വിശാഖപട്ടണത്ത് ടി.സി.എസ് തുറക്കുന്നത് 10,000 തൊഴില്‍ അവസരങ്ങള്‍, കേരളാ ടെക്കികള്‍ക്ക് വന്‍ അവസരം

പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ ടാറ്റ പവർ 40,000 കോടി രൂപയുടെ നിക്ഷേപവും പരിഗണിക്കുന്നു

Update:2024-11-12 12:54 IST

Image Courtesy: facebook.com/tdp.ncbn.official

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടി.സി.എസ് ഉടൻ ഓഫീസ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. പുതിയ ഓഫീസ് കുറഞ്ഞത് 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ടാറ്റ സൺസ് എക്‌സിക്യൂട്ടീവ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം അറിയിച്ചത്. ആന്ധ്രാപ്രദേശും ടാറ്റ ഗ്രൂപ്പും തമ്മില്‍ പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനുളള സാധ്യതകള്‍ ഇരുവരും തമ്മിലുളള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ആന്ധ്രാപ്രദേശിൻ്റെ പുരോഗതിയിൽ ടാറ്റ ഗ്രൂപ്പ് വലിയ സ്വാധീനമാണ് ചെലുത്തുന്നതെന്ന് നായിഡു പറഞ്ഞു. ടാറ്റാ ഗ്രൂപ്പുമായി സാധ്യമായ എല്ലാ മേഖലകളിലും സംസ്ഥാനം സഹകരണം ഊര്‍ജിതമാക്കും.
വിശാഖപട്ടണത്ത് പുതിയ ഐ.ടി വികസന കേന്ദ്രം സ്ഥാപിക്കാനാണ് ടി.സി.എസിന് പദ്ധതികൾ ഉളളത്. ഇത് 10,000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഐ.ടി മേഖലയില്‍ കേരളത്തിന് വലിയ തൊഴില്‍ നൈപുണ്യ ശക്തിയുളളതിനാല്‍ ഈ നീക്കം മലയാളികള്‍ക്ക് കാര്യമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

മറ്റു പദ്ധതികള്‍

സംസ്ഥാനത്തെ ടൂറിസം വ്യവസായം വിപുലീകരീക്കുന്നതിനും ടാറ്റാ ഗ്രൂപ്പ് സഹകരണം വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്ത് 20 പുതിയ ഹോട്ടലുകളും ഒരു കൺവെൻഷൻ സെൻ്ററും തുടങ്ങാനുളള സാധ്യതകളും ഇരുവരും ആലോചിക്കുന്നുണ്ട്. താജ്, വിവാന്ത, ഗേറ്റ്‌വേ, സെലിക്യുഷൻസ്, ജിഞ്ചർ തുടങ്ങിയ ബ്രാൻഡുകൾ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഹോട്ടൽസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കാനാണ് പദ്ധതിയുളളത്.
പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ ടാറ്റ പവർ 40,000 കോടി രൂപയുടെ നിക്ഷേപവും പരിഗണിക്കുന്നുണ്ട്. സോളാർ, കാറ്റ് തുടങ്ങിയവ ഉപയോഗിച്ചുളള ഊര്‍ജ പദ്ധതികളിൽ നിന്ന് 5 ജിഗാവാട്ടിൽ കൂടുതൽ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ നവീകരണത്തിനുളള പദ്ധതികളും ഇരുവരും ചര്‍ച്ച ചെയ്തു. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യ സേവനങ്ങൾ നല്‍കുന്നതിനായി എ.ഐ ഉപയോഗിച്ചുളള ടെക്നോളജി വിപുലീകരണവും ആലോചനയിലാണ്.
ആന്ധ്രാപ്രദേശിൽ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രത്തൻ ടാറ്റ ഇന്നൊവേഷൻ ഹബ് പിന്തുണ നല്‍കുന്നതാണ്. "ഒരു കുടുംബത്തില്‍ ഒരു സംരംഭകൻ" എന്ന ലക്ഷ്യമാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. ആന്ധ്രാപ്രദേശിൻ്റെ സാമ്പത്തിക ഉന്നമനത്തിന് ഗണ്യമായി സംഭാവന നല്‍കാന്‍ സാധിക്കുന്നതായിരിക്കും ഈ പദ്ധതികളെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags:    

Similar News