ജപ്പാനും ചൈനയ്ക്കും നേരിട്ട ദുരന്തം ഇന്ത്യയ്ക്കും സംഭവിക്കാം; 70 മണിക്കൂര്‍ തൊഴില്‍ സംസ്‌കാരത്തിന് മറുപടിയുമായി ശ്രീധര്‍ വെമ്പു

ഈ മാതൃക ആരിലും അടിച്ചേല്‍പ്പിക്കാറില്ലെന്നാണ് വെമ്പു, 4 മണിക്കൂറെങ്കിലും കുടുംബത്തിനൊപ്പം ചെലവഴിക്കണമെന്ന് അദാനി

Update:2024-12-27 15:44 IST

Image Courtesy: www.adani.com, x.com/svembu, www.infosys.com

ഇന്ത്യയില്‍ തൊഴില്‍ സമയം ആഴ്ചയില്‍ 70 മണിക്കൂറായി വര്‍ധിപ്പിക്കണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തിയുടെ അഭിപ്രായം വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. രാഷ്ട്രീയക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെ നാരായണമൂര്‍ത്തിയുടെ വാക്കുകളോട് അനുകൂലമായി പ്രതികൂലമായും പ്രതികരിച്ച് രംഗത്തെത്തി. ഈ വിഷയത്തില്‍ സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ജപ്പാനും ചൈനയും സാമ്പത്തികമായി വളര്‍ച്ച നേടിയപ്പോഴും അവര്‍ ജനസംഖ്യാപരമായി നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടിയാണ് വെമ്പു തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. ആഗോളതലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും മത്സരക്ഷമതയ്ക്കും ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി അനിവാര്യമാണെന്നായിരുന്നു നാരായണമൂര്‍ത്തിയുടെ അഭിപ്രായം. ആഴ്ചയിലെ തൊഴില്‍ ദിനങ്ങള്‍ ആറില്‍ നിന്ന് അഞ്ചാക്കി മാറ്റിയതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

വെമ്പു പറയുന്നതിങ്ങനെ

സാമ്പത്തിക വളര്‍ച്ചയ്ക്ക് 70 മണിക്കൂര്‍ പ്രതിവാര തൊഴില്‍സമയമെന്നത് അനിവാര്യമാണ്. സാമ്പത്തികപുരോഗതിയും തൊഴില്‍ സംസ്‌കാരവും തമ്മിലുള്ള ബന്ധം കിഴക്കനേഷ്യന്‍ രാജ്യങ്ങളെ താരതമ്യപ്പെടുത്തിയാണ് വെമ്പു വരച്ചുകാട്ടുന്നത്. ജപ്പാന്‍, ദക്ഷിണകൊറിയ, തായ്‌വാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതി അതികഠിന പ്രവര്‍ത്തന മികവിന്റെ ഉദാഹരണങ്ങളാണ്. എന്നാല്‍, ഇത്രയൊക്കെ വളര്‍ച്ച നേടിയ ഈ രാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.
ജനനനിരക്ക് കുറഞ്ഞതിനാല്‍ കുടുംബത്തിന്റെ വലുപ്പം കൂട്ടാന്‍ സര്‍ക്കാരുകള്‍ക്ക് ജനങ്ങളോട് അഭ്യര്‍ത്ഥിക്കേണ്ടിവരുന്നു. ഈ രാജ്യങ്ങള്‍ക്ക് പ്രായമേറുന്നു. ജോലി ചെയ്യാന്‍ സാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതിന് കാരണം ഇത്തരം തൊഴിലില്‍ അടിസ്ഥാനമാക്കിയ സംസ്‌കാരം രൂപപ്പെടുത്തിയതാണെന്നും വെമ്പു പറഞ്ഞുവയ്ക്കുന്നു.
സാമ്പത്തിക പുരോഗതിക്ക് ഇത്രയും കഠിനാധ്വാനം ആവശ്യമാണോ? ഇത്തരത്തില്‍ നേടുന്ന വികസനം വലിയൊരു ജനവിഭാഗം ഏകാന്ത വാര്‍ധക്യം ഏറ്റുവാങ്ങാന്‍ തക്കവിധം വില മതിക്കുന്നുണ്ടോ? വെമ്പു ചോദിക്കുന്നു.
ഈ ചോദ്യങ്ങള്‍ക്ക് വെമ്പു തന്റേതായ ഉത്തരവും നല്‍കുന്നു. സാമ്പത്തിക പുരോഗതിക്കായി എല്ലാ വിഭാഗം ആളുകളും കഠിനമായി അധ്വാനിക്കേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നു. ജനസംഖ്യയുടെ 2-5 ശതമാനം മാത്രം ഇത്തരത്തില്‍ കഠിനാധ്വാനം ചെയ്താല്‍ മതിയാകും. ബാക്കിയുള്ളവര്‍ക്ക് തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തി മുന്നോട്ടു പോകാം. കഠിനമായി അധ്വാനിക്കുന്ന വിഭാഗത്തില്‍ പെടുന്നയാളാണ് താന്‍. എന്നാല്‍ ഈ മാതൃക ആരിലും അടിച്ചേല്‍പ്പിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈന, ജപ്പാന്‍ മോഡല്‍ വേണ്ട

മറ്റ് കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ തൊഴില്‍ സംസ്‌കാര മാതൃക പകര്‍ത്താന്‍ ശ്രമിച്ചാല്‍ ഇന്ത്യ ജനസംഖ്യാപരമായ പ്രതിസന്ധികളെ നേരിടേണ്ടിവരുമെന്ന് സോഹോ സി.ഇ.ഒ മുന്നറിയിപ്പ് നല്‍കുന്നു. ചൈനയും ജപ്പാനുമെല്ലാം നേരിടുന്നത് ഗുരുതര പ്രതിസന്ധിയാണ്. അത്തരമൊരു അവസ്ഥയിലേക്ക് വീഴാതെ മുന്നോട്ടു പോകാന്‍ കഴിയണമെന്നും വെമ്പു കൂട്ടിച്ചേര്‍ത്തു.
നാരായണമൂര്‍ത്തിയുടെ വാക്കുകളെ ഖണ്ഡിച്ച് രംഗത്തു വന്ന കാര്‍ത്തി ചിദംബരം എംപിയുടെ വാക്കുകളും സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 'സാധാരണക്കാരുടെ ദൈനംദിന ജീവിതം ഒരു പോരാട്ടമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളോടും കാര്യക്ഷമമല്ലാത്ത സംവിധാനങ്ങളോടുമാണ് ഈ പോരാട്ടം. നല്ല സാമൂഹിക ക്രമത്തിനും ഐക്യത്തിനും തൊഴില്‍-ജീവിത സന്തുലിതാവസ്ഥ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആഴ്ചയില്‍ നാലുദിവസത്തെ തൊഴില്‍ രീതിയിലേക്ക് നമ്മള്‍ മാറേണ്ടിയിരിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 വരെ 4 ദിവസത്തെ പ്രവൃത്തി ദിവസമാണ് ആവശ്യം' കാര്‍ത്തി ചിദംബരം പറയുന്നു.

ഗൗതം അദാനിക്ക് പറയാനുള്ളത്

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. തിരക്ക് പിടിച്ച ഔദ്യോഗിക ചുമതലകളിലും കുറഞ്ഞത് നാലു മണിക്കൂറെങ്കിലും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ എല്ലാവരും തയാറാകണമെന്നാണ് അദാനി പറയുന്നത്. നിങ്ങള്‍ ചെയ്യുന്ന ജോലി നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തൊഴില്‍-ജീവിത സന്തുലിതാവസ്ഥ ഉണ്ടാകും. എന്നിരുന്നാലും ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
Tags:    

Similar News