പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാനൊരുങ്ങുന്ന കേരളത്തില്‍ അടിസ്ഥാനസൗകര്യ വികസനം, പാര്‍പ്പിട നിര്‍മ്മാണം, തൊഴില്‍ രംഗം, ധനകാര്യം തുടങ്ങിയ നിരവധി മേഖലകളില്‍ അനേകം പുതിയ സാധ്യതകളാണ് രൂപംകൊള്ളുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കോടിക്കണക്കിന് രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാനം സ്വരൂപിക്കുന്ന ഫണ്ടിനും കേന്ദ്ര സഹായത്തിനും പുറമേ വിവിധ മേഖലകളില്‍ നിന്നുള്ള ധനസഹായവുമൊക്കെ നവകേരള നിര്‍മ്മാണം സാധ്യമാക്കുന്നതാണ്. വിവിധ സോഴ്‌സുകളില്‍ നിന്നും വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ക്രമേണ വര്‍ദ്ധിക്കുന്നതോടെ സമ്പദ്ഘടന പതിയെ ചലനാത്മകമാകുകയും വിപണിയില്‍ പുതിയ അവസരങ്ങള്‍ ഉയരുകയും ചെയ്യും.
നിര്‍മ്മാണ മേഖല
വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതിശകതമായൊരു മുന്നേറ്റമായിരിക്കും സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലുണ്ടാകുന്നത്. പതിനായിരക്കണക്കിന് വീടുകളാണ് ഉടനടി പുനര്‍നിര്‍മ്മിക്കേണ്ടത്. ഇതിനുപുറമേ പ്രളയത്താല്‍ നശിച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവും പുതുതായി നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യേണ്ടതുണ്ട്. ഇവയൊക്കെ തന്നെ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ആവശ്യകത വലിയ തോതില്‍ വര്‍ദ്ധിപ്പിക്കും. അത് കണ്‍സ്ട്രക്ഷന്‍ വിപണിയെ സജീവമാക്കുമെന്ന് മാത്രമല്ല ഈ രംഗത്തെ തൊഴിലാളികളുടെ ആവശ്യകതയും വര്‍ദ്ധിപ്പിക്കും.
അടിസ്ഥാനസൗകര്യ വികസനം
സംസ്ഥാനത്ത് 14000 കിലോ മീറ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കണമെന്നതാണ് ഇപ്പോഴത്തെ കണക്ക്. ചെറുതും വലുതുമായി ഏകദേശം 250 ഓളം പാലങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് കണക്കുകള്‍. ഇവയെല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കണമെന്നതാണ് കേരളം നേരിടുന്ന വലിയൊരു വെല്ലുവിളി.
ഗൃഹോപകരണ വിപണി
ഫ്രിഡ്ജ്, ടി.വി തുടങ്ങിയ അനേകം ഗൃഹോപകരണങ്ങളാണ് വെള്ളം കയറി നശിച്ചിരിക്കുന്നത്. വിവിധ കമ്പനികള്‍ ഇവയുടെ റിപ്പയറിംഗിനായി സൗജന്യ സര്‍വ്വീസ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പയര്‍ ചെയ്യാനാകാത്ത വിധം നശിച്ചുപോയ ഉപകരണങ്ങളും ധാരളം ഉണ്ടാകുമെന്നതിനാല്‍ ഗൃഹോപകരണ വിപണിയില്‍ വലിയൊരു ഡിമാന്‍ഡ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ടുകൊണ്ട് എക്‌സ്‌ചേഞ്ച്, കാഷ് ഡിസ്‌ക്കൗണ്ട് ഓഫറുകളുടെ കാലാവധി കമ്പനികള്‍ ദീര്‍ഘിപ്പിച്ചേക്കും. ഇത്തരം ഘടകങ്ങള്‍ കാരണം വരുന്ന ഡിസംബറോടെ ഗൃഹോപകരണ വിപണി കൂടുതല്‍ സജീവമാക്കിയേക്കും.
ഇന്‍ഷുറന്‍സ്
സാധാരണഗതിയില്‍ വീടുകള്‍, കടകള്‍ എന്നിവ പൊതുവെ ഇന്‍ഷുറന്‍സ് സംരക്ഷണം ഉറപ്പാക്കാത്തവയാണ്. എന്നാല്‍ ഇപ്പോഴത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇവക്കെല്ലാം ഇന്‍ഷുറന്‍സ് സംരക്ഷണം തേടിയേക്കും. ഇത് ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ഡിമാന്‍ഡ് ഉയര്‍ത്തും. പ്രളയം കാരണം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഭീമമായ ബാധ്യത ഉണ്ടായിട്ടുണ്ടെങ്കിലും കമ്പനികള്‍ റീഇന്‍ഷ്വര്‍ ചെയ്തിരിക്കുമെന്നതിനാല്‍ അവയുടെ നഷ്ടം പരിമിതമായിരിക്കും.
കാര്‍ഷിക മേഖല
കാര്‍ഷികോപകരണങ്ങള്‍, കന്നുകാലികള്‍, പച്ചക്കറി വിത്തുകള്‍, പ്ലാന്റേഷന്‍ മേഖലക്കാവശ്യമായ വിവിധയിനം തൈകള്‍ തുടങ്ങിയവക്കൊക്കെ ഡിമാന്‍ഡ് ഉയരും. വെള്ളപ്പൊക്കത്താല്‍ തകര്‍ന്നുപോയ കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനവും സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്.
വേസ്റ്റ് മാനേജ്‌മെന്റ്
ടണ്‍ കണക്കിന് ഖര മാലിന്യമാണ് പ്രളയ ജലത്തിലൂടെ ഓരോ പ്രദേശത്തും അടിഞ്ഞുകൂടിയിരിക്കുന്നത്. ഇവയുടെ ശാശ്വതമായ നിര്‍മ്മാര്‍ജ്ജനത്തിനാവശ്യമായ സംവിധാനങ്ങളും ഉടനടി കണ്ടെത്തേണ്ടിയിരിക്കുന്നു.
ധനകാര്യ വിപണി
വായ്പാ രംഗത്ത് ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍, ചെറുകിട സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് വലിയൊരു അവസരം സംജാതമാകും. ചെറുകിട വായ്പകള്‍ക്കും സ്വര്‍ണ്ണപണയത്തിനുമുള്ള ഡിമാന്‍ഡ് ഉയരും. അതേസമയം പ്രളയബാധിതരുടെ റീപേയ്‌മെന്റ് കപ്പാസിറ്റിക്ക് കുറവ് വന്നിട്ടുള്ളതിനാല്‍ വായ്പാ തിരിച്ചടവില്‍ ഏറ്റക്കുറച്ചിലുണ്ടാകും. നിലവിലുള്ള വായ്പകളുടെ തിരിച്ചടവിനുള്ള മോറട്ടോറിയം, വായ്പാ പുനക്രമീകരണം എന്നിവയൊക്കെ ധനകാര്യ സ്ഥാപനങ്ങളുടെ വളര്‍ച്ചയെ താല്‍ക്കാലികമായി ബാധിച്ചേക്കുമെങ്കിലും ഏതാനും മാസങ്ങള്‍ക്ക് ശേഷം കാര്‍ഷിക, വാണിജ്യ-വ്യവസായ, റീറ്റെയ്ല്‍ മേഖലകളില്‍ വന്‍തോതിലുള്ള ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.