുടെയും ശരാശരി പ്രായം 25 വയസ്സായിരിക്കും. പൊതുവെ യുവാക്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് 9 മണിമുതല്‍ 5 മണിവരെ ജോലി ചെയ്യാനല്ല. അവര്‍ കൂടുതല്‍ കാര്യക്ഷമമായി ജോലി ചെയ്യാന്‍ കഴിയുന്ന സമയത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. മാത്രമല്ല ഒരു ജോലി മാത്രം ചെയ്യുന്നതിന് പകരം കൂടുതല്‍ ജോലികള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതു കൊണ്ടുതന്നെ ഇത്തരത്തിലുള്ള റിമോട്ട് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ജോലിക്കാരെ ലഭിക്കും.
വെല്ലുവിളികള്‍എന്തെല്ലാം?
1. Lack of communication: പുതുതായി ഒരു വ്യക്തി റിമോട്ട് സ്ഥാപനത്തില്‍ ജോലിക്ക ്പ്രവേശിച്ചാല്‍ ആ സ്ഥാപനത്തിന്റെ സംസ്‌കാരം മനസിലാക്കാന്‍ കുറെ അധികം സമയം വേണ്ടിവരും. കാരണം വ്യക്തികള്‍ തമ്മില്‍ പരസ്പരം ഇടപഴകുന്നില്ല എന്നതുതന്നെ. പക്ഷെ കൃത്യമായ പരിശീലനത്തിലൂടെ അത് മാറ്റിയെടുക്കാവുന്നതേയുള്ളൂ.

2 .വിശ്വാസക്കുറവ്: നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഇത്തരത്തില്‍ ഓഫീസ് ഇല്ലാത്ത ഒരു സ്ഥാപനമാണെങ്കില്‍ എങ്ങനെ ആളുകള്‍ വിശ്വസിച്ച് പണി ഏല്‍പ്പിക്കുമെന്ന്. യാഥാര്‍ഥ്യമാണ്. റിമോട്ട് വര്‍ക്കിങ്ങിനെ കുറിച്ച് ആളുകള്‍ക്ക ്അത്ര അറിവില്ലാത്തതു കൊണ്ടു തന്നെ ആളുകളുടെ വിശ്വാസം പിടിച്ചു പറ്റാന്‍ തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷെ, കുറച്ച് കസ്റ്റമേഴ്‌സിനെ കിട്ടിയാല്‍ അവരുടെ ഗൂഗിള്‍ റിവ്യൂസും ടെസ്റ്റിമോണിയലും വച്ച് കൂടുതല്‍ ആളുകളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയും..

3 .സാങ്കേതികവിദ്യയുടെ പരിമിതി: ഒരു മഴ വന്നാല്‍ വൈദ്യതി പോകുന്ന സ്ഥലത്താണ് നമ്മള്‍ എങ്കില്‍ റിമോട്ട് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കൂടാതെ ശക്തമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ല എങ്കിലും ഇതില്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടായിരിക്കും. കാരണം നമ്മളെയും ജോലിക്കാരെയും, കസ്റ്റമേഴ്‌സിനെയും കണക്ട് ചെയ്യുന്നത് സാങ്കേതികവിദ്യയാണ്.

വാല്‍കഷ്ണം: സമയത്തെ ഫോക്കസ് ചെയ്തു ചെയ്യുന്ന ജോലിയെക്കാളും പ്രവര്‍ത്തിയെ അഥവാ ടാസ്‌കിനെ ഫോക്കസ് ചെയ്തു ചെയ്യുന്ന ജോലിക്കാവും റിമോട്ട് ഓര്‍ഗനൈസേഷന്‍ ഏറ്റവും ഉചിതം.


(ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്)



Tags:    

Similar News