വീട്ടമ്മമാര്‍ക്കും വരുമാനം നല്‍കും തേന്‍ വില്‍പ്പന
ചെറിയ നിക്ഷേപം മതി, വീട്ടിലിരുന്ന് പണമുണ്ടാക്കാം
വീട്ടമ്മമാര്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന മികച്ച ബിസിനസാണ് തേന്‍ സംസ്‌കരിച്ച് വിപണിയിലെത്തിക്കുക എന്നത്. വലിയ നിക്ഷേപം ഒന്നുമില്ലാതെ വരുമാനം നേടാന്‍ ഇതിലൂടെ കഴിയും. സംസ്‌കരിച്ച തേനിന് നിലവില്‍ വലിയ ഡിമാന്‍ഡ് ഉണ്ട്. ഇത് ആറുമാസം വരെ കേടുകൂടാതെ ഉപയോഗിക്കാനും കഴിയും. തേന്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നത്തിന് മികച്ചവില ലഭിക്കും എന്ന മേന്മയുമുണ്ട്.
പ്രവര്‍ത്തന രീതി
കര്‍ഷകരില്‍ നിന്ന് നേരിട്ട് തേന്‍ സംഭരിക്കുകയെന്നതാണ് പ്രധാനം. ചെറിയ അളവുകളില്‍ ലഭിക്കുന്നതും ശേഖരിക്കണം. കുറഞ്ഞത് 250 കിലോഗ്രാം ആയിക്കഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താം.
തേനിലെ ജലാംശം നീക്കംചെയ്യുക എന്നതാണ് അടുത്ത പടി. അളവില്‍ നിന്ന് 10 ശതമാനമെങ്കിലും കുറയ്ക്കണം. ഹോര്‍ട്ടികോര്‍പ്പിന്റെ ഹണി പ്രോസസിംഗ് കേന്ദ്രത്തില്‍ നിന്ന് ഇത് ചെയ്ത് കിട്ടും. കിലോഗ്രാമിന് 13 രൂപയാണ് ജലാംശം നീക്കി പ്രോസസ് ചെയ്യുന്നതിനുള്ള ഫീസ്.
100 ഗ്രാമില്‍ നിന്ന് 90 ഗ്രാം വരെയാണ് തേന്‍ അവസാന വില്‍പ്പനയ്ക്കായി ലഭിക്കുക. ഗുണം അല്‍പ്പംപോലും നഷ്ടപ്പെടാതെ തന്നെ ഇത് ലഭിക്കും. ഗന്ധത്തിനും രുചിക്കും ആവശ്യമെങ്കില്‍ സുഗന്ധവ്യഞ്ജന ഓയ്ല്‍ ചേര്‍ക്കാം. അതിന്റെ അനുപാതം നമുക്ക് നിശ്ചയിക്കാം. പിന്നീട് ഗ്ലാസ് കുപ്പിയില്‍ നിറച്ച ശേഷം ലേബല്‍ ചെയ്ത് വിപണിയില്‍ ഇറക്കുന്നു. എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷന്‍, പായ്ക്കര്‍ ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം.
വിപണനം
കിടമത്സരം തീരെ ഇല്ലാത്ത വിപണിയാണ് തേനിനുള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് പ്രധാനമായും വില്‍പ്പന നടക്കുന്ന സ്ഥലങ്ങള്‍. ബേക്കറി ഷോപ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്ക് കടകള്‍, ബേക്കറി അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ തുടങ്ങിയവ വഴി നേരിട്ട് വില്‍പ്പന നടത്താം. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചും വില്‍ക്കാം. ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നത് ഗുണം ചെയ്യും. ഇഞ്ചി, കറുവാപ്പട്ട, ഏലം എന്നിവയുടെ രുചിയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നുണ്ട്.
ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താല്‍ ഇപ്പോള്‍ അവസരങ്ങള്‍ ഏറെയുണ്ട്. 20 ശതമാനമാണ് മൊത്ത വിതരണത്തില്‍ ലഭിക്കാവുന്ന അറ്റാദായം. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ഇതിലൂടെ ഉണ്ടാക്കിയെടുക്കാനാകും.
അടിസ്ഥാന സൗകര്യങ്ങള്‍
ഒരു വേയിംഗ് മെഷീന്റെ സഹായം മാത്രം മതി, ബാക്കി ജോലികള്‍ കൈകൊണ്ട് തന്നെ ചെയ്യാം. ഒരു വീട്ടില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ തുടക്കത്തില്‍ രണ്ടോ മൂന്നോ പേര്‍ മതിയാകും. ഇതിന്റെ പ്രവര്‍ത്തനത്തിന് 150 ചതുരശ്രഅടിയുള്ള നല്ല വൃത്തിയുള്ള കെട്ടിടം മതി. ചില്ല് കുപ്പിയുടെ പായ്ക്കിംഗ് ബോട്ടിലുകളാണ് പ്രധാന ചെലവ്.
(സംസ്ഥാന വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകന്‍)
(This article was originally published in Dhanam Magazine September 30th issue)