ഹോ മസ്‌ക്! ആസ്തിയില്‍ പുതുചരിത്രം; ടെസ്‌ല മേധാവിക്ക് ഭാഗ്യം കൊണ്ടുവന്നത് ട്രംപിന്റെ വരവ്

ഡ്രൈവറില്ലാ കാറുകളെ ട്രംപ് പ്രോത്സാഹിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നതോടെ ടെസ്‌ല ഓഹരികള്‍ കുതിച്ചുകയറി

Update:2024-12-12 15:27 IST

Image Courtesy: x.com/realDonaldTrump, x.com/elonmusk

സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന് ഇത് നല്ല കാലമാണ്. ഡൊണാള്‍ഡ് ട്രംപം അമേരിക്കന്‍ പ്രസിഡന്റായതോടെ മസ്‌കിന്റെ സമ്പത്തിലും അതിവേഗ കുതിപ്പാണ് ഉണ്ടാകുന്നത്. മൊത്തം ആസ്തി 400 ബില്യണ്‍ ഡോളര്‍ പിന്നിടുന്ന ലോകത്തെ ആദ്യ വ്യക്തിയെന്ന നേട്ടവും മസ്‌ക് സ്വന്തമാക്കി. 2024 ഡിസംബര്‍ 11ലെ കണക്കനുസരിച്ച് ടെസ്‌ല മേധാവിയുടെ ആസ്തി 44,700 കോടി ഡോളറാണ്.
ഏകദേശം 37.90 ലക്ഷം കോടി രൂപ വരുമിത്. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് മാത്രം 5.32 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ വര്‍ധിച്ചത്. സമ്പത്തില്‍ രണ്ടാംസ്ഥാനത്തുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി 21.11 ലക്ഷം കോടി രൂപയാണ്. മസ്‌കിനേക്കാള്‍ വളരെ പിന്നിലാണ് ആമസോണ്‍ സ്ഥാപകന്‍. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പട്ടികയില്‍ മൂന്നാമത്. 22,400 കോടി ഡോളറാണ് ഫേസ്ബുക്ക് സ്ഥാപകന്റെ ആസ്തി.

കരുത്തായത് സ്‌പേസ് എക്‌സ് ഓഹരികള്‍

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത് മസ്‌കിന് ഗുണമാകുന്നുവെന്നതാണ് സമ്പത്തിലെ വര്‍ധന കാണിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ഓഹരികളില്‍ നിന്ന് മാത്രം 50 ബില്യണ്‍ ഡോളറിന്റെ ആസ്തി വര്‍ധനയാണ് മസ്‌കിനുണ്ടായത്. ടെസ്‌ല ഓഹരികള്‍ കഴിഞ്ഞ ദിവസം സര്‍വകാല റെക്കോഡിലെത്തിയിരുന്നു.
ട്രംപ് അധികാരമേറ്റെടുത്താല്‍ ഡ്രൈവറില്ലാ കാറുകളെ വലിയ തോതില്‍ പ്രോത്സാഹിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നതാണ് ടെസ്‌ല ഓഹരികള്‍ക്ക് കരുത്തായത്. നിക്ഷേപകര്‍ കൂട്ടത്തോടെ ഈ ഓഹരികള്‍ വാങ്ങിക്കൂട്ടി. ബഹിരാകാശ രംഗത്ത് നിര്‍ണായക നേട്ടങ്ങള്‍ സ്വന്തമാക്കുന്ന സ്പേസ് എക്സിന്റെ മൂല്യം 350 ബില്യണ്‍ ഡോളറോളമായി.
നിലവില്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യ സ്റ്റാര്‍ട്ടപും സ്പേസ് എക്സാണ്. അമേരിക്കന്‍ സര്‍ക്കാരുമായുള്ള കരാറുകളാണ് പ്രധാനമായും സ്പേസ് എക്സിന്റെ വരുമാനം. മസ്‌കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ എക്‌സ് എ.ഐയുടെ മൂല്യം മേയില്‍ തുടങ്ങിയതിനെക്കാള്‍ ഇരട്ടിയായി വര്‍ധിച്ചു.
ബഹിരാകാശ സഞ്ചാരികളെ ചൊവ്വയില്‍ എത്തിക്കാനുള്ള മസ്‌കിന്റെ കാഴ്ചപ്പാടിനെ ട്രംപ് പ്രശംസിച്ചിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ടെക്‌സാസില്‍ നടന്ന സ്പേസ് എക്സ് വിക്ഷേപണത്തില്‍ ട്രംപ് പങ്കെടുക്കുകയും ചെയ്തു. ട്രംപ് സര്‍ക്കാരില്‍ നിര്‍ണായക പദവിയും മസ്‌കിനെ കാത്തിരിപ്പുണ്ട്.

Similar News