എം.എസ്.എം.ഇകള്‍ക്ക് നല്ല ഉഷാര്‍; ഒട്ടുമിക്കവയവും ഈ വര്‍ഷം ലാഭത്തിലേക്ക്
44 ശതമാനം ചെറുകിട സംരംഭങ്ങള്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചേക്കും
ശക്തമായ ഉപഭോക്തൃ ഡിമാന്‍ഡിന്റെയും ബിസിനസ് ചെയ്യാനുള്ള എളുപ്പത്തിന്റെയും പശ്ചാത്തലത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എം.എസ്.എം.ഇ) പത്തില്‍ ഒമ്പതും 2024ല്‍ ലാഭം പ്രതീക്ഷിക്കുന്നതായി നിയോഗ്രോത്ത് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് എം.എസ്.എം.ഇകള്‍ ഏറെ പ്രയോജനം നേടുന്നതായും അവര്‍ പറഞ്ഞു.
60 ശതമാനം ചെറുകിട സംരംഭങ്ങളും 2023ല്‍ ബിസിനസ് ലക്ഷ്യങ്ങള്‍ നേടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എല്ലാ മേഖലകളിലും പത്തില്‍ ആറ് ചെറുകിട സംരംഭങ്ങള്‍ക്കും 2024ല്‍ വായ്പയുടെ ആവശ്യകത വന്നേക്കും. മൊത്തവ്യാപാരം അല്ലെങ്കില്‍ വ്യാപാര സേവന മേഖലയിലെ സംരംഭങ്ങള്‍ക്കാണ് വായ്പകള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം 44 ശതമാനം ചെറുകിട സംരംഭങ്ങള്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചേക്കുമെന്നും 18 ശതമാനം ചെറുകിട സംരംഭങ്ങള്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 25 നഗരങ്ങളിലായി 3,000 ബിസിനസ് ഉടമകളില്‍ നിയോഗ്രോത്ത് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.