ബിസിനസ് വിജയത്തിന് വേണം ഫ്യൂച്ചര്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്

നിങ്ങളുടെ സ്ഥാപനത്തിന് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്

Update:2024-03-18 15:58 IST

Image courtesy: canva

തെറ്റുകളില്‍ നിന്നാണ് മനുഷ്യന്‍ പാഠങ്ങള്‍ പഠിക്കുന്നത്. ചില തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ തിരുത്താന്‍ അവസരം കിട്ടണമെന്നില്ല. വ്യക്തികള്‍ ആദ്യകാലങ്ങളില്‍ എടുക്കുന്ന പല സാമ്പത്തിക തീരുമാനങ്ങളും പതിയെ തിരുത്തി ശരിയാക്കി മുന്നോട്ടുപോകാറാണ് പതിവ്. വലിയ റിസ്‌കുകള്‍ എടുത്ത് കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അത് പാളിപ്പോയാല്‍ തിരിച്ചുവരവ് അസാധ്യമാകുന്നതും നമ്മള്‍ കാണാറുണ്ട്.

പലപ്പോഴും ഇത്തരം റിസ്‌കുകള്‍ എടുത്ത് വന്‍ വിജയം നേടുന്നവരുടെ കഥയാണ് നമ്മള്‍ കേള്‍ക്കാറുള്ളത്. ഇത് പലരെയും സമാനമായ വഴികള്‍ പരീക്ഷിക്കുന്നതിന് പ്രചോദിപ്പിക്കാറുമുണ്ട്. എന്നാല്‍ ഇത്തരം വലിയ വിജയങ്ങളില്‍ എത്തിച്ചേരുന്നത് അതിനായി ശ്രമിക്കുന്ന ആയിരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണെന്ന് പലരും മനസിലാക്കാതെ പോകുന്നു.

ഫ്യൂച്ചര്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്

പുതുതായി ഒരു സംരംഭം തുടങ്ങുന്നവരും നിലവിലുള്ള സ്ഥാപനത്തെ വിപുലീകരിക്കാന്‍ നോക്കുന്നവരും നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നാണ് ഫ്യൂച്ചര്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്. ചുരുങ്ങിയത് അഞ്ചുവര്‍ഷം വരെയുള്ള കാലയളവിലെ ബജറ്റും ഫിനാന്‍ഷ്യല്‍ പ്രൊജക്ഷനും തയാറാക്കേണ്ടതാണ്. ഇത് കൃത്യമായി ചെയ്താല്‍ സാമ്പത്തിക ഞെരുക്കം കാരണം സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ പ്രശ്‌നത്തിലാകുന്ന സാഹചര്യം ഉടലെടുക്കുന്നത് തടയാന്‍ ഒരു പരിധിവരെ സാധിക്കും.

ഈ ആസൂത്രണങ്ങള്‍ പലപ്പോഴും പല സ്ഥാപനങ്ങളും ചെയ്യാറുണ്ടെങ്കിലും അതുപ്രകാരം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിയന്ത്രണത്തോടെ ചെയ്തുപോകുന്നതില്‍ വീഴ്ച വരുത്താറുണ്ട്. പുതുതായി ഒരു സംരംഭമോ ഡിവിഷനോ തുടങ്ങുമ്പോഴും പുതിയൊരു ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുമ്പോഴും വ്യക്തമായ ഒരു ബജറ്റിംഗ് നടത്തണം. ഇത് തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ചെയ്യേണ്ട രീതികളും മനസിലാക്കാം.

ക്യാപിറ്റല്‍ ബജറ്റിംഗ്

നമ്മള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആശയത്തിനോ ഉല്‍പ്പന്നത്തിനോ വേണ്ടിവരുന്ന ആദ്യകാല മൂലധന ചെലവാണ് പ്രധാനമായും ക്യാപിറ്റല്‍ ബജറ്റിംഗിലൂടെ പ്ലാന്‍ ചെയ്യുന്നത്. ഇതിലേക്ക് പ്രധാനമായും കണക്കാക്കേണ്ട മൂലധന ചെലവുകള്‍ നോക്കാം:

1. പുതുതായി ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ വേണ്ടിവരുന്ന രജിസ്‌ട്രേഷന്‍/ലീഗല്‍ ചെലവുകള്‍.

2. ബ്രാന്‍ഡിംഗ് & ലോഗോ ഡിസൈനിംഗ്.

3. വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍.

4. ഒരു ഉല്‍പ്പന്നത്തിനെയോ സേവനത്തിനെയോ വിപണിക്ക് അനുയോജ്യമാക്കുന്നതിനുള്ള ചെലവുകള്‍ (product finishing).

5. ഉല്‍പ്പാദനം സ്വന്തമായി നടത്തുകയാണെങ്കില്‍ അതിനാവശ്യമായ ഫാക്ടറി, മെഷിനറി, മറ്റു സൗകര്യങ്ങള്‍.

6. ടെസ്റ്റ് മാര്‍ക്കറ്റിംഗ്, മാര്‍ക്കറ്റിംഗ് സര്‍വേ എന്നിവ (ആവശ്യമെങ്കില്‍).

7. ഓഫീസുകള്‍, വാഹനങ്ങള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍.

8. ഏത് സ്ഥാപനത്തിന്റെയും അഭിവാജ്യ ഘടകമായ ഐ.ടി സൊല്യൂഷന്റെ ചെലവുകള്‍.

9. പുതിയ ബ്രാന്‍ഡോ സര്‍വീസോ മാര്‍ക്കറ്റിലേക്ക് ഇറക്കുന്നതിന് വേണ്ടിവരുന്ന ചെലവുകള്‍. പരസ്യങ്ങള്‍ ആവശ്യമെങ്കില്‍ അത് തയാറാക്കുന്നതിനും പബ്ലിഷ് ചെയ്യുന്നതിനും വേണ്ട തുക.

10. ഒരു സ്ഥാപനം തുടങ്ങി അതിന്റെ ദൈനംദിന ചെലവുകള്‍ക്ക് ആവശ്യമുള്ള വരുമാനം ലഭിച്ചു തുടങ്ങുന്നതിന് ഒരു നിശ്ചിത സമയം എടുക്കും. ഈ കാലത്ത് ചെലവുകള്‍ നടക്കുന്നതിനുള്ള ഒരു സംഖ്യ നമ്മള്‍ ക്യാപിറ്റല്‍ ബജറ്റിന്റെ ഭാഗമായി കാണേണ്ടതാണ്.

ചികിത്സയേക്കാള്‍ നല്ലത് രോഗപ്രതിരോധമാണ്. തെറ്റുകള്‍ വരുത്തി അവയെ തിരുത്തി മുന്നോട്ടു പോകുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് തെറ്റുകളും അബദ്ധങ്ങളും ഒഴിവാക്കുന്നതിന് വേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്. ശാസ്ത്രീയമായി സാമ്പത്തിക ആസൂത്രണവും ബജറ്റിംഗും ചെയ്തു പോയാല്‍ അതില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ വരാവുന്ന പല അപകടങ്ങളെയും ഒഴിവാക്കാനാവും.

വലിയ വിജയത്തിലെത്തുന്ന മിക്കവാറും സംരംഭങ്ങളുടെ പിന്നിലും കൃത്യതയുള്ള സാമ്പത്തിക ആസൂത്രണവും നിയന്ത്രണത്തോടെയുള്ള നടപ്പാക്കലുകളും ഉണ്ടായിരിക്കും. പുതിയ ചുവടുവെയ്പ്പുകള്‍ സ്വപ്നം കാണുന്ന ഓരോ സംരംഭകനും ഇതറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മുന്നോട്ടുള്ള വഴി എളുപ്പമാകും.

(ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയ്ല്‍:reachus@hanhold.com, വെബ്സൈറ്റ്: www.hanhold.com, ഫോണ്‍: 62386 01079)

(This article was originally published in Dhanam Business Magazine March 31st issue)

Tags:    

Similar News