സ്വര്‍ണം, സ്‌റ്റോക്ക് മാര്‍ക്കറ്റ്, റിയല്‍ എസ്‌റ്റേറ്റ്-അതോ, എഫ്.ഡിയോ? മലയാളിക്ക് 2024ലെ ഏറ്റവും മികച്ച റിട്ടേണ്‍ നല്‍കിയ നിക്ഷേപം ഏതായിരുന്നു?

2024ന്റെ തുടക്കത്തില്‍ ഒരു ലക്ഷം രൂപ സ്വര്‍ണം, സ്‌റ്റോക്ക് മാര്‍ക്കറ്റ്, റിയല്‍ എസ്‌റ്റേറ്റ്, ബാങ്ക് എഫ്ഡി എന്നിവയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴതിന്റെ മൂല്യം എത്രയാകുമായിരുന്നുവെന്ന് നോക്കാം

Update:2024-12-31 16:48 IST
നിക്ഷേപകര്‍ രണ്ടു തരത്തിലുണ്ട്. റിസ്‌ക്കെടുക്കുന്നവരും അല്ലാത്തവരുമാണ് അക്കൂട്ടര്‍. മലയാളികള്‍ സാധാരണയായി സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങള്‍ക്കൊപ്പം ചേര്‍ന്നു പോകുന്നവരാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാളിയുടെ നിക്ഷേപ രീതിയും മാറിയിട്ടുണ്ട്. 2024ന്റെ തുടക്കത്തില്‍ ഒരു ലക്ഷം രൂപ വീതം സ്വര്‍ണം, സ്‌റ്റോക്ക് മാര്‍ക്കറ്റ്, റിയല്‍ എസ്‌റ്റേറ്റ്, ബാങ്ക് എഫ്ഡി എന്നിവയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴതിന്റെ മൂല്യം എത്രയാകുമായിരുന്നുവെന്ന് നോക്കാം.

സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് കോളടിച്ചു

2024ന്റെ തുടകത്തില്‍ സ്വര്‍ണത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ മൂല്യം ഏകദേശം 1,21,430 രൂപയായേനെ. കടന്നുപോയ വര്‍ഷം സ്വര്‍ണവില ഉയര്‍ന്നത് 21.43 ശതമാനമാണ്. ഇത് കേരളത്തിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയുള്ള കണക്കാണ്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. ഇല്ലായിരുന്നെങ്കില്‍ നേട്ടം ഇതിലും ഉയര്‍ന്നേനെ. എന്തായാലും സ്വര്‍ണം തന്നെയാണ് 2024ല്‍ നിക്ഷേപകര്‍ക്ക് ഭാഗ്യം കൊണ്ടുവന്നത്.
ഇതേ ഒരു ലക്ഷം രൂപ ഓഹരിവിപണിയില്‍ നിക്ഷേപിച്ചിരുന്നെങ്കിലോ? സെപ്റ്റംബര്‍ വരെ കുതിപ്പ് നടത്തിയിരുന്ന മാര്‍ക്കറ്റ് പിന്നീട് തിരുത്തലുകള്‍ക്ക് വിധേയമാകുന്നതാണ് കണ്ടത്. നിഫ്റ്റി50 സെപ്റ്റംബറില്‍ 21 ശതമാനം വരെയാണ് നേട്ടമുണ്ടാക്കിയത്. ഡിസംബര്‍ എത്തിയപ്പോള്‍ 8.6 ശതമാനത്തിലേക്ക് താഴുകയും ചെയ്തു. ഒരു ലക്ഷം രൂപ ജനുവരിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ അതിന്റെ മൂല്യം 1,08,580 രുപയായേനെ.
മിഡ്ക്യാപ് ഓഹരികളിലായിരുന്നു നിക്ഷേപമെങ്കില്‍ 1,23,500 രൂപയായി ഇത് ഉയര്‍ന്നേനെ. ഒരുഘട്ടത്തില്‍ 32 ശതമാനം കുതിപ്പ് നടത്തിയ ശേഷമുണ്ടായ തിരുത്തലിനൊടുവില്‍ 23.5 ശതമാനം നേട്ടത്തിലാണ് മിഡ്ക്യാപ് ഓഹരികള്‍ ഡിസംബര്‍ പൂര്‍ത്തിയാക്കിയത്.

എഫ്ഡികള്‍ ആകര്‍ഷകമോ?

ഇനി പരമ്പരാഗത നിക്ഷേപ മാര്‍ഗമായ ബാങ്ക്് എഫ്.ഡിയുടെ കാര്യം നോക്കാം. 6.5 മുതല്‍ 7.5 ശതമാനം വരെയാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് ബാങ്കുകള്‍ നല്‍കിയ പലിശനിരക്ക്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് 1,06,500 മുതല്‍ 1,07,500 രൂപ വരെ ഇതുവഴി ലഭിച്ചേനെ. സ്വര്‍ണം, സ്റ്റോക്ക് മാര്‍ക്കറ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറവാണിത്. എന്നാല്‍ റിസ്‌ക്ക് തീരെയില്ലെന്നത് മാത്രമാണ് നിക്ഷേപകരെ സംബന്ധിച്ച നേട്ടം.

റിയല്‍ എസ്‌റ്റേറ്റ് പോരാ

2024ല്‍ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിച്ചവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് നോക്കാം. ഹൗസിംഗ് പ്രൈസ് ഇന്‍ഡക്‌സ് പ്രകാരം 2024 റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് അത്ര സുഖകരമായ വര്‍ഷമായിരുന്നില്ല. കൊച്ചിയില്‍ പ്രോപ്പര്‍ട്ടി വില 5.98 ശതമാനം മാത്രമാണ് വളര്‍ച്ച നേടിയത്. ഒരു ലക്ഷം രൂപ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചാല്‍ മൂല്യം 1,05,980 രൂപയില്‍ ഒതുങ്ങും. തിരുവനന്തപുരത്തായിരുന്നെങ്കില്‍ മൂല്യത്തില്‍ 2.16 ശതമാനം കുറവായിരുന്നു 2024 നല്‍കിയത്. അതായത് 1 ലക്ഷം നിക്ഷേപിച്ചാല്‍ അതിന്റെ മൂല്യം 97,840 രൂപയിലൊതുങ്ങിയേനെ.

നിക്ഷേപത്തിന് വൈവിധ്യം അനിവാര്യം

റിസ്‌ക്കെടുത്തവര്‍ക്കും വ്യത്യസ്ത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് ചുവടുവച്ചവര്‍ക്കും 2024 നേട്ടങ്ങള്‍ സമ്മാനിച്ചുവെന്നതാണ് വസ്തുത. നിക്ഷേപം വികേന്ദ്രീകരിച്ച് വ്യത്യസ്ത മേഖലകളിലേക്ക് കടക്കുന്നവര്‍ക്ക് പുതുവര്‍ഷം സാധ്യതകള്‍ നല്‍കുന്നു. ഒരിടത്ത് മാത്രം ഒതുങ്ങാതെ നിക്ഷേപം നിശ്ചിത അനുപാതത്തില്‍ വ്യത്യസ്ത മേഖലകളിലേക്ക് വഴിതിരിച്ചു വിട്ടാല്‍ നേട്ടം ഉറപ്പാക്കുന്നതിനൊപ്പം റിസ്‌ക്കുകള്‍ തരണം ചെയ്യാനും സാധിക്കുന്നു. എവിടെയെങ്കിലും പാളിപ്പോയാലും മറ്റ് മേഖകളില്‍ നേട്ടം കൊയ്യുന്നതുവഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താം.
Tags:    

Similar News