ലക്ഷ്യമിട്ടത് 4524 കോടിയുടെ വരുമാനം, രജിസ്ട്രേഷന്‍ വകുപ്പ് നേടിയത് 5662 കോടി
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആധാരങ്ങളുടെ എണ്ണം 10 ലക്ഷം കടന്നു;
ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടി രജിസ്ട്രേഷന്‍ വകുപ്പ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5662.12 കോടി രൂപയാണ് വരുമാനം. ബജറ്റ് ലക്ഷ്യം വച്ചതാകട്ടെ 4524.25 കോടി രൂപയായിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 4138.57 കോടി രൂപയും രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 1523.54 കോടി രൂപയുമാണ് നേടിയതെന്ന് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.
വരുമാനത്തില്‍ മുന്നില്‍ എറണാകുളം
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആധാരങ്ങളുടെ എണ്ണം 10 ലക്ഷം കടന്നു. ഇതിനു മുമ്പ് 2014 15ല്‍ 10,53,918 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തവണ 10,36,863 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2021-22 സാമ്പത്തിക വര്‍ഷം 9,26,487 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും 4431.89 കോടി വരുമാനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. വരുമാനത്തില്‍ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ വരുമാനം നേടിയത് വയനാട് ജില്ലയാണെങ്കിലും ബജറ്റ് ലക്ഷ്യം പൂര്‍ണമായും കൈവരിക്കാന്‍ കഴിഞ്ഞു.
മാര്‍ച്ചിലും രജിസ്ട്രേഷനുകളുടെ എണ്ണം കൂടി
ന്യായവില വര്‍ധന മുന്നില്‍ കണ്ട് മാര്‍ച്ച് മാസം രജിസ്ട്രേഷനുകളുടെ എണ്ണം കൂടിയിരുന്നു. 1,37,906 ആധാരങ്ങളാണ് മാര്‍ച്ചില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. 950.37 കോടി രൂപയുടെ വരുമാനവും നേടി. 2022 മാര്‍ച്ചില്‍ 1,16,587 ആധാരങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. 627.97 കോടി രൂപ മാത്രമായിരുന്നു വരുമാനം.