ലാഭം കുറഞ്ഞിട്ടും ലാഭവിഹിതം കുറയ്ക്കാതെ സൗദി ആരാംകോ

സൗദി ആരാംകോയുടെ ലാഭം പകുതിയോളം കുറഞ്ഞു

Update:2021-03-22 14:49 IST

ലോകത്തിലെ ഏറ്റവും വലിയ എണ്ണയുല്‍പ്പാദക കമ്പനികളിലൊന്നായ സൗദി അറേബ്യയിലെ അരാംകോയുടെ ലാഭം 2020-ല്‍ പോയ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം പകുതിയോളം കുറഞ്ഞ് 490 കോടി ഡോളറായി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എണ്ണവില 2020-ല്‍ കൂപ്പു കുത്തിയതാണ് ലാഭം ഇടിയാനുള്ള പ്രധാന കാരണം. ലാഭം താഴോട്ടു പോയെങ്കിലും ലാഭവിഹിതം നല്‍കുന്ന കാര്യത്തില്‍ കുറവ് വരുത്തുകയില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ലാഭവിഹിതമായി ഒരോ മൂന്നു മാസത്തിലും ശരാശരി 18.75 ബില്യണ്‍ ഡോളര്‍ ഓഹരി ഉടമകള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റും. സൗദി രാജകുടുംബം ആയിരിക്കും അതിന്റെ പ്രധാന ഗുണഭോക്താക്കള്‍. 2019-ല്‍ സൗദിയിലെ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തുവെങ്കിലും അരാംകോയുടെ 98 ശതമാനം ഓഹരികളും ഇപ്പോഴും രാജകുടുംബത്തിന്റെ സ്വന്തമാണ്.
അരാംകോയുടെ വരുമാനത്തിലും, ലാഭത്തിലും സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹം വളരെ താല്‍പര്യപൂര്‍വ്വം വീക്ഷിക്കുന്ന വിഷയമാണ്. എണ്ണയുല്‍പ്പാദനത്തിലും, കയറ്റുമതിയിലും നിന്നുമുള്ള വരുമാനമാണ് രാജ്യത്തിന്റെ പ്രധാന വിഭവ ശ്രോതസ്സ്. അതില്‍ വരുന്ന ഇടിവ് മൊത്തം സാമ്പത്തിക മേഖലയെ ബാധിക്കുന്നതാണ് മലയാളികളുടെ ഉത്ക്കണ്ഠയുടെ കാരണം. കേരളത്തില്‍ നിന്നുള്ള ഏറ്റവുമധികം പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. കോവിഡിനെ തുടര്‍ന്നുള്ള അടച്ചു പൂട്ടലില്‍ ആയിരക്കണക്കിന് മലയാളികള്‍ തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി വരാന്‍ നിര്‍ബന്ധിതരായി. അതില്‍ പകുതിയോളം പേര്‍ക്ക് തൊഴില്‍ തിരിച്ചു ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
2019-ല്‍ അരാംകോയുടെ ലാഭം 880.20 കോടി ഡോളറും, 2018-ല്‍ 1111.10 കോടി ഡോളറുമായിരുന്നു. കോവിഡിനെ തുടര്‍ന്ന് എണ്ണ വില കൂപ്പു കുത്തിയതോടെ സൗദി അറേബ്യയുടെ സാമ്പത്തിക മേഖല 2020-ല്‍ നാലു ശതമാനത്തോളം ഇടഞ്ഞതായി വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സ് ഒരു റിപോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ചെലവു ചുരുക്കലും മൂല്യവര്‍ദ്ധിത നികുതി മൂന്നിരട്ടി വര്‍ദ്ധിപ്പിച്ച് 15 ശതമാനം ആക്കിയെങ്കിലും സര്‍ക്കാരിന്റെ ബഡ്ജറ്റ് കമ്മി ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. അരാംകോയുടെ ലാഭം ഏകദേശം പകുതിയായി കുറഞ്ഞ സാഹചര്യത്തില്‍ ചെലവ് ചുരുക്കലിന്റെ നയം ഇക്കൊല്ലവും തുടരാന്‍ സാധ്യതയുണ്ടെന്നു കണക്കാക്കുന്നു. അരാംകോയുടെ തന്നെ മൂലധന ചെലവ് ഇക്കൊല്ലം കണക്കായിട്ടുള്ളത് 350 കോടി ഡോളറാണ്. നേരത്തെ പ്രതീക്ഷച്ചതില്‍ നിന്നും 50-100 കോടി ഡോളര്‍ കുറവാണ്. അസംസ്‌കൃത എണ്ണയുടെ വില അന്താരഷ്ട്ര വിപണയില്‍ ഉയരുന്നതാണ് ഏക ആശ്വാസം. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് എണ്ണ വില ബാരലിന് 60 ഡോളര്‍ കടന്നത് അരാംകോ പോലുള്ള കമ്പനികളെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. എണ്ണവില ഇപ്പോഴത്തെ നിലയില്‍ ഉയര്‍ന്ന നിരക്കില്‍ തുടരുന്ന പക്ഷം സൗദി അറേബ്യ പോലുളള രാജ്യങ്ങളിലെ സാമ്പത്തിക മേഖല വളര്‍ച്ചയുടെ പാതയില്‍ എത്തുമെന്നും അത് തൊഴില്‍ വിപണിയുടെ ഉത്തേജനത്തിന് ഇടയാക്കുമെന്നും കരുതപ്പെടുന്നു. തൊഴില്‍ വിപണിയുടെ ഉത്തേജനം കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പ്രയോജനകരമായിരിക്കും.
.


Tags: