പ്രളയത്തില്‍ കൈത്താങ്ങായി തടവുകാരും; കാക്കനാട് ജയിലില്‍ ദിവസം ഉണ്ടാക്കുന്നത് 30,000 ചപ്പാത്തികള്‍
നാട് പ്രളയക്കെടുതിയില്‍ മുങ്ങുമ്പോള്‍ തങ്ങളേക്കൊണ്ട് ആകുന്നവിധം സഹായിക്കാന്‍ തയാറായി കേരളത്തിലെ ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും. 24 മണിക്കൂറും ഭക്ഷണം തയാറാക്കിയും ഇതിലൊരു പങ്ക് സൗജന്യമായി വിതരണം ചെയ്തും തടവുകാരുടെ ദിവസക്കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തയ്യാറായുമാണ് ഇവര്‍ നിശബ്ദമായ സേവനം കാഴ്ചവെക്കുന്നത്.
കാക്കനാട് സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലാ ജയിലില്‍ നിന്ന് ദിവസം 30,000 ചപ്പാത്തികളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്നത്. സാധാരണഗതിയില്‍ ഇവിടെ ദിവസം 15,000 ചപ്പാത്തികളാണ് ഉണ്ടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് 24 മണിക്കൂറും ജോലി ചെയ്ത് ദിവസം 30,000 ചപ്പാത്തികളുണ്ടാക്കി വിതരണം ചെയ്യാനായി. ഇതിനൊപ്പം അത്രയും പേര്‍ക്കുള്ള മുട്ടക്കറിയും വെജിറ്റബിള്‍ കറിയും തയാറാക്കി. 16ാം തീയതി മുതല്‍ തുടങ്ങിയ ദൗത്യം ഇപ്പോഴും തുടരുകയാണെന്ന് എറണാകുളം ജില്ലാ ജയില്‍ ജയില്‍ സൂപ്രണ്ട് ആര്‍.സാജന്‍ പറയുന്നു.
പ്രളയബാധിതര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കി ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആവേശഭരിതരാണ് ഇവിടത്തെ തടവുകാര്‍. 6,000ത്തോളം ചപ്പാത്തികളും 5000 ലിറ്റർ കുടിവെള്ളവും കാക്കനാട് ജില്ലാ ജയില്‍ സൗജന്യമായും വിതരണം ചെയ്തു. തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ തയാറായി മുന്നോട്ടു വന്നിരിക്കുകയാണ് കേരളത്തിലെ വിവിധ ജയിലുകളിലെ തടവുകാര്‍.