ഒരു ഓഹരിക്ക് പുതിയ 10 ഓഹരികൾ; അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി വി.എസ്.ടി

ബോണസ് പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിലയിൽ 7.41 ശതമാനത്തിന്റെ കുതിച്ചു കയറ്റം

Update:2024-07-26 14:50 IST

Image : Canva

ഒരു ഓഹരി കൈവശം വെച്ചിരിക്കുന്നവർക്ക് 10 പുതിയ ഓഹരികൾ! സ്മോൾ കാപ് കമ്പനിയായ വി.എസ്.ടി ഇൻഡസ്ട്രീസാണ് 10:1 എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ഓഹരി വിലയിൽ 7.41 ശതമാനത്തിന്റെ കുതിച്ചു കയറ്റം. ഇതാദ്യമായാണ് കമ്പനി ബോണസ് ഇഷ്യൂ പ്രഖ്യാപിക്കുന്നത്. ഇന്ന് ഒരു ഘട്ടത്തിൽ ഓഹരി വില 4,290 രൂപയിലെത്തി. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിയുടെ ഇന്നത്തെ വിലയാണിത്.
ഓരോ ഓഹരിക്കും 10 പുതിയ ഓഹരി നൽകാനുള്ള തീരുമാനം കമ്പനിയുടെ വാർഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിനു വിധേയമായി നടപ്പാക്കും. ലാഭവിഹിതം നൽകുന്നതിനു പകരമാണ് ബോണസ് ഓഹരികൾ. ബോണസ് ഓഹരി കിട്ടാനുള്ള റെക്കോർഡ് തീയതി ആഗസ്റ്റ് 30 ആണ്. വി.എസ്.ടി ഇൻഡസ്ട്രീസിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 36 ശതമാനം ഇടിഞ്ഞ് 53.6 കോടി രൂപയായി. വരുമാനത്തിലെ ഇടിവ് മൂന്നര ശതമാനമാണ് -വാർഷിക വരുമാനം 321.3 കോടി.
ചാർമിനാർ, ചാംസ്, ടോട്ടൽ... സിഗരറ്റ് പ്രേമികളുടെ ഇഷ്ട ബ്രാൻഡ്
സിഗരറ്റ്, പുകയില ഉൽപന്ന നിർമാണ കമ്പനിയായ വി.എസ്.ടി ഇൻഡസ്ട്രീസ് ഹൈദരാബാദിൽ 1930ലാണ് സ്ഥാപിച്ചത്. തുടക്കത്തിൽ വസീർ സുൽത്താൻ ടുബാക്കോ കമ്പനി എന്നായിരുന്നു പേര്. 1983ൽ സ്വതന്ത്ര കമ്പനിയായി. ടോട്ടൽ, ചാംസ്, ചാർമിനാർ, എഡീഷൻസ്, സ്​പെഷൽസ്, മൊമന്റ്സ് തുടങ്ങിയവയാണ് പ്രധാന ബ്രാൻഡുകൾ. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിഗരറ്റ് നിർമാതാക്കളാണ്. വിപണി മൂലധനം 6,349.64 കോടി.
Tags:    

Similar News