നിക്ഷേപകരേ, ഈ ഫണ്ട് നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലുണ്ടോ?

ഓഹരി വിപണിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കാം. പക്ഷേ ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കാം. അതിന് പറ്റിയ ഫണ്ടാണിത്

Update:2022-07-10 14:00 IST

പരമ്പരാഗതമായി ഓഹരി നിക്ഷേപത്തെ കൈയകലത്ത് നിര്‍ത്തുന്ന രീതിയില്‍ നിന്ന് മാറി, ഇക്വിറ്റി നിക്ഷേപത്തിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരുന്നത് സ്വാഗതാര്‍ഹമാണ്. എന്നിരുന്നാലും ഈ സമയത്ത് ഓഹരി നിക്ഷേപകര്‍ കുറച്ച് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. റിസ്‌ക് കുറയ്ക്കാന്‍ വേണ്ടി കൂടി നിക്ഷേപം വ്യത്യസ്ത ആസ്തികളില്‍ വിന്യസിക്കുമ്പോള്‍, നിക്ഷേപകര്‍ ഏറെ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഓരോ നിക്ഷേപകനും അവരുടെ നിക്ഷേപത്തിന്റെ ആസ്തി വിന്യാസം അങ്ങേയറ്റം സൂക്ഷ്മതയോടെ വിശകലനം ചെയ്ത് വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കേണ്ട സമയമാണ്.

അസറ്റ് അലോക്കേഷന്‍ എന്നാല്‍, ഓരോ വ്യക്തിയുടെയും കൈവശമുള്ള നിക്ഷേപയോഗ്യമായ പണം വ്യത്യസ്ത ആസ്തികളില്‍ വിന്യസിക്കുകയെന്നതാണ്. ഒരു പ്രത്യേക അസറ്റ് ക്ലാസില്‍ സംഭവിക്കുന്ന അപ്രതീക്ഷിതവും നിര്‍ണായകവുമായ സംഭവവികാസങ്ങള്‍ കൊണ്ട് നിക്ഷേപത്തിന് ഗണ്യമായ കോട്ടം തട്ടാതിരിക്കാനായുള്ള സുരക്ഷാസംവിധാനം കൂടിയാണിത്. അസറ്റ് അലോക്കേഷന്‍ തീരുമാനിക്കുന്നതിനുള്ള അടിസ്ഥാനപരമായ ഘടകങ്ങള്‍ നിക്ഷേപകന്റെ റിസ്‌ക് എടുക്കാനുള്ള ശേഷിയും സാമ്പത്തിക ലക്ഷ്യങ്ങളുമാണ്. ചില സന്ദര്‍ഭങ്ങളില്‍ മറ്റ് ചില ഘടകങ്ങള്‍ കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടിയിരിക്കുന്നു.

ഓഹരി വിപണിയിലെ നിലവിലുള്ള സാഹചര്യം കണക്കാക്കുമ്പോള്‍, നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോയിലെ ഇക്വിറ്റി അലോക്കേഷന് ചാഞ്ചാട്ടങ്ങള്‍ സംഭവിച്ചുകാണും. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ നിക്ഷേപം സന്തുലിതമാക്കാനുള്ള നീക്കവും നടത്തേണ്ടിയിരിക്കുന്നു. ഇത് പറയാന്‍ എളുപ്പമാണ്. പക്ഷേ നടപ്പാക്കാനാണ് പ്രയാസം. ആര്‍ത്തി, പേടി തുടങ്ങിയ വികാരങ്ങളെ കൂടി മാനേജ് ചെയ്തുവേണം ഇക്കാര്യത്തില്‍ മുന്നോട്ട് പോകാന്‍ എന്നതാണ് അതിന് കാരണം. ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള ഒരു വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ ആശ്രയിക്കുകയാണ്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍, നിര്‍ണായക നിക്ഷേപ തീരുമാനങ്ങള്‍ വേണ്ട സമയം വരുമ്പോള്‍ അതെല്ലാം നിങ്ങള്‍ക്കു വേണ്ടി ഫണ്ട് ഹൗസുകള്‍ ചെയ്യും. ഇക്വിറ്റി മാര്‍ക്കറ്റിലെ കയറ്റിറക്കങ്ങളില്‍ ആശങ്ക പെട്ട് നിക്ഷേപ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ചിന്തിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ വിഭാഗമാണ് ബാലന്‍സ്ഡ് അഡ്വാന്‍ടേജ് ഫണ്ട്.
എന്താണിത്?
സെബിയുടെ സ്‌കീം കാറ്റഗറൈസേഷന്‍ പ്രകാരം, ഇക്വിറ്റിയിലും ഡെറ്റിലും സന്ദര്‍ഭാനുസരണം നിക്ഷേപം ക്രമീകരിക്കുന്ന ഹൈബ്രിഡ് കാറ്റഗറിയിലുള്ള ഫണ്ടാണ് ബാലന്‍സ്ഡ് അഡ്വാന്‍ടേജ് ഫണ്ട്. ഇക്വിറ്റി മാര്‍ക്കറ്റിലെ അവസരം നോക്കി നിക്ഷേപം ക്രമീകരിക്കുകയാണ് ഇവിടെ ഫണ്ട് മാനേജര്‍ ചെയ്യുന്നത്. ഓഹരി വിപണിയില്‍ വലിയ തോതില്‍ ഇടിവുണ്ടായാലും നിക്ഷേപം സുരക്ഷിതമാക്കി നിര്‍ത്തുകയെന്ന സാമാന്യചിന്തയാണ് ഇതിനുപിന്നിലുള്ളത്. അതുകൊണ്ട് തന്നെ ഏതൊരു നിക്ഷേപകന്റെയും പോര്‍ട്ട്‌ഫോളിയോയില്‍ ഉണ്ടായിരിക്കേണ്ട നിത്യഹരിത നിക്ഷേപരീതി കൂടിയാണിത്. മാത്രമല്ല, ഈ നിക്ഷേപമാര്‍ഗം നിക്ഷേപകന് ഏറ്റവും കുറഞ്ഞ അസ്ഥിരതകളെ അഭിമുഖീകരിച്ചുകൊണ്ട് ദീര്‍ഘകാല വെല്‍ത്ത് ക്രിയേഷന്‍ സാധ്യമാക്കുന്നു.
നിക്ഷേപകനുള്ള നേട്ടമെന്ത്?
ഇക്വിറ്റി മാര്‍ക്കറ്റിന്റെ സ്വഭാവം പരിഗണിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വിനിയോഗിച്ച് ഫണ്ട് ഹൗസുകള്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാറുണ്ട്. ഉദാഹരണത്തിന്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ബാലന്‍സ്ഡ് അഡ്വാന്‍ടേജ് ഫണ്ട്, ഇക്വിറ്റി വാല്വേഷന്‍ താഴ്ന്ന് നില്‍ക്കുമ്പോള്‍ കൂടുതല്‍ ഫണ്ട് ഇക്വിറ്റിയിലേക്ക് അലോക്കേറ്റ് ചെയ്യും. വിലകള്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ അലോക്കേഷന്‍ കുറയ്ക്കും. മാര്‍ക്കറ്റ് വാല്വഷന്‍ പരിഗണിക്കാന്‍ വിവിധ ഫണ്ട് ഹൗസുകള്‍ പ്രൈസ് ടു ബുക്ക് വാല്യു, പ്രൈസ് ടു ഇക്വിറ്റി റേഷ്യോ പോലുള്ള വിവിധ മാര്‍ക്കറ്റ് മെട്രിക്‌സുകള്‍ സ്വീകരിക്കാറുണ്ട്.

നിരവധി ബാലന്‍സ്ഡ് അഡ്വാന്‍ടേജ് ഫണ്ടുകളുണ്ട്. അവയെല്ലാം അത് മാനേജ് ചെയ്യുന്ന രീതികള്‍ വെച്ച് വ്യത്യസ്തവുമാണ്. ഇപ്പോഴത്തെ വിപണി സാഹചര്യത്തില്‍, അടിസ്ഥാനപരമായി മികച്ച കമ്പനികളുടെ ഓഹരികളുടെ മൂല്യം താഴ്ന്നു നില്‍ക്കുന്ന അവസരം വിനിയോഗിച്ച് ഇക്വിറ്റി അലോക്കേഷന്‍ കൂട്ടുന്ന ബാലന്‍സ്ഡ് അഡ്വാന്‍ടേജ് ഫണ്ടുകളാണ് നല്ലത്. എന്നിരുന്നാലും ഒരു സമ്പൂര്‍ണ മാര്‍ക്കറ്റ് സൈക്കിളുകൊണ്ടേ ഇവയുടെ പ്രകടനം കൃത്യമായി വിലയിരുത്താനാവൂ.

അസറ്റ് അലോക്കേഷന്‍ ഗൗരവമായി നോക്കുന്ന നിക്ഷേപകനാണ് നിങ്ങളെങ്കില്‍ ബാലന്‍സ്ഡ് അഡ്വാന്‍ടേജ് ഫണ്ട് ബുദ്ധിപരമായ ഒരു നീക്കമായിരിക്കും. ഇക്വിറ്റി വാല്വേഷന്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ ഈ ഫണ്ടുകള്‍ അവയുടെ ഇക്വിറ്റി അലോക്കേഷന്‍ കുറയ്ക്കും. കുറഞ്ഞ വിലയില്‍ വാങ്ങിയ ഓഹരികള്‍, വിലകള്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ വിറ്റ് മാറി ലാഭമെടുത്ത് അത് ഡെറ്റിലേക്ക് മാറ്റും. അതുകൊണ്ട് തന്നെ സാധാരണ നിക്ഷേപകര്‍ക്ക് ഓഹരികള്‍ താഴ്ചയില്‍ വാങ്ങുക, ഉയര്‍ച്ചയില്‍ വില്‍ക്കുക എന്ന തന്ത്രം സ്വന്തം നിക്ഷേപത്തില്‍ നടപ്പാക്കാനും പറ്റും. മാത്രമല്ല, ഓഹരി വിപണിയിലെ വലിയ ചാഞ്ചാട്ടങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനും സാധിക്കും.

നല്ലൊരു പോര്‍ട്ട്‌ഫോളിയോ എന്നാല്‍ വ്യത്യസ്ത അസറ്റ് ക്ലാസില്‍ സന്തുലിതമായ രീതിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നതാണ്. പരമ്പരാഗത കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ബാലന്‍സ്ഡ് അഡ്വാന്‍ടേജ് ഫണ്ട് ഇതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും.


Tags:    

Similar News