മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചു; ബിസിനസ് ലോകത്ത് നിരാശ

യാത്ര മാറ്റിവച്ചതിന്റെ കാരണങ്ങളോ മസ്‌കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല

Update: 2024-04-20 04:28 GMT

Image : Twitter

ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചു. ഈ മാസം 21,22 തീയതികളില്‍ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താനും ടെസ്‌ലയുടെ വൈദ്യുത കാര്‍ നിക്ഷേപത്തിന്റെ പ്രഖ്യാപനം നടത്താനുമായിരുന്ന സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്.

പ്രധാനമന്ത്രി മോദിയെ കാണാന്‍ കാത്തിരിക്കുകയാണെന്ന് ഏപ്രില്‍ പത്തിനായിരുന്നു മസ്‌ക് ട്വീറ്റ് ചെയ്തത്. മസ്‌കിന്റെ വരവ് റദ്ദാക്കിയത് ഇന്ത്യന്‍ ബിസിനസ് ലോകത്തിന് നിരാശയായി മാറി. 

സ്ഥിരീകരിച്ച് മസ്‌കും

ഇന്ത്യയിലേക്ക് വരവ് മാറ്റിവച്ച വിവരം മസ്‌കും സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്‌ലയിലെ ഭാരിച്ച ഉത്തരവാദിത്വം കാരണം യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്താമെന്നാണ് കരുതുന്നതെന്ന് അദേഹം ട്വീറ്റ് ചെയ്തു.

ടെസ്‌ല അടുത്തിടെ ആഗോളതലത്തില്‍ തൊഴിലാളികളുടെ 10 ശതമാനം അതായത് ഏകദേശം 14,000 ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഏകദേശം 25,000 ഡോളറിന് കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിയും ടെസ്ല ഉപേക്ഷിക്കുകയുണ്ടായി.

ടെസ്‌ല സുപ്രധാന യോഗം 23ന്

ടെസ്‌ലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടൊരു യോഗം ഏപ്രില്‍ 23ന് യു.എസില്‍ നടക്കുന്നുണ്ട്. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാകും മസ്‌ക് ഇന്ത്യയിലേക്കുള്ള വരവ് മാറ്റിവച്ചതെന്നാണ് സംശയം. ഇന്ത്യയില്‍ 48 മണിക്കൂര്‍ തങ്ങാനായിരുന്നു നേരത്തെ മസ്‌കിന് പദ്ധതിയുണ്ടായിരുന്നത്. പ്രധാനമന്ത്രിയെ കൂടാതെ സ്‌പേസ് സ്റ്റാര്‍ട്ടപ്പ്, ബിസിനസ് പ്രമുഖര്‍ എന്നിവരുമായി ചര്‍ച്ചയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേന്ദ്ര സര്‍ക്കാരുമായി ടെസ്‌ല ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും രാജ്യത്തെ ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലം അത് നടന്നില്ല. എന്നാല്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ വൈദ്യുത വാഹന നയം കൊണ്ടുവന്നതോടെ ടെസ്‌ലയ്ക്ക് ഇന്ത്യയിലെത്താന്‍ വഴിതെളിയുകയായിരുന്നു.
കേന്ദ്രത്തിന്റെ പുതിയ വൈദ്യുത വാഹന നയ പ്രകാരം കുറഞ്ഞത് 500 മില്യണ്‍ ഡോളറെങ്കിലും രാജ്യത്ത് നിക്ഷേപിക്കുകയും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്യുകയാണെങ്കില്‍ നിശ്ചിത എണ്ണം വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി നികുതി നിരക്ക് കേന്ദ്രം കുറയ്ക്കും. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഇ.വികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായേക്കും.
Tags:    

Similar News