നേട്ടത്തോടെ വാരം അവസാനിപ്പിച്ച് വിപണി, അദാനി ഓര്‍ഡറില്‍ കത്തിക്കയറി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

സമീപകാലത്ത് അത്ര കുതിപ്പ് നടത്താതിരുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ മിന്നും പ്രകടനത്തിനാണ് 2024ലെ അവസാന വെള്ളി സാക്ഷ്യംവഹിച്ചത്

Update:2024-12-27 17:46 IST
ഈ വര്‍ഷത്തെ അവസാന വെള്ളിയാഴ്ച്ച പ്രകടനം മോശമാക്കാതെ ഇന്ത്യന്‍ ഓഹരി വിപണി. വിദേശികള്‍ വില്പന തുടരുമ്പോഴും പിടിച്ചുനില്‍ക്കാനായത് സ്വദേശി നിക്ഷേപകര്‍ക്കും ആശ്വാസമായി. ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 27,000 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് ഇന്ന് 226.59 പോയിന്റ് (0.29 ശതമാനം) ഉയര്‍ന്ന് 78,699.07ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 63.20 പോയിന്റ് ഉയര്‍ന്ന് (0.27 ശതമാനം) 23,813.40ലും വ്യാപാരം അവസാനിപ്പിച്ചു.

സൂചികകളുടെ പ്രകടനം

സൂചികകളില്‍ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചത് ഫാര്‍മ സെക്ടറാണ്. 1.30 ശതമാനം ഉയര്‍ന്നാണ് ഫാര്‍മ ഓഹരികള്‍ വാരം ക്ലോസ് ചെയ്തത്. ബാങ്ക്, ഓട്ടോ, ഹെല്‍ത്ത്‌കെയര്‍ സൂചികകളും മികച്ച നേട്ടം സ്വന്തമാക്കി. മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ക്ക് ഇന്ന് മോശം ദിനമായിരുന്നു.

കുതിച്ചുയര്‍ന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

സമീപകാലത്ത് അത്ര കുതിപ്പ് നടത്താതിരുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ മിന്നും പ്രകടനത്തിനാണ് 2024ലെ അവസാന വെള്ളി സാക്ഷ്യംവഹിച്ചത്. അദാനി പോര്‍ട്ട്‌സില്‍ നിന്നും 450 കോടി രൂപയുടെ കരാര്‍ ലഭിച്ചതാണ് കപ്പല്‍നിര്‍മാണ ശാല ഓഹരികളെ ഉയര്‍ത്തിയത്. അപ്പര്‍സര്‍ക്യൂട്ടിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

നേട്ടം കൊയ്തവരും നഷ്ടം നേരിട്ടവരും

ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറാണ് നേട്ടം കൊയ്ത മറ്റൊരു ഓഹരി. നിക്ഷേപ സ്ഥാപനങ്ങള്‍ ബൈ ഓപ്ഷന്‍ നല്‍കിയത് ജെ.എസ്.ഡബ്യു ഓഹരികളെ 4.10 ശതമാനം കയറ്റിയത്. എസ്‌കോര്‍ട്ട്‌സ്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ ഓഹരികളും ഇന്ന് നേട്ടത്തില്‍ വാരം ക്ലോസ് ചെയ്തു.
ഇന്ന് മോശം പ്രകടനം കാഴ്ചവച്ച ഓഹരികളില്‍ പ്രധാനം ബി.എസ്.ഇ.യുടേതാണ്. 3.03 ശതമാനം താഴ്ചയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ഓഹരികള്‍ 2.44 ശതമാനവും ഭാരത് ഹെവി ഇലക്ട്രോണിക്‌സ് 2.42 ശതമാനവും ഇടിഞ്ഞാണ് വാരം ക്ലോസ് ചെയ്തത്. മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും 2.41 ശതമാനം ഇടിവ് നേരിടേണ്ടി വന്നു.

കേരള ഓഹരികളുടെ പ്രകടനം

കേരളത്തില്‍ നിന്നുള്ള ബാങ്കിംഗ് ഓഹരികളെല്ലാം ഇന്ന് മോശം പ്രകടനമാണ് കാഴ്ച്ചവച്ചത്. ഫെഡറല്‍ ബാങ്ക് 0.47 ശതമാനവും സി.എസ്.ബി ബാങ്ക് 1.03 ശതമാനവും താഴ്ന്നു. ധനലക്ഷ്മി ബാങ്കിന്റെ പ്രകടനം അതിദയനീയമായി. 11.44 ശതമാനം ഇടിഞ്ഞാണ് ധനലക്ഷ്മി ഓഹരികള്‍ ക്രിസ്മസ് വാരം പിന്നിട്ടത്. അതേസമയം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ 0.74 ശതമാനം നേട്ടം കൊയ്തു.

കേരള കമ്പനികളുടെ പ്രകടനം

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ക്കും വെള്ളിയാഴ്ച സുഖകരമായില്ല. മണപ്പുറം ഫിനാന്‍സ് 0.31 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 0.31 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്. സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ് ഇന്ന് 1.52 ശതമാനം ഉയര്‍ന്നു. ഇന്നലെ ഒന്നര ശതമാനത്തോളം വീണ ഓഹരികളായിരുന്നു സ്‌കൂബീഡേയുടേത്. വണ്ടര്‍ലാ ഹോളിഡേയ്‌സിനും തുടര്‍ച്ചയായ നിരാശയുടെ ദിനങ്ങളായി വാരം മാറി.
Tags:    

Similar News