വ്യക്തിഗത വായ്പയോ വസ്തു ഈടിന്മേലുള്ള വായ്പയോ ഏതാണ് കൂടുതല്‍ നല്ലത്?

Update:2018-09-23 10:00 IST

പണം അത്യാവശ്യമായി വരുമ്പോള്‍ സാധാരണ എല്ലാവരും ചിന്തിക്കുന്നത് വ്യക്തിഗത വായ്പകളെക്കുറിച്ചാണ്. ലഭിക്കുവാനുള്ള എളുപ്പം, ലളിതമായ നടപടിക്രമങ്ങള്‍ എന്നിവയെല്ലാം ഇതിനെ ആകര്‍ഷകമാക്കുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ആശ്രയിക്കാന്‍ സാധിക്കുന്ന സമാനമായ സൗകര്യങ്ങളെല്ലാം ലഭ്യമായ ഒന്നാണ് വസ്തു ഈടിന്‍മേല്‍ നല്‍കുന്ന വായ്പകള്‍.

ഭവന വായ്പാ ബാധ്യതയുള്ളതോ സ്വന്തം ഉടമസ്ഥതയില്‍ ഉള്ളതോ ആയ സ്ഥലത്തിന്റെ ഈടില്‍ ഒരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്നെടുക്കുന്ന സുരക്ഷിതമായ വായ്പയാണ് ലോണ്‍ എഗെന്‍സ്റ്റ് പ്രോപ്പര്‍ട്ടി അല്ലെങ്കില്‍ വസ്തു ഈടിലുള്ള വായ്പ. ഇങ്ങനെ പരിഗണിക്കപ്പെടുന്ന സ്ഥലത്തിന്റെ മൂല്യം വിപണി വിലയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുകയും അതിന്റെ നിശ്ചിത ശതമാനം വായ്പയായി നല്‍കുകയും ചെയ്യുന്നതാണിവിടത്തെ രീതി.

തിരിച്ചടവു ശേഷി, എന്ത് ആവശ്യത്തിനാണോ വായ്പ എടുക്കുന്നത് തുടങ്ങിയ ഘടകങ്ങളും വായ്പ അനുവദിക്കും മുന്‍പു വിലയിരുത്തും. തുല്യ മാസ ഗഡുക്കളായാവും (ഇ.എം.ഐ.) വായ്പാ തുക തിരിച്ചു പിടിക്കുക. കുട്ടികളുടെ വിവാഹം, ബിസിനസ്, വിദ്യാഭ്യാസം തുടങ്ങി ഒട്ടനവധി ആവശ്യങ്ങള്‍ക്കായി വസ്തുവിന്റെ ഈടിന്‍മേലുള്ള ഈ വായ്പകള്‍ പ്രയോജനപ്പെടുത്താനാവും.

മികച്ചതേത്

ഇത്തരം വായ്പകളും വ്യക്തിഗത വായ്പകളും തമ്മില്‍ താരതമ്യം ചെയ്യുന്നതും നന്നായിരിക്കും. വായ്പ തേടുന്ന വ്യക്തിയുടെ വരുമാന നില, തൊഴില്‍, തിരിച്ചടവു ശേഷി തുടങ്ങിയവ വിലയിരുത്തിയ ശേഷമാണല്ലോ വ്യക്തിഗത വായ്പകള്‍ നല്‍കുന്നത്. ഇവിടെ സ്വര്‍ണമോ വസ്തുവോ പോലെ എന്തെങ്കിലും കൊളാറ്ററല്‍ ഈട് നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ ഇത്തരം വായ്പകളുടെ പലിശ നിരക്ക് താരതമ്യേന ഉയര്‍ന്നതായിരിക്കും. വസ്തു ഈടായി വാങ്ങിയുള്ള വായ്പയേക്കാള്‍ കുറഞ്ഞ കാലാവധിയായിരിക്കും വ്യക്തിഗത വായ്പകള്‍ക്കുണ്ടാകുക എന്നതും ശ്രദ്ധേയമാണ്.

വായ്പ എടുക്കുന്ന വ്യക്തിയുടെ പ്രായം, വരുമാനം, യോഗ്യത തുടങ്ങിയവയെല്ലാം പരിഗണിച്ച് വസ്തു ഈടായുള്ള വായ്പകളില്‍ 15 വര്‍ഷം വരെ കാലാവധി അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറാവാറുണ്ട്. ഇതുമൂലം പ്രതിമാസ തിരിച്ചടവു തുക കുറയുകയും ചെയ്യും. ഇതേ സമയം വ്യക്തിഗത വായ്പകളില്‍ അഞ്ചു വര്‍ഷം വരെ മാത്രമേ കാലാവധി അനുവദിക്കാറുള്ളു.

താരതമ്യേന കുറഞ്ഞ നിരക്ക്

അനുവദിക്കുന്ന തുകയുടെ കാര്യത്തിലും ഇതുപോലുള്ള അന്തരം കാണാം. വസ്തു ഈടായുള്ള വായ്പകളില്‍ ഒരു ഭൗതീക ആസ്തിയുടെ പിന്‍ബലവും സുരക്ഷിതത്വവും ഉള്ളതിനാല്‍ ഗണ്യമായ ഒരു തുക തന്നെ വായ്പയായി ലഭിക്കും. ഇതേ സമയം വ്യക്തിഗത വായ്പകളില്‍ 15-20 ലക്ഷം രൂപ വരെ മാത്രമേ പരമാവധി ലഭിക്കു. പലിശ നിരക്കുകളുടെ കാര്യത്തില്‍ മറ്റു ചില നേട്ടങ്ങള്‍ കൂടി വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്. പലിശ നിരക്കു കുറയുന്ന സാഹചര്യത്തില്‍ നേട്ടമുണ്ടാക്കാനാവുന്ന ഫ്‌ളോട്ടിംഗ് നിരക്കുകളാവും ഇവയില്‍ ലഭിക്കുക. വ്യക്തിഗത വായ്പകളെ അപേക്ഷിച്ചുള്ള കുറഞ്ഞ നിരക്കുകള്‍ക്കു പുറമേയാണീ നേട്ടം.

വസ്തു ഈടായി നല്‍കുന്ന വായ്പകളില്‍ മൂല്യ നിര്‍ണയം അടക്കമുള്ള എല്ലാ നടപടി ക്രമങ്ങളും ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കി വായ്പ വിതരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. പിഴ ഈടാക്കാതെ തന്നെ വായ്പ മുന്‍കൂട്ടി അടച്ചു തീര്‍ക്കാനുള്ള സൗകര്യം, ആവശ്യമെങ്കില്‍ നിലവിലുള്ള വായ്പയുടെ മേല്‍ കൂടുതല്‍ തുക വായ്പ എടുക്കാനുള്ള അവസരം എന്നിവയും ലഭ്യമാണ്. വ്യക്തിഗത വായ്പകള്‍ക്കും വസ്തു ഈടിന്‍മേലുള്ള വായ്പകള്‍ക്കും അവയുടേതായ നേട്ടങ്ങളുണ്ട്. ഓരോരുത്തരുടെയും സഹാചര്യങ്ങള്‍ കണക്കിലെടുത്താവണം വായ്പാ തീരുമാനം.

ലേഖകന്‍ പി.എന്‍.ബി. ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ആന്‍ഡ് ബിസിനസ് ഹെഡ്ഡാണ്

Similar News