ഇറ്റലിക്ക് വേണം കേരളത്തില്‍ നിന്ന് 65,000 നഴ്സുമാരെ, റിക്രൂട്ട്‌മെൻ്റ് പ്രക്രിയ ഉടന്‍ പ്രഖ്യാപിക്കും
കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്ക് ഇറ്റലിയിൽ മികച്ച സ്വീകാര്യത
ലോകമെമ്പാടുമുള്ള ആശുപത്രികൾ പ്രത്യേകിച്ച് യു.എസ്, യു.കെ, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ കേരളത്തിൽ നിന്നുള്ള നഴ്‌സുമാരെ കൂടുതലായും റിക്രൂട്ട് ചെയ്യുന്ന സ്ഥിതിയാണ് ഉളളത്. ഇറ്റലിയിലെ വിവിധ ആശുപത്രികളിൽ ജോലിക്കായി കേരളത്തില്‍ നിന്നുളള നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുളള നടപടികളാണ് പുരോഗമിക്കുന്നത്.
കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്ക് ഇറ്റലിയിൽ മികച്ച സ്വീകാര്യതയുളളതായി ഇന്ത്യയിലെ ഇറ്റലി അംബാസഡർ അൻ്റോണിയോ ബർട്ടോളി പറഞ്ഞു. ഇറ്റലിയിൽ ജോലി ലഭിക്കാൻ നഴ്‌സുമാർക്ക് സാധാരണ ആവശ്യപ്പെടുന്ന യോഗ്യതകള്‍ മാത്രം മതിയാകും.
ഒരു നല്ല നഴ്‌സിംഗ് കോളേജില്‍ നിന്നുളള ഡിഗ്രി, ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലി ചെയ്തുളള പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷാ പരിചയം തുടങ്ങിയ യോഗ്യതകളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിഗണിക്കുന്നത്.
അൻ്റോണിയോ ബർട്ടോളിയുമായി ന്യൂഡൽഹിയിലെ കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. റിക്രൂട്ട്‌മെൻ്റ് പ്രക്രിയ എപ്പോൾ, എവിടെ വെച്ച് നടത്തും എന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം പ്രഖ്യാപിക്കും.
റിക്രൂട്ട്‌മെൻ്റ് നോർക്ക റൂട്ട്‌സ് വഴിയാണോ അതോ ഓവർസീസ് ഡെവലപ്‌മെൻ്റ് ആൻ്റ് എംപ്ലോയ്‌മെൻ്റ് പ്രൊമോഷൻ കൺസൾട്ടൻ്റ്‌സ് (ഒഡെപെക്) വഴിയാണോ എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ വരുംദിവസങ്ങളില്‍ തീരുമാനിക്കും.
ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഇറ്റലിയിലെ വിവിധ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്നും അൻ്റോണിയോ ബർട്ടോളി പറഞ്ഞു. ടൂറിസം മേഖലയിലും സംസ്ഥാനവുമായി ബന്ധം സ്ഥാപിക്കാനും ഇറ്റലി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.