വായ്പ അത്താണിയായി, യൂനുസ് ജനകീയനായി; ഇനി ബംഗ്ലാദേശിന്റെ സാരഥി

മൈക്രോഫിനാൻസിലൂടെ യൂനുസ് കെട്ടിപ്പടുത്തത് ജനകീയ സാമ്രാജ്യം

Update:2024-08-07 07:00 IST
ഷേഖ് ഹസീനയെ രാജ്യത്തു നിന്നു തന്നെ പറപ്പിച്ച ബംഗ്ലാദേശ് ജനത ഇടക്കാല പ്രധാനമന്ത്രിയായി നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ തെരഞ്ഞെടുത്തത് പൊതുവെ എവിടെയും കാണാത്ത രാഷ്ട്രീയ കാഴ്ചയാണ്. വെട്ടിപ്പിടിക്കുന്നതാണ് അധികാരമെന്ന കാഴ്ചപ്പാടിന് തിരുത്ത്. അത്രമേൽ ആരാധിക്കപ്പെടാൻ, ആരാണ് മുഹമ്മദ് യൂനുസ്?
പാവങ്ങളുടെ ബാങ്കർ എന്ന് അറിയപ്പെടുന്ന പ്രഫസർ മുഹമ്മദ് യൂനുസാണ് 1983ൽ ബംഗ്ലാദേശിൽ ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചത്. അടിസ്ഥാന മനുഷ്യാവകാശമാണ് വായ്പ എന്ന വിശ്വാസ പ്രമാണം മുൻനിർത്തിയാണ് അത് സ്ഥാപിക്കപ്പെട്ടത്. ദരിദ്ര ജനം കൂടുതലുള്ള നാടാണ് ബംഗ്ലാദേശ്. അത്തരക്കാർക്ക് ജീവനോപാധി ഒരുക്കാൻ, അവർക്ക് താങ്ങാവുന്ന വ്യവസ്ഥകളോടെ വായ്പ നൽകണമെന്നും അവരെ നിത്യജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് കരകയറാൻ അത്തരത്തിൽ കൈത്താങ്ങ് നൽകണമെന്നും മുഹമ്മദ് യൂനുസ് വിശ്വസിച്ചു. അതിനൊപ്പം അടിയുറപ്പുള്ള ധനകാര്യ തത്വങ്ങൾ പറഞ്ഞു കൊടുത്ത് പരസ്പരം സഹായിക്കാൻ അവരെ പഠിപ്പിക്കണം.
നെയ്ത്തുകാരെ സഹായിച്ച് തുടക്കം
ബംഗ്ലാദേശിലെ നിരാലംബരായ നെയ്ത്തുകാർക്ക് ചെറിയ തുകയുടെ വ്യക്തിഗത വായ്പകൾ നൽകുന്ന വിധം എഴുപതുകളിൽ തുടക്കമിട്ട പദ്ധതിയിലൂടെ ഡോ. യൂനുസ് ഗ്രാമീൺ ബാങ്കിനെയും ദുർബല സംരംഭകരെയും തൊഴിലാളികളെയും ഒരുപോലെ മുന്നോട്ടു നയിച്ചു. സൂക്ഷ്മ വായ്പാ പദ്ധതിയിലൂടെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള പദ്ധതി ​ആഗോള തലത്തിൽ ഒരു പുതിയ മുന്നേറ്റമായി സ്വീകരിക്കപ്പെട്ടു. നൂറിലേറെ രാജ്യങ്ങളിൽ ഗ്രാമീൺ ബാങ്ക് മാതൃകയിൽ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടു.
തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ 1940ൽ ജനിച്ച മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. വാന്റർബിൽറ്റ് യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ് പഠിക്കാൻ ഫുൾബ്രൈറ്റ് ​സ്കോളർഷിപ് ലഭിച്ചു. 1969ൽ ഈ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. തൊട്ടടുത്ത വർഷം മിഡിൽ ടെന്നിസെ യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ് അസിസ്റ്റന്റ് പ്രഫസർ. പിന്നീട് ബംഗ്ലാദേശിൽ തിരിച്ചെത്തി ചിറ്റഗോങ് യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് തലവനായി. തുടർന്നിങ്ങോട്ട് അന്താരാഷ്ട്ര തലത്തിൽ വഹിച്ച പദവികൾ നിരവധി. ഇതിനകം നേടിയത് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ അടക്കം ഒട്ടേറെ അന്താരാഷ്ട്ര ബഹുമതികൾ.
യൂനുസ് നയിക്കണമെന്ന് ആവശ്യപ്പെട്ടത് വിദ്യാർഥികൾ
84കാരനായ മുഹമ്മദ് യൂനുസ് ഇനി ബംഗ്ലാദേശ് നയിക്കണമെന്ന് പ്രക്ഷോഭത്തിലുള്ള വിദ്യാർഥികളാണ് ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ വളർച്ചാ വേഗത പിന്നോട്ടടിക്കാതെ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പൗരാവകാശ സംരക്ഷണം സാധ്യമാക്കി രാജ്യത്തെ നയിക്കാൻ യൂനുസിന് കഴിയുമെന്ന് അവരും, പിന്തുണക്കുന്നവരും കരുതുന്നുണ്ടാകണം. രാഷ്ട്രീയ മത്സര കടിപിടികളോടെ, കൃത്രിമം നടത്തിയും അധികാരം വെട്ടിപ്പിടിക്കുന്ന പതിവ് കാഴ്ചകൾക്കിടയിലാണ് ബംഗ്ലാദേശിന്റെ ഇടക്കാല പ്രധാനമന്ത്രിയായി യൂനുസിനെ തെരഞ്ഞെടുത്ത പുതുമ.
​ഷേഖ് ഹസീനയുടെ വിമർശകനായിരുന്നു മുഹമ്മദ് യൂനുസ്. തുടർച്ചയായ വേട്ടയാടൽ നേരിടേണ്ടി വന്നു. രാഷ്ട്രീയ പാർട്ടി രൂപവൽക്കരിച്ച് തനിക്കൊരു ഭീഷണിയായി യൂനുസ് രാഷ്ട്രീയത്തിൽ വരുമെന്നായിരുന്നു ഹസീനയുടെ ഉൾഭയം. ഗ്രാമീൺ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് 13 വർഷം മുമ്പ് പുറത്താക്കപ്പെട്ടതിനു പുറമെ, നിരവധി കേസുകളിൽ കുരുക്കി. കേസുകൾ നിയമപരമായി നേരിട്ട് ജാമ്യത്തിലാണ് യൂനുസ്. ഇടക്കാല പ്രധാനമന്ത്രിയാകാൻ വരുന്നതാകട്ടെ, ഒളിമ്പിക്സ് ഗാലറിയിൽ നിന്ന്.
Tags:    

Similar News