ഇപ്പോള്‍ ബിസിനസ് തുടങ്ങാവുന്ന നാല് മേഖലകള്‍ ഇവയാണ്

കോവിഡ് ചില മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ മറ്റ് രംഗങ്ങള്‍ക്ക് അവസരമാണ് നല്‍കിയത്

Update:2021-07-12 15:25 IST

ജീവിതത്തില്‍ സ്വന്തമായൊരു സംരംഭം എന്നതിനെ കുറിച്ച് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല, കാരണം സ്വന്തമായി എന്തെങ്കിലും നേടണമെന്ന പലരുടെയും സ്വപ്നമായിരിക്കും ഇതിന് പിന്നില്‍. എന്നാല്‍ ഏതൊക്കെ കാലത്ത് ഏത് സംരംഭത്തിനാണ് സാധ്യതയുള്ളതെന്നും ഏതാണ് അഭികാമ്യമെന്നതിനെ കുറിച്ചു ധാരണയില്ലാത്തതാണ് പലരെയും പിന്നോട്ടടിപ്പിക്കുന്നത്. ബിസിനസ് ചെയ്യാന്‍ ഒരു പ്രത്യേക കാലമുണ്ടോ എന്ന സംശയവും ചിലര്‍ക്കുണ്ട്. ചിലരാകട്ടെ, പ്രതിസന്ധിയൊക്കെ കഴിയുമ്പോള്‍ ഒരു സംരംഭം തുടങ്ങാമെന്ന ചിന്തയില്‍ മുന്നോട്ടുപോവുകയാണ്. എന്നാല്‍, പ്രതിസന്ധികളെ പോലും അവസരമാക്കി മുന്നോട്ടുപോകുന്നവരും നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തില്‍ കോവിഡ് കാലത്ത് ഏറെ സാധ്യതയുള്ള, മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്ന നാല് ബിസിനസ് അവസരങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ഓണ്‍ലൈന്‍ മെഡിക്കല്‍ ഡിസ്ട്രിബ്യൂഷന്‍
കേരളത്തിലുടനീളം ഏറെ സാധ്യതയുള്ള ഒരു സംരംഭമാണ് ഓണ്‍ലൈന്‍ മെഡിക്കല്‍ ഡിസ്ട്രിബ്യൂഷന്‍. ഉപഭോക്താക്കളില്‍നിന്ന് ആവശ്യമായ മരുന്നുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവ എത്തിച്ച് കൊടുക്കുന്നതാണ് രീതി. ലൈസന്‍സെടുത്ത് സ്വന്തം ഫാര്‍മസി ഒരുക്കിയും ലൈസന്‍സെടുക്കാതെ തന്നെ മറ്റ് ഫാര്‍മസികളില്‍നിന്ന് മരുന്നുകള്‍ ലഭ്യമാക്കുന്ന തരത്തിലും ഈ സംരംഭം തുടങ്ങാവുന്നതാണ്. പ്രാദേശികമായി ചെറിയ രീതിയിലോ ആപ്പ് തയ്യാറാക്കി വലിയ രീതിയിലോ ഈ സംരംഭം തുടങ്ങാവുന്നതാണ്. മരുന്നുകള്‍ക്ക് പുറമെ, സ്നഗ്ഗി, മാസ്‌ക്, കൊതുക് വല, പിപിഇ കിറ്റ്, സാനിറ്റൈസര്‍, ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ തുടങ്ങിയവയും ഇതുവഴി വിതരണം ചെയ്യാവുന്നതാണ്.
പിപിഇ കിറ്റ് നിര്‍മാണം
കോവിഡ് കാലത്ത് കൂടുതലായി വിറ്റഴിഞ്ഞുപോകുമെന്നതിനാല്‍ പിപിഇ കിറ്റ് നിര്‍മാണത്തിന് വലിയ സാധ്യതയുണ്ട്. നോണ്‍ വോവണ്‍ റോളുകള്‍ വാങ്ങി വീടുകളില്‍നിന്ന് പിപിഇ കിറ്റുകള്‍ നെയ്തെടുക്കാവുന്നതാണ്. നേരത്തെ 275 രൂപ സര്‍ക്കാര്‍ വില നിശ്ചയിച്ചിരുന്ന പിപിഇ കിറ്റുകള്‍ക്ക് 50 രൂപ കൂട്ടി വര്‍ധിപ്പിച്ച് 325 രൂപയാക്കിയിട്ടുണ്ട്. 30 രൂപയോളമാണ് ഒരു പിപിഇ കിറ്റ് നെയ്തെടുക്കുന്നതിന് തൊഴില്‍ വേതനമായി വേണ്ടിവരുന്നത്. നേരിട്ട് ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയും ഇവ വിറ്റഴിക്കാവുന്നതാണ്. കോവിഡ് കാലം കഴിഞ്ഞാലും നോണ്‍ വോവണ്‍ റോളുകള്‍ ഉപയോഗിച്ച് മറ്റ് ഉല്‍പ്പന്നങ്ങളും നിര്‍മിച്ച് വില്‍ക്കാവുന്നതാണ്.
ഓണ്‍ലൈന്‍ ഫിഷ് ആന്റ് മീറ്റ്
വിദേശ രാജ്യങ്ങളിലെ വിപണന രീതി നമ്മുടെ നാടുകളിലേക്കും കടന്നുവരുന്ന ഇക്കാലത്ത് ഓണ്‍ലൈന്‍ ഫിഷ് ആന്റ് മീറ്റ് സംരംഭത്തിന് വലിയ സാധ്യതയാണുള്ളത്. കോഴി, താറാവ്, മത്സ്യം തുടങ്ങിയവ വെട്ടി കഴുകി തയാറാക്കി ആവശ്യമായ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതാണ് ഈ സംരംഭത്തിലൂടെ ചെയ്യുന്നത്. കൂടാതെ, മസാല തേച്ച്, പൊരിച്ചെടുക്കാവുന്ന തരത്തിലും ഇവ വില്‍ക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ഓര്‍ഡറുകള്‍ സ്വീകരിക്കുകയാണെങ്കിലും വലിയൊരു ഉപഭോക്തൃ ശൃംഖലയും സൃഷ്ടിച്ചെടുക്കാം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഏവര്‍ക്കും തുടങ്ങാവുന്ന ഒരു ബിസിനസാണ് ഓണ്‍ലൈന്‍ ഫിഷ് ആന്റ് മീറ്റ്. ഓരോ പ്രദേശത്തെയും ആളുകള്‍ ഏത് തരം ഇറച്ചികളാണ് കൂടുതലായി വാങ്ങുന്നതെന്ന് തിരിച്ചറിഞ്ഞ് വേണം സംരംഭം തുടങ്ങാന്‍.
ഓണ്‍ലൈന്‍ ഡിന്നര്‍ ആന്റ് ലഞ്ച്
നിലവില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ സജീവമാണെങ്കിലും ഇവയൊക്കെ റസ്റ്റോറന്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായി വീടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്ന രീതിയാണ് ഓണ്‍ലൈന്‍ ഡിന്നര്‍ ആന്റ് ലഞ്ച്. ക്വാളിറ്റിയിലും രുചിയിലും വീടുകളില്‍നിന്നുണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് നല്‍കുന്നതെന്ന് ഉപഭോക്താവിന് മനസിലായാല്‍ സ്ഥിരമായി ഓര്‍ഡറുകളും ലഭ്യമാകും. ഐടി പാര്‍ക്കുകള്‍, മറ്റ് ഓഫീസുകള്‍, ഹോസ്റ്റലുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഈ സംരംഭം തുടങ്ങാവുന്നതാണ്. വാട്ട്സ്ആപ്പ് വഴിയോ സ്വന്തമായി ആപ്പ് തയ്യാറാക്കിയോ ഓര്‍ഡര്‍ സ്വീകരിക്കാവുന്നതാണ്.
(ധനം ക്ലബ് ഹൗസില്‍ കഴിഞ്ഞ ശനിയാഴ്ച അതിഥിയായെത്തിയ വ്യവസായ - വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ ടി എസ് ചന്ദ്രന്റെ വാക്കുകളെ ആസ്പദമാക്കി തയ്യാറാക്കിയത്)


Tags:    

Similar News