മാറിയ ബംഗ്ലാദേശ്; പുതിയ​ വെല്ലുവിളികൾക്കു മുന്നിൽ ഇന്ത്യ

സാമ്പത്തിക മുന്നേറ്റം പൗരാവകാശത്തേക്കാൾ വലുതോ? ചോദ്യത്തിന് ഉത്തരമായി ഷേഖ് ഹസീന രാഷ്ട്രീയ വനവാസത്തിലേക്ക്

Update:2024-08-06 08:42 IST

ബംഗ്ലാദേശ് സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ ചൊവ്വാഴ്ച സര്‍ക്കാര്‍ ഡല്‍ഹിയില്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന്

ഹോളിവുഡ് ത്രില്ലർ സിനിമ സംവിധായകർ പോലും അന്തംവിട്ട് നിന്നു പോവും. അത്രക്ക് അസാധാരണമായ കാഴ്ചകളാണ് ബംഗ്ലാദേശിൽ. ജനക്കൂട്ടം വനിതാ പ്രധാനമന്ത്രിയുടെ വസതി വളയുന്നു. തള്ളിക്കയറി അക്രമം നടത്തുന്നു. സൈനിക ഹെലികോപ്ടറിൽ കയറി പ്രധാനമന്ത്രി രക്ഷപെടുന്നു. രാഷ്ട്രീയത്തിലേക്ക് ഇനിയൊരു മടക്കമില്ലാത്ത വിധം രാജ്യത്തു നിന്ന് ഒളിച്ചോടുന്നു. സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യയിൽ ഇറങ്ങുന്നു. അവിടെ നിന്ന് ലണ്ടനിലേക്ക്. ബംഗ്ലാദേശിന്റെ ഭരണം പട്ടാളം ഏറ്റെടുക്കുന്നു. പ്രധാനമന്ത്രി ഒളിച്ചോടിയതിനു പിന്നാലെ മുൻപ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ നേതാവുമായ വനിതയെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നു. അടിച്ചമർത്തലിന്റെ കർഫ്യൂ വകവെക്കാതെ തെരുവിലിറങ്ങിയ അക്രമാസക്തരായ ജനക്കൂട്ടം എല്ലാറ്റിനും മുന്നിൽ അർമാദത്തിന്റെ ആർപ്പു വിളിക്കുന്നു.
ജനരോഷത്തിനു മുമ്പിൽ എല്ലാം ഇട്ടെറിഞ്ഞ് 76-ാം വയസിൽ രാജ്യത്തു നിന്ന് പറപറക്കേണ്ടി വന്ന ഷേഖ് ഹസീന ചില്ലറക്കാരിയല്ല. അഞ്ചു തവണയായി 20 വർഷം പ്രധാനമന്ത്രി കസേരയിലിരുന്ന് ബംഗ്ലാദേശ് അടക്കിവാണ അവാമി ലീഗ് നേതാവാണ്. ബംഗ്ലാദേശിന്റെ പിറവിക്കു വേണ്ടിയുള്ള പോരാട്ടം നയിച്ച ഷേഖ് മുജീബുർ റഹ്മാന്റെ മകൾ. കഴിഞ്ഞ 15 വർഷത്തെ തുടർച്ചയായ ഭരണത്തിനിടയിൽ, ഈ മേഖലയിൽ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന ഖ്യാതിയിൽ ഇന്ത്യയെ പോലും കടത്തി വെട്ടി ബംഗ്ലാദേശ് മാറിയതിൽ നായക റോൾ ഷേഖ് ഹസീനക്കാണ്. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായിരുന്ന ബംഗ്ലാദേശിന്റെ ഒന്നര പതിറ്റാണ്ടിനിടയിലെ സാമ്പത്തിക മുന്നേറ്റങ്ങൾ ശ്രദ്ധേയം. 10 വർഷത്തിനിടയിൽ ആളോഹരി വരുമാനം മൂന്നിരട്ടിയായി. 20 വർഷത്തിനിടയിൽ രണ്ടരക്കോടി മനുഷ്യർ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് മോചിതമായെന്നാണ് ലോകബാങ്കിന്റെ കണക്ക്. വിദേശ വായ്​പയെടുത്തും മറ്റുമായി വൻതോതിൽ അടിസ്ഥാന സൗകര്യങ്ങൾ പണിതുയർത്തി. വസ്ത്ര കയറ്റുമതി, മൈക്രോ ഫിനാൻസ് മേഖലകളിലെ മുന്നേറ്റത്തിൽ ലോകത്തിനു തന്നെ മാതൃകയാണ് ബംഗ്ലാദേശ്. പ്രതിവർഷം 4,000 കോടി ഡോളറിന്റേതാണ് തുണിത്തര കയറ്റുമതി.
വികസനം ഒരു വഴി; പൗരാവകാശം പെരുവഴി
വികസനത്തിന്റെ പേരു പറഞ്ഞതു കൊണ്ടു ​മാത്രം ഒരു ഭരണാധികാരിക്ക് എന്തും കാട്ടി ഏറെക്കാലം പിടിച്ചു നിൽക്കാനാവുമോ? പറ്റില്ലെന്ന പാഠമാണ് ഷേഖ് ഹസീന ഇപ്പോൾ ലോകത്തിനു നൽകുന്നത്. സാമ്പത്തിക രംഗത്തെ നേട്ടങ്ങൾ സമ്പാദിച്ചതിനിടയിൽ ജനാധിപത്യം ചവിട്ടി മെതിക്കപ്പെട്ടു. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും അവാമി ലീഗ് അധികാരം പിടിച്ചതിൽ പല ക്രമക്കേടുകളും നടന്നു. അക്രമവും കുറഞ്ഞ വോട്ടു ശതമാനവും മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന സ്ഥിതി വരെ ഉണ്ടായി. സാമ്പത്തിക മുന്നേറ്റത്തിന്റെ പേരിൽ പൗരാവകാശങ്ങളും സ്വാതന്ത്ര്യവും അടിച്ചമർത്തുന്നതായിരുന്നു ഷേഖ് ഹസീനയുടെ രീതി. വിമർശകരെ നിശബ്ദരാക്കാൻ 2018ൽ നടപ്പാക്കിയ ഡിജിറ്റൽ സുരക്ഷാ നിയമം ആയുധമായി. മാധ്യമ സ്വാതന്ത്ര്യം അപകടത്തിലായി. അധികാരം ഹസീനയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. സാമ്പത്തിക പുരോഗതിയുടെ പേരിൽ ജനാധിപത്യത്തെയും പൗരാവകാശത്തെയും അടിച്ചൊതുക്കിയായാൽ ഏറെക്കാലം പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് ലോകത്തെ ഏതു ഭരണാധികാരിക്കും നൽകുകയാണ് ഇന്ന് ബംഗ്ലാദേശ്.
പെരുകുന്ന തൊഴിലില്ലായ്മയോടുള്ള വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ രോഷത്തിന് ഏതു സർക്കാറിനെയും അട്ടിമറിക്കാൻ ശേഷിയുണ്ടെന്നു കൂടി കാണിച്ചു തരുകയാണ് ഇന്ത്യയുടെ അയൽപക്ക രാജ്യം. സ്വന്തം കുടുംബാംഗങ്ങൾക്കും പാർട്ടിക്കാർക്കും കൂടുതൽ പ്രയോജനപ്പെടുന്ന വിധം നടപ്പാക്കിയ ജോലി സംവരണമാണ് ബംഗ്ലാദേശിൽ യുവാക്കളുടെ പ്രക്ഷോഭത്തിന് പ്രധാന കാരണമായത്. സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്തവരുടെ ബന്ധുക്കൾക്ക് എന്ന പേരിൽ പകുതിയോളം സർക്കാർ​ ജോലിയാണ് വേണ്ടപ്പെട്ടവർക്കായി സംവരണം ചെയ്തത്. അതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ പാക്കിസ്ഥാൻ പക്ഷപാതികളായി ​പ്രധാനമന്ത്രി വിശേഷിപ്പിച്ചത് ജനസഹസ്രങ്ങളുടെ മനസിൽ കൊണ്ടു. അതോടെയാണ് സമരം അക്രമാസക്തമായത്. 100ഓളം പേരാണ് ഞായറാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അതോടെ ഹസീനയുടെ കസേര തെറിപ്പിച്ച് ജനരോഷം ആളിക്കത്തി.
ഇന്ത്യയെ എങ്ങനെയൊക്കെ ബാധിക്കും?
ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഇന്ത്യയെ സാരമായി ബാധിക്കാൻ പര്യാപ്തമാണ്. ഇന്ത്യയുമായി ഉറ്റ ബന്ധം പുലർത്തിയ നേതാവാണ് പുറത്തായത്. ഷേഖ് ഹസീന സൈനിക വിമാനത്തിൽ ബംഗ്ലാദേശിന് പുറത്തുകടന്ന് ആദ്യം ഇറങ്ങിയത് ഡൽഹിക്കടുത്ത ഹിൻഡൻ ​വ്യോമസേനാ വിമാനത്താവളത്തിലാണ്. ബംഗ്ലാദേശ് വിട്ട് ഓടേണ്ടി വന്ന സാഹചര്യം ആദ്യത്തെ അഭയ കേന്ദ്രത്തെ മുൻകൂട്ടി അറിയിച്ചതു കൊണ്ടാണ് അതിനു സാധിച്ചത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഹസീനയെ ചെന്നു കാണുകയുമുണ്ടായി. അത്തരത്തിലൊരു ബന്ധം വളർത്തിയെടുക്കുന്നതിന് നരേന്ദ്രമോദി, ഷേഖ് ഹസീന ഭരണകൂടങ്ങൾ പ്രത്യേക താൽപര്യം എടുത്തിരുന്നു. ആഭ്യന്തര സാഹചര്യങ്ങളായിരുന്നു ഹസീനക്ക് അക്കാര്യത്തിൽ പ്രധാനം. മോദിസർക്കാറാകട്ടെ, മേഖലാ താൽപര്യങ്ങൾ മുൻനിർത്തി ഹസീന ഭരണകൂടവുമായി അടുത്ത ബന്ധത്തിനു താൽപര്യപ്പെട്ടു.
ഒന്നാലോചിച്ചാൽ, അയൽപക്കത്തെ ചൈനയും പാക്കിസ്ഥാനും ഇന്ത്യയുടെ ശത്രു പക്ഷത്താണ്. ചൈനയുമായി ബംഗ്ലാദേശ് കൂടുതൽ അടുക്കുന്നതും ബംഗ്ലാദേശിലെ മതമൗലിക വാദികൾക്ക് പാക്കിസ്ഥാന്റെ ഒത്താശ കിട്ടുന്നതും ഇന്ത്യയുടെ താൽപര്യങ്ങൾക്ക് എതിരാണ്. ഷേഖ് ഹസീനയോടുള്ള മോദിസർക്കാറിന്റെ അടുപ്പത്തിന് നയതന്ത്രപരമായ ഈ കാരണങ്ങൾ പ്രധാനമാണ്. ചൈനയോട് ശീതസമരം നടത്തുന്ന അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികൾക്ക് ബംഗ്ലാദേശിനോട് പ്രത്യേക താൽപര്യം രൂപപ്പെട്ടത് ഇന്ത്യ വഴിയാണ്. ഇന്നിപ്പോൾ ഷേഖ് ഹസീന മാറി ബീഗം ഖാലിദ സിയ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) പിന്തുണയുള്ള പട്ടാള ഭരണത്തിലേക്ക് ബംഗ്ലാദേശ് മാറുമ്പോൾ, ഇന്ത്യയുടെ അയൽപക്ക നയതന്ത്രത്തിൽ അപ്രതീക്ഷിതമായി മറ്റൊരു ആശങ്ക കൂടി ഉടലെടുക്കുകയാണ്. 
ചൈനയും ഐ.എസ്.ഐയും ബംഗ്ലാദേശിലെ തീവ്രപക്ഷത്തെ അട്ടിമറിയിൽ ഉപയോഗപ്പെടുത്തിയെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു. 
​ഉറച്ചതെന്നു കരുതിയ ഷേഖ് ഹസീന ഭരണമാണ് തകിടം മറിഞ്ഞത്. പാക്കിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നിങ്ങനെ അയൽപക്കത്തെ ഭരണകൂടങ്ങളുമായി നല്ല ബന്ധത്തിൽ പോകാൻ കഴിയാത്തതാണ് ചുറ്റുപാടുകളെന്ന് കൂട്ടിച്ചേർക്കാം.
സുരക്ഷാകാര്യ മന്ത്രിസഭാ സമിതി കൂടേണ്ടി വന്ന സാഹചര്യം
ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി (4,096 കിലോമീറ്റർ) പങ്കിടുന്ന രാജ്യമാണ് ബംഗ്ലാദേശ്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെ തന്നെയും ഏറ്റവും വലിയ ലാൻഡ് പോർട്ട് എന്നറിയപ്പെടുന്ന പെട്രാപോളിലെ വ്യാപാര പ്രവർത്തനങ്ങൾ സ്തംഭിച്ചു നിൽക്കുന്നതടക്കം വാണിജ്യ മേഖലയിലെ പ്രശ്നങ്ങൾ പുറമെ. ധാക്കയിലേക്കുള്ള വിമാന സർവീസുകളും ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ ഗതാഗതവും നിർത്തിവെച്ചു. അതിർത്തി കാവൽ കൂടുതൽ ജാഗരൂകമാക്കിയിരിക്കുന്നു. അഭയാർഥികളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ ​മേഘാലയത്തിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഷേഖ് ഹസീന പലായനം ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി​യുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിസഭ യോഗം വിളിച്ചത് ഇത്തരം പശ്ചാത്തലത്തിലാണ്. ഹസീനയെ ഉറ്റ ചങ്ങാതിയായി കണ്ട മോദിസർക്കാറിനോടുള്ള നീരസവും ബംഗ്ലാദേശിൽ നുരയുന്നുണ്ട്. ഇതിനെല്ലാമിടയിൽ ജനറൽ വാഖിറുസ്സമാന്റെ നേതൃത്വത്തിലുള്ള പട്ടാളത്തിന്റെ നിയന്ത്രണത്തിലായ ബംഗ്ലാദേശുമായി നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുക, ഇന്ത്യയുടെ താൽപര്യങ്ങൾക്ക് നിരക്കാത്ത വിധം അവിടത്തെ സാഹചര്യങ്ങൾ മുതലെടുക്കാൻ​ ശ്രമിക്കുന്ന ശക്തികളെ കരുതലോടെ കാണുക എന്നീ ദ്വിമുഖ വെല്ലുവിളികൾക്കു മുന്നിലാണ് മോദിസർക്കാർ.
Tags:    

Similar News