ക്രെഡിറ്റ് കാർഡ് ബില്ലുകൾ മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടയ്ക്കുന്നത് എങ്ങനെ?
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോള്‍ അതിൻ്റേതായ അപകടസാധ്യതകൾ ഉണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക;
ബില്ലുകൾ സമയബന്ധിതമായി അടയ്ക്കാന്‍ സാധിക്കുക എന്നത് ക്രെഡിറ്റ് കാർഡിന്റെ ഏറ്റവും പ്രയോജനകരമായ ഉപയോഗങ്ങളില്‍ ഒന്നാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ വൈകി അടച്ചാല്‍ ഉണ്ടാകുന്ന അധിക ഫീസ്, പലിശ എന്നിവ ഒഴിവാക്കാനായി ഉപയോക്താക്കള്‍ക്ക് മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവുന്നതാണ്.
ബാലൻസ് ട്രാൻസ്ഫർ, യുപിഐ, ക്യാഷ് അഡ്വാൻസ് എന്നിവ വഴി നിങ്ങള്‍ക്ക് ക്രെഡിറ്റ് കാർഡ് ബില്ലുകൾ മറ്റൊരു കാർഡ് വഴി അടയ്ക്കാം.
ബാലൻസ് കൈമാറ്റം
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകള്‍ അടയ്‌ക്കാന്‍ ഒരു ക്രെഡിറ്റ് കാർഡിൻ്റെ ബാക്കി തുക മറ്റൊരു ക്രെഡിറ്റ് കാർഡിലേക്ക് മാറ്റാം. ഇത്തരത്തില്‍ മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങളുടെ ക്രെഡിറ്റ് കാർഡിലെ അധിക ബാലൻസ് നിങ്ങൾക്ക് ഒഴിവാക്കാം. മറ്റൊരു ക്രെഡിറ്റ് കാർഡിനായി ബിൽ പേയ്‌മെൻ്റുകൾ നടത്താനായി കുറഞ്ഞ പലിശ നിരക്കുള്ള ഒരു ക്രെഡിറ്റ് കാർഡാണ് ഉപയോഗിക്കേണ്ടത്. ഒരു കാർഡിൽ നിന്ന് മറ്റൊന്നിലേക്ക് ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നതിന് ബാങ്കുകള്‍ ഫീസ് ഈടാക്കുമെന്നത് ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ബാങ്കുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
ഡിജിറ്റൽ വാലറ്റുകൾ
പൈസ സൂക്ഷിക്കുന്നതിന് ഡിജിറ്റൽ വാലറ്റുകൾ ഇപ്പോള്‍ സാധാരണയായി ഉപയോഗിക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റുകൾ ഉൾപ്പെടെ മിക്ക തരത്തിലുള്ള പേയ്‌മെൻ്റുകളും നടത്താൻ ഈ വാലറ്റുകൾ ഉപയോഗിക്കാം. ക്രെഡിറ്റ് കാർഡ് ബില്ലുകള്‍ അടയ്ക്കുന്നതിനായി നിങ്ങളുടെ ഡിജിറ്റൽ വാലറ്റിൽ പണം ചേർക്കേണ്ടതുണ്ട്. ബാങ്കിൻ്റെ വെബ്‌സൈറ്റിൽ നിങ്ങളുടെ കാർഡും മറ്റ് ആവശ്യമായ വിശദാംശങ്ങളും നൽകി ഓൺലൈനിൽ നിങ്ങളുടെ ഡിജിറ്റൽ വാലറ്റിലേക്ക് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് എളുപ്പത്തിൽ ലിങ്ക് ചെയ്യാം. ഇതിനായി ബാങ്ക് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) അയയ്ക്കുന്നതാണ്. ക്രെഡിറ്റ് കാർഡ് നിങ്ങളുടെ ഡിജിറ്റൽ വാലറ്റുമായി ലിങ്ക് ചെയ്‌തു കഴിഞ്ഞാൽ, നിങ്ങൾക്ക് നിങ്ങളുടെ വാലറ്റിലേക്ക് പണം ചേർക്കുകയും ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റുകൾ നടത്താൻ അത് ഉപയോഗിക്കുകയും ചെയ്യാം.
ക്യാഷ് അഡ്വാന്‍സ്
മറ്റൊരു കാർഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റുകൾ നടത്താനുള്ള മറ്റൊരു മാർഗമാണ് ക്യാഷ് അഡ്വാൻസ്. ബിൽ പേയ്‌മെൻ്റുകൾ നടത്താൻ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാം. ബാങ്ക് നിശ്ചയിച്ചിട്ടുള്ള ക്യാഷ് അഡ്വാൻസ് പരിധി വരെ ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും. ക്രെഡിറ്റ് കാർഡ് വഴി പണം പിൻവലിക്കുമ്പോള്‍ എടിഎം പിൻവലിക്കൽ ഫീസ് ഈടാക്കുമെന്ന കാര്യം ശ്രദ്ധിക്കുക. അതിനാൽ, ഈ രീതി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ചെലവേറിയതായി മാറിയേക്കാം.
ക്രെഡിറ്റ് കാർഡ് ബില്ലുകളുടെ പേയ്മെൻ്റ് രീതി കാർഡ് ഉടമകളുടെ സൗകര്യത്തെ ആശ്രയിച്ചാണ് ഉളളത്. മറ്റൊരു കാർഡിനായി പണമടയ്ക്കുന്നതിന് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് മുമ്പ് ക്രെഡിറ്റ് പരിധി, പലിശ നിരക്ക്, കുടിശിക തിരിച്ചടക്കാനുള്ള ശേഷി എന്നിവ സംബന്ധിച്ച് ഉപയോക്താവിന് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റുകളുടെ ഓരോ രീതിയും അനുബന്ധ ചെലവുകളും വിശദമായി വിശകലനം ചെയ്ത ശേഷം വേണം ഏത് മാര്‍ഗമാണ് ബില്ലുകള്‍ അടയക്കാന്‍ സ്വീകരിക്കാന്‍ എന്ന തീരുമാനത്തിലെത്താന്‍. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോള്‍ അതിൻ്റേതായ അപകടസാധ്യതകൾ ഉണ്ടെന്ന കാര്യം ഉപയോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.