ആഫ്രിക്ക: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം
നിരവധി മലയാളികളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബിസിനസ് രംഗത്ത് തിളങ്ങിനില്‍ക്കുന്നത്. സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങളാണ്
മലയാളി സംരംഭകര്‍ക്കിടയില്‍ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ആഫ്രിക്ക. പറഞ്ഞുകേട്ട കഥകളിലെ ആഫ്രിക്ക, ഭീതി പരത്തുന്നതാണെങ്കിലും കേരളത്തില്‍ നിന്ന് പോയി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംരംഭം തുടങ്ങിയവര്‍ പറയുന്നത് മറ്റൊരു അനുഭവമാണ്. മികച്ച കാലാവസ്ഥയും വിപണിയുമുള്ള അവസരങ്ങളുടെ സ്വര്‍ണഖനിയായ ആഫ്രിക്കയാണ് അവരുടെ വാക്കുകളില്‍. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മാത്രം ബിസിനസ് നടത്താന്‍ ധൈര്യപ്പെട്ടിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കേരളത്തിലെ ചെറു ഗ്രാമങ്ങളില്‍ നിന്നുവരെ ആളുകളെത്തി സംരംഭം തുടങ്ങുന്നു.
ലുലു ഗ്രൂപ്പ്
മറ്റു രാജ്യങ്ങളില്‍ ആരംഭിച്ച് വന്‍ വളര്‍ച്ച നേടിയ ലുലു ഗ്രൂപ്പ്, എ.ബി.സി ഗ്രൂപ്പ് തുടങ്ങിയ മലയാളി സംരംഭങ്ങള്‍ മുതല്‍ ആഫ്രിക്കയില്‍ തന്നെ ആരംഭിച്ച് വന്‍കിട ബിസിനസ് ഗ്രൂപ്പുകളായി മാറിയ സംരംഭങ്ങള്‍ വരെ മലയാളികളുടേതായി ആഫ്രിക്കയിലുണ്ട്.
തൃശൂര്‍ ദേശിയായ രാമചന്ദ്രന്‍ ഒറ്റപ്പാത്ത് ബോട്സ്വാനയില്‍ വന്‍കിട റീറ്റെയ്ല്‍ ശൃംഖലയായ ചോപീസ് നടത്തുന്നു.
നമ്പർ പ്ളേറ്റ്
മലപ്പുറം തിരൂരങ്ങാടിയില്‍ നിന്നുള്ള ഓര്‍ബിസ് എന്ന സംരംഭം ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്യയിലും സൊമാലി ലാന്‍ഡിലും പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏഴ് വര്‍ഷമാകുന്നു. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍, നമ്പര്‍ പ്ലേറ്റ് എംബോസിംഗ്, ഹോട്ട് സ്റ്റാമ്പിംഗ് മെഷീന്‍, ക്ലാപ്പര്‍ ഡൈസ് എന്നിവയുടെ നിര്‍മാണവും വിപണനവുമാണ് ഓര്‍ബിസ് ഗ്രൂപ്പ് നടത്തുന്നത്.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലെത്തി സംരംഭം തുടങ്ങിയവര്‍ നിരവധിയാണ്. കോഴിക്കോട് മായനാട് സ്വദേശി വി.കെ നൗഹര്‍ റബ്ബര്‍ തോട്ടം പാട്ടത്തിനെടുത്ത് റബര്‍ കയറ്റുമതിയാണ്
ചെയ്യുന്നതെങ്കില്‍ കുറ്റിപ്പുറം സ്വദേശി സിദ്ദിഖ് ടി.വി ലൂബ്രിക്കന്റ് ഓയ്ലിന്റെ വിപണനമാണ് നടത്തുന്നത്.
ഹോട്ടൽ
സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഹൊറൈസണ്‍ ഹോട്ടല്‍ നടത്തുകയാണ് തൃശ്ശൂര്‍ സ്വദേശിയായ ഷരീഫ് മുഹമ്മദ്. എടപ്പാള്‍ സ്വദേശിയും ഏറനാട് നോളജ് സിറ്റി ചെയര്‍മാനുമായ സി.പി.എ ബാവഹാജി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വിജയകരമായി സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്തുന്നു.
നിര്‍മാണ സാമഗ്രികളുടെ റീറ്റെയ്ല്‍ ശൃംഖലയായ എ.ബി.സി ഗ്രൂപ്പിന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ഉഗാണ്ട, താന്‍സാനിയ, കോംഗോ, റുവാണ്ട എന്നിവിടങ്ങളില്‍ ഷോറൂമുകളുണ്ട്. ഈവര്‍ഷം തന്നെ കെനിയയില്‍ പുതിയ ഷോറൂം തുറക്കാനുള്ള പദ്ധതിയുമുണ്ട്.
2014 മുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എ.ബി.സി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക മേഖല, സ്വര്‍ണ ഖനനം, ഹോട്ടല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐ.ടി, റീറ്റെയ്ല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ മലയാളി സംരംഭങ്ങളുണ്ട്.
'വിശ്വാസമാണ് അവര്‍ക്ക് നമ്മളെ'
'ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെയും ഇന്ത്യക്കാരെയും ആഫ്രിക്കന്‍ ജനങ്ങള്‍ക്ക് വിശ്വാസമാണ്' -ആഫ്രിക്കന്‍ രാജ്യങ്ങളിലെ അവസരങ്ങളെ കുറിച്ച് എ.ബി.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ മുഹമ്മദ് മദനി വിലയിരുത്തുന്നു. സപ്ലൈ-ഡിമാന്‍ഡ് ഗ്യാപ് വളരെയേറെയുള്ള ആഫ്രിക്കന്‍ വിപണി നല്ല അവസരമാണ് തുറന്നിടുന്നത്. റീറ്റെയ്ല്‍ മേഖലയില്‍ മാത്രമല്ല, അടിസ്ഥാന സൗകര്യ വികസനം, വ്യവസായം, സേവന മേഖലകളിലാകെ സാധ്യതയുണ്ട്'- അദ്ദേഹം പറയുന്നു.
കൃഷിക്ക് അനുയോജ്യമായ മണ്ണും കാലാവസ്ഥയുമുള്ള ആഫ്രിക്കന്‍ നാടുകളില്‍ കാര്‍ഷിക സംരംഭങ്ങള്‍ക്കും വലിയ അവസരങ്ങളുണ്ട്. ഭൂമിയില്‍ 100 ശതമാനം ഉടമസ്ഥാവകാശം ലഭിക്കുമെന്നതാണ് വലിയ ആകര്‍ഷണം. മാത്രമല്ല കൃഷിക്ക് വേണ്ടിയാണെങ്കില്‍ സൗജന്യമായും ഭൂമി ലഭ്യമാണെന്ന് മുഹമ്മദ് മദനി പറയുന്നു. വന്‍തോതില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികള്‍ ആഫ്രിക്കയില്‍ നിരവധിയുണ്ട്.
നിർമാണത്തിൽ വലിയ വിപണി
കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന ബില്‍ഡര്‍മാര്‍ക്ക് വികസിച്ചുകൊണ്ടിരിക്കുന്ന പല ആഫ്രിക്കന്‍ രാജ്യങ്ങളിലും വലിയ വിപണി കണ്ടെത്താനാകും. റോഡ്, കമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവയിലെല്ലാം ഇന്ത്യന്‍ നിലവാരം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തുമുണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ വര്‍ഷങ്ങള്‍ക്ക് പിന്നിലാണ് ഇപ്പോഴും.
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഇടം
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണമാണ് ഏറ്റവും സാധ്യതയുള്ള ഒരു മേഖലയെന്ന് ഓര്‍ബിസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജാഫര്‍ പറയുന്നു. അരിക്ക് ലഭിക്കുന്ന വിലയുടെ പത്തു മടങ്ങിലേറെ അത് ബിരിയാണിയാക്കിയാല്‍ കിട്ടും എന്ന സ്ഥിതിയാണ്. വലിയ മുതല്‍മുടക്ക് പോലും പലപ്പോഴും ആവശ്യമായി വരില്ല. തദ്ദേശീയരായ സമ്പന്നര്‍ തന്നെ പണം മുടക്കാന്‍ തയാറാകും.
അവരെ കൂടി ചേര്‍ത്തുവേണം സംരംഭം തുടങ്ങാന്‍. അവര്‍ക്ക് സാങ്കേതിക പരിജ്ഞാനം കുറവാണ്. അത് നികത്താന്‍ തയാറായാല്‍ മികച്ച സംരംഭം തുടങ്ങാനാകും, ജാഫര്‍ പറയുന്നു.
പ്രൊഫഷണലുകള്‍ക്ക് അവസരം
ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, യു.എസ് പോലെ തൊഴില്‍ സാധ്യതകള്‍ ആഫ്രിക്കയില്‍ ഇല്ലെന്നതാണ് മറ്റൊരു കാര്യം. കുറഞ്ഞ ചെലവില്‍ തൊഴിലാളികളെ ധാരാളം അവിടെ തന്നെ ലഭിക്കും. വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരെ മാത്രമാണ് പുറത്തുനിന്ന് ആവശ്യമായി വരുന്നത്. മലയാളി പ്രൊഫഷണലുകള്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.
ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ മലയാളി സമാജത്തില്‍ ആയിരത്തിലേറെ അംഗങ്ങളാണുള്ളത്. പ്രൊഫഷണലുകളും സംരംഭകരുമെല്ലാം അതില്‍പ്പെടുന്നു.
പരമ്പരാഗതമായി മലയാളികള്‍ക്ക് ആശ്രയമായിരുന്ന ഗള്‍ഫടക്കമുള്ള പ്രദേശങ്ങളില്‍ അവസരങ്ങള്‍ കുറയുമ്പോള്‍ അടുത്ത ലക്ഷ്യസ്ഥാനമായി ആഫ്രിക്ക മാറുന്നുണ്ട്. അടുത്ത ദശാബ്ദം ആഫ്രിക്കയുടേതാണെന്ന് എ.ബി.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ മുഹമ്മദ് മദനി പറയുന്നു. എന്നാല്‍ കൂടിയ ജീവിത ചെലവും പല ആഫ്രിക്കന്‍ രാജ്യങ്ങളിലും രാഷ്ട്രീയ വംശീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതുമെല്ലാം കൂടുതല്‍ സാഹസം നിറഞ്ഞതാണ്.
ആഫ്രിക്കയിലേക്ക് പുറപ്പെടും മുമ്പ്
- അവസരങ്ങള്‍ കേട്ട് പെട്ടെന്ന് ആഫ്രിക്കയിലേക്ക് ചാടിപ്പുറപ്പെടരുത്്. അനുകൂല ഘടകങ്ങള്‍ പോലെ പ്രതികൂല ഘടകങ്ങളും ശ്രദ്ധിക്കേണ്ട് കാര്യങ്ങളുമുണ്ട്.
- ഓരോ രാജ്യത്തിന്റെയും സാമ്പത്തിക നില, സംസ്‌കാരം, സര്‍ക്കാര്‍ നയങ്ങള്‍, കറന്‍സിയെ സംബന്ധിച്ച വിവരങ്ങള്‍, ഭരണാധികാരികളെ സംബന്ധിച്ച ചരിത്രം, രാഷ്ട്രീയസ്ഥിരത എന്നിവയെല്ലാം പഠിച്ച ശേഷം മാത്രം എവിടെ സംരംഭം തുടങ്ങണമെന്ന് തീരുമാനിക്കുക.
- ഗള്‍ഫ് രാജ്യങ്ങളിലേതു പോലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് അവസരമില്ല. തദ്ദേശീയരെ ജോലിക്ക് വെയ്ക്കണമെന്ന് പല രാജ്യങ്ങളിലും നിയമമുണ്ട്.
- പ്രധാന മാനേജീരിയല്‍ പോസ്റ്റുകളില്‍ മാത്രമാണ് നമുക്ക് അവസരം.
- യാത്രാ ദൈര്‍ഘ്യം കൂടുതല്‍, നേരിട്ടുള്ള വിമാന സര്‍വീസ് കുറവ്.
- യാത്രാ ചെലവ് കൂടുതല്‍. ഒരു ലക്ഷം രൂപയെങ്കിലും ഇല്ലാതെ യാത്ര നടക്കില്ല. ഗള്‍ഫിലേക്ക് 10,000 രൂപയ്ക്കും സാധ്യം.
- താമസത്തിനും ഭക്ഷണത്തിനും ഇന്ത്യയേക്കാള്‍ ചെലവ് കൂടുതല്‍.
- ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മോശമല്ലാത്ത താമസം ലഭിക്കാന്‍ 400 ഡോളര്‍ വരെ കൊടുക്കേണ്ടിവരും.
- കെട്ടിട വാടക കൂടുതല്‍