വെട്ടിയും തിരുത്തിയും സി.പി.എം മുന്നോട്ട്; സര്‍ക്കാറും

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാന്‍ തീവ്രശ്രമം

Update:2024-07-11 14:56 IST

ക്രെഡിറ്റ്: facebook.com/PinarayiVijayan

ഇടതുപക്ഷത്തിന്റെ തനതു ബുദ്ധിയെ ഇടതു ചിന്താധാര എന്നാണ് പൊതുവെ പറയാറ്. പരമ്പരാഗതമായ ഇടതു ചിന്താഗതിക്ക് നിരന്തരം മൂല്യച്ചോര്‍ച്ച സംഭവിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ സംഭവിക്കുന്നതിനെ ഇടത് ആശയങ്ങളുടെ വക്രീകരണം എന്ന് താത്വികമായി പറയും. കമ്പ്യൂട്ടറുകള്‍ ആപത്താണ് എന്നത് ഒരു കാലത്ത് ഇടതിനെ നയിക്കുന്ന സി.പി.എമ്മിന്റെ ആശയമായിരുന്നു. ആശയം പക്ഷേ, ജനം ഏറ്റെടുത്തില്ല. കമ്പ്യൂട്ടറുകള്‍ സാര്‍വത്രികമായപ്പോള്‍ സി.പി.എം ആശയ വക്രീകരണം തിരുത്തി. അതിനു മുമ്പ് ട്രാക്ടറുകളുടെ കാലത്തും വക്രീകരണം നടക്കുകയും, അത് തിരുത്തുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ അങ്ങനെയല്ല. പുതിയ ടെക്‌നോളജിയില്‍ പാര്‍ട്ടി പിന്നോക്കം പോകാന്‍ പാടില്ലെന്നാണ് നയം. അത് കാലഘട്ടത്തിന്റെ ആവശ്യം. സ്വന്തം ഇന്റലിജന്‍സിന്റെ കാര്യത്തില്‍ പക്ഷേ, സി.പി.എം ആര്‍ട്ടിഫിഷ്യല്‍ ആയി മാറിയോ?

തനതു ബുദ്ധിയല്ല, നിര്‍മിത ബുദ്ധി

ആശയങ്ങളില്‍ അടിയുറച്ചതാണ് പാര്‍ട്ടിയുടെ തനതു ബുദ്ധി. പാര്‍ട്ടി കയ്യടക്കിയ നിര്‍മിത ബുദ്ധിക്കാര്‍ മുന്നോട്ടു വെക്കുന്ന ബുദ്ധി മറ്റൊന്നാണ്. ആശയത്തേക്കാള്‍ കീശക്കാണ് സ്ഥാനം. ഇത്തരത്തില്‍ ഇടതു ചിന്താഗതികള്‍ക്ക് കടുത്ത മൂല്യശോഷണം സംഭവിക്കുന്നുവെന്ന് പറയുന്നവരുടെ മുമ്പില്‍ ഇന്ന് സി.പി.ഐയുമുണ്ട്. സി.പി.എമ്മിനെ നയിക്കുന്നവര്‍ നിരന്തരം നയവ്യതിയാനത്തിലേക്ക് തെന്നി വീഴുന്നു. ജനത്തിന് അത് പിടിക്കാതെ പോകുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിയുടെ കാരണവും അതാണെന്ന് സി.പി.ഐ പറയും. അങ്ങനെ പറയുന്നവരുടെ എണ്ണം സി.പി.എമ്മിലും പൊതുജനത്തിനിടയിലും കൂടി വരുന്നു.

തെരഞ്ഞെടുപ്പു തോല്‍വിയുടെ പേരില്‍ വലിയ തിരുത്തലിനൊന്നും തയാറല്ല എന്നാണ് സര്‍ക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കാഴ്ചപ്പാട്. എങ്കിലും ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു നില്‍ക്കുന്ന ഭരണവിരുദ്ധ വികാരം ശമിപ്പിക്കേണ്ടത്‌ പ്രധാനമാണ്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വരാന്‍ പോകുകയാണ്. സാക്ഷാല്‍ നരേന്ദ്രമോദിക്കു പോലും മൂന്നാമൂഴം കഷ്ടിച്ചാണ് കിട്ടിയത്. അതുകൊണ്ടു കൂടിയാണ് തിരുത്തലും വീണ്ടുവിചാരവും ശക്തിപ്പെട്ടത്.

കുടിശിക നിവാരണം, പിഴപ്പലിശ ചേര്‍ത്ത്

നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് കൊടുത്തതും പിന്നെ മുടങ്ങിയതുമായ പല ആനുകൂല്യങ്ങളും കൂടുതല്‍ വൈകാതെ ഗുണഭോക്താക്കള്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള കുടിശിക നിവാരണ പദ്ധതി നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ക്ഷേമ പെന്‍ഷന്‍ കുടിശിക രണ്ടു വര്‍ഷം കൊണ്ടു നല്‍കും. ഈ വര്‍ഷം മരുന്നു വിതരണത്തിലെ കുടിശിക തീര്‍ക്കും. ദേശീയ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം വഹിക്കേണ്ട ചെലവുകളിലെ കുടിശികയും ഈ വര്‍ഷം തീര്‍ക്കും. കര്‍ഷകരെ സഹായിക്കുക, ഗ്രാമീണ റോഡ് പുനര്‍നിര്‍മിക്കുക തുടങ്ങി മുടങ്ങി നില്‍ക്കുന്ന പദ്ധതികളിലേക്ക് കൂടുതല്‍ തുക നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിട്ടുണ്ട്. കടക്കെണിയും സാമ്പത്തിക ഞെരുക്കവും അലട്ടുന്നതു ചൂണ്ടിക്കാട്ടി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കേ തന്നെയാണിത്.

വ്യതിയാനം തിരുത്തുന്ന വിധം...

ക്ഷേമപദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ യഥാസമയം കിട്ടാത്തതിന്റെ രോഷം മാത്രമല്ല ജനങ്ങളെ ഭരിക്കുന്നതെന്നും സി.പി.എം തിരിച്ചറിയുന്നുണ്ടാകണം. പാര്‍ട്ടിക്കാരുടെ 'വ്യതിയാന'ങ്ങള്‍ സംസ്ഥാനത്തു മാത്രമല്ല ദേശീയ തലത്തിലും ചര്‍ച്ചയാണ്. ഇതു സൃഷ്ടിക്കുന്ന പ്രതിഛായ നഷ്ടം മാറ്റിയെടുക്കാന്‍ തിരുത്തല്‍ വേറൊരു വഴിക്ക് നടക്കുന്നു. പബ്ലിക് സര്‍വീസ് കമീഷന്‍ അംഗത്വ നിയമനത്തിനു പണം വാങ്ങിയെന്ന ആരോപണത്തിന്റെ മുള്‍മുനയേറ്റ് ചോരയൊലിച്ചു നില്‍ക്കുകയാണ് കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റിയംഗം. ജില്ലാ സെക്രട്ടറിയേറ്റ് ആരോപണ വിധേയനോട് വിശദീകരണം തേടിയിരിക്കുന്നു. അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടി തലത്തില്‍ അന്വേഷിച്ചു തിരുത്തിയാല്‍ മാത്രം മതിയോ, നാട്ടില്‍ നിയമസംവിധാനങ്ങളില്ലേ എന്ന ചോദ്യം ബാക്കി.

മൂന്നാര്‍ ഏരിയ സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ സഹകരണ ബാങ്കില്‍ ഒരു കോടിയോളം രൂപയുടെ വായ്പ കുടിശികയുണ്ട്. അത് എങ്ങനെ വന്നുവെന്ന സംശയവുമായി നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെച്ചു നില്‍ക്കുമ്പോള്‍, 25നു മുമ്പ് തുക അടച്ചു തീര്‍ത്ത് പ്രശ്‌നം അവസാനിപ്പിക്കണമെന്നാണ് പാര്‍ട്ടി കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വേറെയും പാര്‍ട്ടി അംഗങ്ങള്‍ കുടിശിക വരുത്തിയിട്ടുണ്ട്. അവരും ഇതുതന്നെ ചെയ്യേണ്ടി വരും. അതല്ലാതെ, ഇത്രയും വായ്പ അവിഹിതമായി നേടിയെടുത്ത സാഹചര്യങ്ങള്‍ തിരുത്തലിന് വിധേയമാകുന്നുണ്ടോ?
യഥാര്‍ഥത്തില്‍ ചോദ്യം അതാണ്: കണ്ടുപിടിക്കപ്പെടുന്ന തെറ്റു തിരുത്തുകയല്ലാതെ, തെറ്റ് സംഭവിക്കാതിരിക്കാന്‍ പാര്‍ട്ടിയില്‍ എന്തുണ്ട് സംവിധാനം?
Tags:    

Similar News