പ്രളയം ശമിച്ചു, ഇനി സൂക്ഷിക്കേണ്ടത്  കൊള്ളപ്പലിശക്കാരെ

Update:2018-08-21 14:25 IST

പ്രളയ ബാധിത മേഖലകളില്‍ സാമ്പത്തിക സഹായവുമായി കൊള്ളപ്പലിശക്കാര്‍ ഇറങ്ങിയേക്കാനിടയുണ്ടെന്ന് സാമൂഹിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്വകാര്യ പണമിടപാടുകാര്‍ നല്‍കുന്ന ഇത്തരം സാമ്പത്തിക വായ്പകള്‍ സ്വീകരിക്കാതിരിക്കാന്‍ വ്യക്തികളും സംരംഭകരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

പാര്‍പ്പിടങ്ങള്‍ക്കും വീട്ടുപകരണകള്‍ക്കും വേണ്ട അറ്റകുറ്റപണി, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍, കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍, വാഹനങ്ങളുടെ മെയിന്റനന്‍സ്, ചികിത്സ തുടങ്ങിയവക്കായി വ്യക്തികള്‍ക്ക് ഏറെ പണം ആവശ്യമുള്ളൊരു ഘട്ടമാണിത്. വിവിധ വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായ യൂണിറ്റുകള്‍ എന്നിവയില്‍ വെള്ളപ്പൊക്കത്താലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് സംരംഭകര്‍ക്കും വളരെയേറെ പണം ആവശ്യമായിരിക്കും.

ബാങ്കുകളില്‍ നിന്നോ മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ ഉടനടി വായ്പ ലഭിക്കില്ലെന്നതാണ് ദുരിതബാധിതര്‍ നേരിടുന്ന വലിയൊരു പ്രശ്‌നം. ഈയൊരു അവസ്ഥ മുതലെടുക്കാനായിരിക്കും ബ്ലേഡ് പലിശക്കാരുടെ ശ്രമം. അതിനാല്‍ അല്‍പം കാത്തിരുന്നാലും സര്‍ക്കാരില്‍ നിന്നും ലഭിക്കാനിടയുള്ള സഹായങ്ങള്‍, ഇന്‍ഷുറന്‍സ് സംരക്ഷണം, സന്നദ്ധ സംഘടനകളുടെ സേവനം തുടങ്ങിയവയൊക്കെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

"സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ ചെറുകിട വായ്പകള്‍ കര്‍ഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും സംരംഭര്‍ക്കുമൊക്കെ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയുണ്ടാകണം. അതിലൂടെ മാത്രമേ ദുരന്തബാധിതരായിട്ടുള്ള ജനങ്ങളെയും ബിസിനസ് സമൂഹത്തെയും കൊള്ളപ്പലിശക്കാരുടെ പിടിയില്‍ നിന്നും രക്ഷിക്കാനാകൂ", സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനിലെ ഫാക്കല്‍റ്റിയുമായ ഡോ.ജോസ് സെബാസ്റ്റിയന്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍ തുടങ്ങിയവക്ക് പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ വളരെ വലിയൊരു പങ്ക് വഹിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Similar News