₹1.75 ലക്ഷം വരെ വരുമാനം! രണ്ട് ലക്ഷം വനിതകള്‍ക്ക് എല്‍.ഐ.സി ഏജന്റുമാരാകാം, ഈ യോഗ്യതയുണ്ടെങ്കില്‍ വമ്പന്‍ അവസരം
ബീമ സഖി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ സ്ത്രീശാക്തീകരണ പദ്ധതിയായ ബീമാ സഖി യോജനക്ക് തുടക്കം. ഹരിയാനയിലെ പാനിപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ വനിതകള്‍ക്ക് ഇന്‍ഷുറന്‍സ് മേഖലയില്‍ പരിജ്ഞാനം നല്‍കുന്നതിനൊപ്പം എല്‍.ഐ.സി ഇന്‍ഷുറന്‍സ് ഏജന്റുമാരാകുന്നതിനുള്ള അവസരവും ഒരുക്കുന്നതാണ് പദ്ധതി. ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നതിനൊപ്പം രണ്ട് ലക്ഷത്തോളം വനിതകള്‍ക്ക് തൊഴിലവസരം ഒരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആര്‍ക്കൊക്കെ അവസരം
18-70 വയസ് വരെയുള്ള പത്താം ക്ലാസ് പാസായ എല്ലാ വനിതകള്‍ക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ആദ്യ മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ്, സാമ്പത്തിക കാര്യ വിഷയങ്ങളില്‍ ഇവര്‍ക്ക് പരിശീലനം നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എല്‍.ഐ.സി ഏജന്റുമാരായി (ബീമ സഖി) പ്രവര്‍ത്തിക്കാം. ഇതിലെ ബിരുദധാരികളെ എല്‍.ഐ.സി ഡെവലപ്‌മെന്റ് ഓഫീസര്‍ പദവിയിലേക്കും പരിഗണിക്കുന്നതാണ്. അതേസമയം, എല്‍.ഐ.സിയിലെ നിലവിലെ ഏജന്റുമാരുടെയോ ജീവനക്കാരുടെയോ ബന്ധുക്കള്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കും ഇതിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
എന്ത് കിട്ടും
24 പേരെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കുന്നവര്‍ക്ക് ആദ്യ വര്‍ഷം ബോണസിന് പുറമെ 48,000 രൂപ കമ്മിഷനായി ലഭിക്കും. ഈ കാലയളവില്‍ ആദ്യ വര്‍ഷം 7,000 രൂപയും രണ്ടാം വര്‍ഷം 6,000 രൂപയുമാകും സ്‌റ്റൈപന്‍ഡ് ലഭിക്കുക. ആദ്യ വര്‍ഷം പിടിച്ച പോളിസികളില്‍ 65 ശതമാനം രണ്ടാമത്തെ വര്‍ഷം നിലനില്‍ക്കണം. ഇതേ നിബന്ധന പൂര്‍ത്തിയാക്കിയാല്‍ മൂന്നാം വര്‍ഷം 5,000 രൂപയും സ്റ്റൈപ്പന്‍ഡ് ലഭിക്കും. യോഗ്യരായവര്‍ക്ക് എല്‍.ഐ.സിയുടെ വെബ്‌സൈറ്റിലെത്തി അപേക്ഷിക്കാവുന്നതാണ്. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
1.75 ലക്ഷം രൂപ പ്രതിവര്‍ഷം കിട്ടുമെന്ന് മോദി
അതേസമയം, എല്‍.ഐ.സി ഏജന്റുമാര്‍ക്ക് പ്രതിവര്‍ഷം 1.75 ലക്ഷം രൂപ സമ്പാദിക്കാന്‍ അവസരമുണ്ടെന്നും ഇത് കുടുംബത്തിന് അധിക വരുമാനമാകുമെന്നും ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്‍.ഐ.സി ഏജന്റിന് പ്രതിമാസ ശമ്പളമായി 15,000 രൂപ കിട്ടുന്നുണ്ടെന്നാണ് കണക്കെന്നും അദ്ദേഹം പറഞ്ഞു.