ആമസോണില്‍ ജോലി ലഭിക്കാന്‍ ആവശ്യമായ 3 സ്വഭാവസവിശേഷതകള്‍, ജെഫ് ബെസോസ് പറയുന്നു

Update:2020-02-07 08:30 IST

ഏഴര ലക്ഷം ജീവനക്കാരുമായി യു.എസിലെ ഏറ്റവും വലിയ രണ്ടാമത്തെ എംപ്ലോയറാണ് ആമസോണ്‍. ലിങ്ക്ഡിന്‍ റാങ്കിംഗ് പ്രകാരം 2019ലെ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച കമ്പനികളില്‍ ആദ്യ അഞ്ച് പേരുടെ പട്ടികയില്‍ ആമസോണും ഉണ്ടായിരുന്നു.

ആമസോണിന്റെ വളര്‍ച്ചയുടെ എല്ലാ ക്രെഡിറ്റും ജീവനക്കാര്‍ക്ക് കൊടുക്കുന്ന വ്യക്തിയാണ് ജെഫ് ബെസോസ്. ആമസോണ്‍ ഈ രീതിയില്‍ വളര്‍ന്നതിന് പിന്നിലെ രഹസ്യം 'ഹയറിംഗ്' ആണെന്നാണ് ഈയിടെ നടന്ന ഒരു അഭിമുഖസംഭാഷണത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയത്. ആമസോണിലേക്ക് ആളുകളെ ജോലിക്കെടുക്കുമ്പോള്‍ അദ്ദേഹം പ്രധാനമായും ശ്രദ്ധിക്കുന്നത് ഉദ്യോഗാര്‍ത്ഥികളുടെ ചില സ്വഭാവസവിശേഷതകളാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

തന്നെ പഠിപ്പിക്കുന്നവര്‍

കമ്പനിയില്‍ ജോലിക്ക് ചെന്നിട്ട് ആ സ്ഥാപനത്തിന്റെ മേലധികാരിയെ പഠിപ്പിക്കാന്‍ ചെന്നാല്‍ എങ്ങനെയിരിക്കും? എന്നാല്‍ അതൊരു നല്ല ഗുണമായാണ് ബെസോസ് കാണുന്നത്. ''എന്റെ ട്യൂട്ടറാകാന്‍ പറ്റിയ ആളുകളെ എങ്ങനെ ജോലിക്കെടുക്കാമെന്നാണ് ഞാന്‍ നോക്കുന്നത്. അതായത് എന്നെ പഠിപ്പിക്കാന്‍ പറ്റിയ ആളുകള്‍.'' കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നാം. എന്നാല്‍ ജെഫ് ബെസോസിനെ പഠിപ്പിക്കാന്‍ പറ്റിയവരെന്ന് പറയുമ്പോള്‍ അവര്‍ എത്രമാത്രം അറിവും കഴിവും ഉള്ളവരാകണമെന്ന് ചിന്തിച്ചുനോക്കുക.

Right, a lot ആയിരിക്കുന്നവര്‍

''Good leaders are right a lot'' എന്നാണ് ബെസോസ് പറയുന്നത്. ''നല്ല നേതാക്കള്‍ കൂടുതല്‍ ശരികള്‍ ചെയ്യുന്നു. എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് ശരിയായിരിക്കാന്‍ സാധിക്കില്ല. എന്നാല്‍ പരിശീലനം കൊണ്ട് കൂടുതല്‍ തവണ ശരിയായിരിക്കാന്‍ സാധിക്കും.'' അദ്ദേഹം പറയുന്നു. ശക്തമായി കാര്യങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള കഴിവ്, നല്ല സഹജാവബോധം എന്നിവ നല്ല ലീഡര്‍മാര്‍ക്ക് ഉണ്ടാകണമെന്ന് ഊന്നിപ്പറയുന്നു. അവര്‍ വ്യത്യസ്തമായ വീക്ഷണകോണുകളിലൂടെ നോക്കാന്‍ കഴിയുന്നവരും സ്വന്തം മുന്‍ധാരണകള്‍ തിരുത്താന്‍ തയാറാകുന്നവരുമാണ്.

റിബലുകളും വേണമെന്ന് ബെസോസ്

അച്ചടക്കമുള്ള ജീവനക്കാര്‍ വേണമെന്ന് ആഗ്രഹിക്കാത്ത തൊഴിലുടമയുണ്ടാകുമോ? എന്നാല്‍ ജെഫ് ബെസോസ് ഇക്കാര്യത്തിലും വ്യത്യസ്തനാണ്. ഭിന്നാഭിപ്രായക്കാരായ, കുറച്ച് പുരോഗമനചിന്തകളുള്ള, അല്‍പ്പം റിബലൊക്കെ ആയ ആളുകളെയും ജോലിക്കെടുക്കാന്‍ തനിക്കിഷ്ടമാണെന്ന് ബെസോസ് തുറന്ന് പറഞ്ഞത് ഒന്നര വര്‍ഷം മുമ്പ് നടന്ന എയര്‍ ഫോഴ്‌സ് അസോസിയേഷന്‍ കോണ്‍ഫറന്‍സിലാണ്. ''അവര്‍ ചിലപ്പോള്‍ കുറച്ച് അലോസരപ്പെടുത്തുന്നവരായിരിക്കാം. അവരെ മാനേജ് ചെയ്യാന്‍ അത്ര എളുപ്പമായിരിക്കില്ല. എങ്കില്‍പ്പോലും അത്തരക്കാരും നിങ്ങളുടെ സ്ഥാപനത്തിലുണ്ടാകണം. എന്തുകൊണ്ടെന്നാല്‍ അവര്‍ 'ഇന്നവേറ്റീവ്' ആയിരിക്കും. നിലവിലുള്ള രീതികളെ ചോദ്യം ചെയ്യുന്നവര്‍'' ബെസോസ് പറയുന്നു.

Similar News