ഇന്‍ഷുറന്‍സ് മേഖല ഇനി സാധ്യതകളുടെ കാലം

സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉപഭോക്തൃ കേന്ദ്രീകൃതമായ ഉല്‍പ്പന്നങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും

Update:2022-05-08 08:00 IST

മിക്ക ബിസിനസ് മേഖലകളെയും മാറ്റി മറിക്കാന്‍ കോവിഡിന് ആയി. ഇന്‍ഷുറന്‍സ് മേഖലയിലും വലിയ മാറ്റങ്ങളുണ്ടായി. വര്‍ക്ക് ഫ്രം ഹോം, ബിസിനസിലെ ഡിജിറ്റലൈസേഷന്‍, വെബെക്‌സ്, സൂം തുടങ്ങി പല കാര്യങ്ങളും പരിചിതമായത് ഇക്കാലത്താണ്. 1956 ല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ തുടക്കത്തിനു ശേഷം സ്വകാര്യ കമ്പനികള്‍ക്കായി ഈ മേഖല തുറന്നു കൊടുക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി കൂട്ടുകയും ഏറ്റവുമൊടുവില്‍ എല്‍ഐസിയുടെ പ്രഥമ ഓഹരി വില്‍പ്പന നടത്താനൊരുങ്ങുകയും ചെയ്യുന്ന മാറ്റങ്ങളാണ് സംഭവിച്ചത്.

ഇന്‍ഷുറന്‍സിന് അത്ര പ്രാധാന്യം നല്‍കാതിരുന്ന കാലത്തു നിന്നാണ് എല്‍ഐസിയുടെ പ്രയാണം. ഇന്‍ഷുറന്‍സ് മേഖലയുടെ മുന്നേറ്റത്തിന് തടസ്സമായിരുന്ന പല ഘടകങ്ങളുണ്ടായിരുന്നു. ഇന്‍ഷുറന്‍സിനപ്പുറം സമ്പാദ്യമാണ് മുഖ്യം എന്ന് കരുതിയിരുന്ന ആളുകള്‍, കൂട്ടുകുടുംബത്തിന് പ്രാധാന്യം ഉണ്ടായിരുന്നതു കൊണ്ട് ഒരാള്‍ മരിച്ചാലും സുരക്ഷിതത്വം പ്രശ്‌നമല്ലാതിരുന്നത്, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്റ കുറവ്, സംരക്ഷണം വേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങിയ ഘടകങ്ങളെല്ലാം വലിയ തോതില്‍ പ്രൊട്ടക്ഷന്‍ ഗ്യാപ് ഉണ്ടാക്കി.
2011 ല്‍ 30 ശതമാനം പേര്‍ക്കാണ് രാജ്യത്ത് ബാങ്ക് എക്കൗണ്ട് ഉണ്ടായിരുന്നതെങ്കില്‍ 2017 ആയപ്പോഴേക്കും 80 ശതമാനത്തിലെത്തി. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ തന്നെ പ്രൊട്ടക്ഷന്‍ ഗ്യാപ്പ് 83 ശതമാനമായി.
ഹോസ്പിറ്റാലിറ്റി, എയര്‍ലൈന്‍സ് തുടങ്ങി സര്‍വ മേഖലകളും കോവിഡ് മൂലം പ്രശ്‌നത്തിലായപ്പോള്‍ പരമ്പരാഗത ഇന്‍ഷുറന്‍സ് മേഖലയ്ക്കും തിരിച്ചടി നേരിട്ടു. ഏജന്റുമാരെ ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഷുറന്‍സ് മേഖലയ്ക്ക് മുന്നിലേക്കാണ് ഡിജിറ്റലൈസേഷന്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനം കടന്നു വരുന്നത്. എല്‍ഐസിയുടെ 95 ശതമാനം ബിസിനസും ഏജന്റുമാര്‍ മുഖേനയായിരുന്നു. ഉപഭോക്താക്കളെ നേരിട്ട് കാണാനാകാതെ ഈ രീതിയിലുള്ള ബിസിനസിന് മുന്നോട്ട് പോകാനാകുമായിരുന്നില്ല.
ഇന്‍ഷുറന്‍സ് മേഖലയിലെ മാറ്റം
കഴിഞ്ഞ പതിറ്റാണ്ടില്‍ സാങ്കേതികവിദ്യയില്‍ നിരവധി മാറ്റങ്ങളാണ് ഉണ്ടായത്. സ്റ്റാര്‍ട്ടപ്പുകള്‍ സാമ്പത്തിക മേഖലയെയാകെ മാറ്റി. പേമെന്റ് മുതല്‍ വായ്പ നല്കലും ബാങ്കിംഗ് സേവനങ്ങളുമെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെയായി. ടെക്‌നോളജി ഇന്‍ഷുറന്‍സ് മേഖലയെയും മാറ്റിമറിച്ചു. അടുത്ത പതിറ്റാണ്ടില്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങളാകും ഇതിലൂടെ സംഭവിക്കുക.
പല തരത്തിലുള്ള അനിശ്ചിതാവസ്ഥകളിലൂടെയാണ് സമൂഹം കടന്നു പോകുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍, കോവിഡ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം അനിശ്ചിതത്വത്തിന് കാരണമാകുന്നു. കോവിഡിന് ശേഷം ലോകം ബാനി വേള്‍ഡിലേക്ക് (BANI- 'brittle', 'anxious', 'nonlinear' and incomprehensible) മാറിയിരിക്കുന്നു.
പുതിയ കാല ഉപഭോക്താക്കള്‍ മുന്‍തലമുറയില്‍ നിന്ന് ഏറെ വ്യത്യസ്തരാണ്. മികച്ച സാമ്പത്തിക സാക്ഷരത നേടിയവരാണവര്‍. വ്യക്തിപരമായ ഡിജിറ്റല്‍ വല്‍കൃത സേവനം അവര്‍ കൊതിക്കുന്നു. അടുത്ത തലമുറയെ അഭിമുഖീകരിക്കാന്‍ ഇന്‍ഷുറന്‍സ് മേഖല തയാറെടുത്തുകൊണ്ടിരിക്കുകയാണ്.
അവസരങ്ങള്‍
ആകെ പ്രീമിയത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ പത്താമത്തെ ലൈഫ് ഇന്‍ഷുറന്‍സ് വിപണിയാണ് ഇന്ത്യ. എന്നാല്‍ ഇവിടെ ഇന്‍ഷുറന്‍സ് വ്യാപനം മൂന്നു ശതമാനം മാത്രമാണ്. ഇന്‍ഷുറന്‍സ് സംരക്ഷണം ഇത്ര ശതമാനം പേര്‍ക്ക് എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷം നേടിയ ഇന്‍ഷുറന്‍സ് പ്രീമിയവും ജിഡിപിയും തമ്മിലുള്ള അനുപാതമാണ് ഇത് സൂചിപ്പിക്കുന്നത്. പ്രീമിയത്തിന്റെ കാര്യത്തില്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 70 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കാലാവധി കഴിയുമ്പോള്‍ ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ കണ്ടിരുന്ന തലമുറയില്‍ നിന്ന് ജീവന് സംരക്ഷണം എന്ന നിലയില്‍ ലൈഫ് ഇന്‍ഷുറന്‍സിനെ കാണുന്ന തലമുറ ഉയര്‍ന്നു വന്നുവെന്നതും ഗുണകരമാണ്. എന്നാല്‍ രാജ്യത്തെ ശരാശരി ക്ലെയിം തുക 3-4 ലക്ഷം രൂപയാണ്. ഇത് ഒരു കുടുംബനാഥന്റെ വിയോഗം നികത്താന്‍ പര്യാപ്തമായ ഒന്നല്ല. കൂടുതല്‍ മെച്ചപ്പെട്ട പോളിസികളിലേക്ക് ആളുകള്‍ മാറേണ്ടതുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. സ്വിസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ പ്രൊട്ടക്ഷന്‍ ഗ്യാപ് 83 ശതമാനമാണ് എന്നാണ്. ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ഇനിയും വളരാന്‍ ഏറെ സാധ്യതകളുണ്ടെന്നാണ് ഇത് വെളിവാക്കുന്നത്.
12 ദശലക്ഷം പേരാണ് രാജ്യത്ത് ഓരോ വര്‍ഷവും ജോലി നേടുന്നത്. മാത്രമല്ല, 2030 ഓടെ മധ്യവര്‍ഗ കുടുംബങ്ങളുടെയും പുതുതലമുറ ആളുകളുടെയും എണ്ണം കൂടും. 85 ശതമാനം പേരും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുമാകും.
ഉപഭോക്താക്കളിലേക്ക് നേരിട്ട്
ഡയറക്ട് ടു കസ്റ്റമര്‍ മാതൃകയാകും ഇനി ശക്തമാകുക. ഓണ്‍ലൈനില്‍ വീട്ടിലിരുന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ഇന്‍ഷുറന്‍സ് എടുക്കുന്ന തലമുറയാണ് ഇപ്പോഴത്തേത്. ഏജന്റുകള്‍ പോളിസി എടുപ്പിക്കുന്ന രീതി മാറിക്കൊണ്ടിരിക്കുന്നു. ഏജന്റുകളുടെ പ്രവര്‍ത്തന രീതി മാറും. ടെക്‌നോളജിയും ഡാറ്റയും ക്രോഡീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഏജന്റുകളുടെ കാലമാണ് വരാനിരിക്കുന്നത്. കൃത്രിമബുദ്ധി അടക്കമുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഈ മേഖലയില്‍ പ്രയോജനപ്പെടുത്തി ഓരോ ഉപഭോക്താവിന്റെയും താല്‍പ്പര്യത്തിനനുസരിച്ചുള്ള പോളിസികള്‍ തയാറാക്കപ്പെടണം.
പുതിയ തലമുറ ഫിന്‍ടെക് കമ്പനികള്‍, പോയ്ന്റ് ഓഫ് സെയ്ല്‍സ് പേഴ്‌സണ്‍സ്, ഡിജിറ്റല്‍ സേവനദാതാക്കള്‍, ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിംഗ് ടീം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലുള്ളവര്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
നൂതന ഉല്‍പ്പന്നങ്ങളും നഷ്ടപരിഹാരവും
ഉല്‍പ്പന്നങ്ങളിലെ നവീകരണം അത്യാവശ്യമായിക്കൊണ്ടിരിക്കുകയാണ്. വ്യക്തിഗത ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാവണം. റിട്ടയര്‍മെന്റ് പ്ലാനുകള്‍ നിലവില്‍ വളരെ കുറച്ചു പേരിലേക്ക് മാത്രമേ എത്തിയിട്ടുള്ളൂ. എന്നാല്‍ രാജ്യത്തെ തൊഴിലാളികളില്‍ 82 ശതമാനവും ജോലി ചെയ്യുന്നത് അസംഘടിത മേഖലകളിലാണ്. അവരിലേക്ക് പ്ലാനുകള്‍ എത്തിയിട്ടില്ല. ആന്വിറ്റി പോളിസികള്‍ക്ക് വലിയ പ്രാധാന്യം കൈവരും. ഡാറ്റ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ പങ്കു വഹിക്കുന്ന കാലമാണ് വരാനിരിക്കുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലൊക്കെ ഇതിന് വലിയ പ്രാധാന്യമുണ്ട്. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിലും ഡാറ്റകള്‍ക്ക് വലിയ സ്ഥാനമുണ്ട്.
സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉപഭോക്തൃ കേന്ദ്രീകൃതമായ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളാണ് വരാനിരിക്കുന്നത്.
(എല്‍ഐസി ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ മിനി ഐപ്പ്, കൊച്ചിയില്‍ നടന്ന ധനം ബിഎഫ്‌സഎസ്‌ഐ സമ്മിറ്റില്‍ നടത്തിയ മുഖ്യപ്രഭാഷണത്തെ അടിസ്ഥാനമാക്കി തയാറാക്കിയത്.)


Tags:    

Similar News