വിവിധ മേഖലയിലുള്ള നിരവധി ബിസിനസുകള്‍ അടച്ചുപൂട്ടുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളടക്കം പ്രതിസന്ധിയില്‍. രാജ്യത്താകമാനം ലക്ഷക്കണക്കിന് പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഗുരുതരമായ ഒരു അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ജോലി നഷ്ടപ്പെട്ടാല്‍, പെട്ടെന്നൊരു ദിനം വരുമാനം നിലച്ചാല്‍ എന്തു ചെയ്യണം എന്ന കാര്യത്തില്‍ നമുക്ക് വ്യക്തതയുണ്ടാകില്ല. ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. നിലനില്‍ക്കാനുള്ള ചില വഴികള്‍:
1. കാര്യങ്ങള്‍ തുറന്നുപറയുക
ജോലി നഷ്ടപ്പെട്ടെന്ന കാര്യം കുടുംബത്തോടും ജീവിതപങ്കാളിയോടും മറച്ചുപിടിക്കുന്നവരുണ്ട്. അത് ഒരിക്കലും പാടില്ല. ഈ പ്രതിസന്ധിഘട്ടം തരണം ചെയ്ത് മുന്നോട്ടുപോകാന്‍ കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്കാവശ്യമാണ്. സ്വയം ആത്മവിശ്വാസം കൈവിടാതെ നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് ധൈര്യം പകരുക.
2. ചെലവുകള്‍ വെട്ടിക്കുറിച്ച് പുതിയൊരു ബജറ്റ് തയാറാക്കുക.
ജോലി നഷ്ടപ്പെട്ടാലും ചെലവുകളില്‍ ഒരു മാറ്റവും വരുത്താതെ ചിലര്‍ പോകുന്നിടത്തോളം പോട്ടെ എന്ന മനോഭാവം പിന്തുടരാറുണ്ട്. ഇത് വളരെ അപകടകരമാണ്. ജോലി നഷ്ടപ്പെടാം എന്ന സൂചന ലഭിക്കുമ്പോള്‍ തന്നെ നിലവിലുള്ള ജീവിതശൈലിയില്‍ മാറ്റം വരുത്തുക. സിനിമ, പുറത്തുപോയി ഭക്ഷണം കഴിക്കല്‍, ആഡംബരവസ്തുക്കള്‍ വാങ്ങല്‍ തുടങ്ങിയ
അനാവശ്യച്ചെലവുകള്‍ കുറയ്ക്കുക. കുടുംബത്തിലെ എല്ലാ അംഗങ്ങളെയും വിളിച്ചിരുത്തി ഒരുമിച്ച് ഇക്കാര്യം സംസാരിച്ച് ഒരു പുതിയ ബജറ്റ് രൂപപ്പെടുത്തുക. കാരണം ഇക്കാര്യത്തില്‍ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും സഹകരണം ആവശ്യമാണ്.
3. മുന്‍ഗണന കൊടുക്കേണ്ടവ കണ്ടെത്തുക
വായ്പയുടെ മാസതവണ, സ്‌കൂള്‍ ഫീസ്, ഇന്‍ഷുറന്‍സ് പ്രീമിയം, വീട്ടുചെലവ് തുടങ്ങിയ ഏറ്റവും നിര്‍ബന്ധമായി ആവശ്യമായ ചെലവുകള്‍ കണക്കാക്കി അവയ്ക്ക് മുന്‍ഗണന കൊടുക്കുക.
4. ബാങ്കുമായി സംസാരിക്കുക
വാഹനവായ്പയോ ഭവനവായ്പയോ ഉള്ളയാളാണ് നിങ്ങളെന്നിരിക്കട്ടെ. ജോലി പോയ സാഹചര്യത്തില്‍ അവയുടെ അടവ് നിങ്ങള്‍ക്കൊരു പ്രശ്‌നമാണെങ്കില്‍ ബാങ്കില്‍ പോയി സംസാരിച്ച് ഏതാനും മാസത്തേക്ക് മാസഅടവ് ഒഴിവാക്കിത്തരാനുള്ള ഓപ്ഷനുകളെക്കുറിച്ച് ചോദിക്കുക. അല്ലെങ്കില്‍ മാസതവണ കുറച്ച് വായ്പയുടെ കാലാവധി കൂട്ടാം.
5. നിക്ഷേപപദ്ധതികള്‍ക്ക് അവധി
അടവ് മുടങ്ങിയാല്‍ വലിയ നഷ്ടമില്ലാത്ത നിക്ഷേപപദ്ധതികള്‍ തല്‍ക്കാലത്തേക്ക് നിറുത്തിവെക്കാം.
6. പുതിയ സ്‌കില്ലുകള്‍ സ്വായത്തമാക്കുക
നിങ്ങളുടെ സ്‌കില്ലുകള്‍ അപ്‌ഗ്രേഡ് ചെയ്ത് പുതിയ കാലഘട്ടത്തിലേക്ക് നീങ്ങാനുള്ള ഒരു അവസരമായി ഈ പ്രതിസന്ധിയെ കാണുക. നിങ്ങളുടെ മേഖലയിലെ പുതിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുക. ജോലിയിലെ ദൗര്‍ബല്യങ്ങളെ ശാക്തീകരിക്കുക. ഇവയൊക്കെ നിങ്ങള്‍ക്ക് ആത്മവിശ്വാസം പകരും. നിരാശരാകാതെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക. സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നതും നിങ്ങളുടെ മനസ് ശാന്തമാക്കും. പൊസിറ്റീവായി സംസാരിക്കുന്നവരോടൊപ്പം സമയം ചെലവഴിക്കുക.
7. പുതിയ ജോലി തേടുക
നിങ്ങളുടെ മേഖലയില്‍ തന്നെ പുതിയ ജോലി തേടുക. മാനസികവ്യഥയില്‍ വളരെക്കുറഞ്ഞ ശമ്പളത്തില്‍ മറ്റേതെങ്കിലും മേഖലയില്‍ നിന്ന് ലഭിക്കുന്ന ജോലികള്‍ സ്വീകരിക്കാന്‍ പ്രല്ലോഭനം തോന്നാം. പക്ഷെ അത് നിങ്ങളുടെ മുന്നോട്ടുളള കരിയറിനെ ബാധിക്കും. പഴയ വരുമാനത്തിലേക്ക് വരാന്‍ ഏറെ സമയം എടുക്കും. സ്വന്തം കഴിവിന് അനുസരിച്ചുള്ള ജോലി ലഭിക്കുന്നതുവരെ പിടിച്ചുനില്‍ക്കാന്‍ താല്‍ക്കാലിക വരുമാനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. പക്ഷെ അതുകൊണ്ട് മതിയാക്കാതെ അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുക. ഓണ്‍ലൈനിലൂടെയും മറ്റും നല്ല പ്രൊഫഷണല്‍ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുക.
ഓര്‍ക്കുക, ഈ ഘട്ടവും കടന്നുപോകും.