ഗള്‍ഫ് യാത്രാ നിരക്കുകള്‍ 5 മടങ്ങ് കൂട്ടി ; ഓണക്കാലം വരെ മലയാളികളെ പിഴിയും

Update: 2019-07-31 07:25 GMT

ഗള്‍ഫില്‍ അവധിദിനങ്ങള്‍ ആരംഭിച്ചതോടെ നാലിരട്ടി വരെ കൂടിയ വിമാന യാത്രാ നിരക്കുകള്‍ ഓണ സീസണ്‍ കഴിയുന്നതുവരെ അതേനിലയില്‍ തുടരുമെന്നു വ്യക്തമായി.അതേസമയം, യൂറോപ്യന്‍ നാടുകളിലേക്ക് ഗള്‍ഫ് നിരക്കിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണിപ്പോഴുള്ളത്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ നാട്ടിലേക്ക് വരുന്ന ഗള്‍ഫ് മലയാളികള്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മടങ്ങും. ഈ തിരക്ക് കണക്കിലെടുത്ത്, എയര്‍ലൈന്‍ കമ്പനികള്‍ മുന്‍കൂട്ടിത്തന്നെ അഞ്ച് മടങ്ങ് വരെ ഉയര്‍ന്ന നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. 5000 രൂപയായിരുന്ന ദുബായ്-കൊച്ചി, ഷാര്‍ജ-കൊച്ചി നിരക്കുകള്‍ 25000-30000 രൂപയായി. കൊച്ചി - ഖത്തര്‍ 41,000-ന് മുകളിലാണ്. സൗദിയിലേക്ക് 65,000 രൂപ വരെ. ബഹ്റൈനിലേക്ക് 52,000. ഒമാനിലേക്ക് 26,000- 41,000. കേരളത്തില്‍നിന്ന് മാത്രമുള്ള ഇത്രയയുമുയര്‍ന്ന നിരക്കുകള്‍ സെപ്റ്റംബര്‍ പകുതി വരെ തുടരും.

അതേസമയം ജപ്പാന്‍, ചൈന, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് 7000 - 21,000 രൂപ മാത്രമേയുള്ളൂ യാത്രക്കൂലി. ഇംഗ്ലണ്ടിലേക്ക് 26,000 രൂപ മതിയാകും. ജെറ്റ് എയര്‍വേയ്സിന്റെ പിന്മാറ്റവും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഉയര്‍ന്ന നിരക്കിന് കാരണമായി.

Similar News