സമ്പത്തുകാലത്ത് തൈ പത്തു വച്ചാല്‍... പ്രവാസികള്‍ ശീലമാക്കേണ്ട നിക്ഷേപ മാര്‍ഗങ്ങള്‍

തുടക്കം മുതല്‍ കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തിയാല്‍ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോള്‍ സമാധാനമായി ശിഷ്ട ജീവിതം നയിക്കാം

Update:2024-09-04 11:17 IST

image credit : canva

സ്വന്തം സ്വപ്‌നങ്ങള്‍ക്ക് അവധി കൊടുത്ത് പ്രിയപ്പെട്ടവരുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന പ്രവാസികളില്‍ എത്രപേര്‍ക്ക് ശരിയായ സമ്പാദ്യ-നിക്ഷേപ ശീലങ്ങളുണ്ട്. ജനിച്ച നാടും വീടും വിട്ട് അയല്‍നാടുകളില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ചാല്‍ മാത്രം മതിയോ? സമ്പാദ്യം കൃത്യമായി സംരക്ഷിച്ച് ആസ്തി മെച്ചപ്പെടുത്തേണ്ടതല്ലേ. പ്രവാസത്തിന്റെ തുടക്കം മുതല്‍ കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തിയാല്‍ കാലം ചെല്ലുമ്പോള്‍ സമാധാനമായി ശിഷ്ട ജീവിതം നയിക്കാം. ഇതിനായി മികച്ച നിക്ഷേപ സാധ്യതകളും നികുതി ലാഭിക്കാവുന്ന മാര്‍ഗങ്ങളും മനസിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ചില നിക്ഷേപ സാധ്യതകളെ പരിചയപ്പെടാം.

സ്റ്റോക്കുകളും മ്യൂച്വല്‍ ഫണ്ടുകളും

ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് : പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം (പി.ഐ.എസ്) അക്കൗണ്ട് വഴി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നേരിട്ട് നിക്ഷേപം നടത്താന്‍ സാധിക്കും. ഓഹരി വിപണിയിലെ നിക്ഷേപത്തിന് പ്രവാസികള്‍ക്ക് ആദ്യം വേണ്ടത് ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളാണ്. പ്രവാസികള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
മ്യൂച്വല്‍ ഫണ്ടുകള്‍:
ഏറ്റവും ജനപ്രിയമായ നിക്ഷേപസാധ്യതയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മറ്റ് നിക്ഷേപ സാധ്യതകളെ പരിഗണിക്കുമ്പോള്‍ കുറഞ്ഞ അപകടസാധ്യതയും മാന്യമായ വരുമാനവും മ്യൂച്വല്‍ ഫണ്ടുകളിലൂടെ നേടാന്‍ സാധിക്കും. എന്‍.ആര്‍.ഇ, എന്‍.ആര്‍.ഒ അക്കൗണ്ടുകള്‍ വഴി വിദേശ ഇന്ത്യക്കാര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം.

സ്ഥിര നിക്ഷേപങ്ങള്‍ (ഫിക്‌സഡ് ഡെപ്പോസിറ്റ്)

സുരക്ഷിതമായ നിക്ഷേപ സാധ്യതയാണ് പരിഗണിക്കുന്നതെങ്കില്‍ നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (NRE), നോണ്‍ റസിഡന്റ് ഓര്‍ഡിനറി (NRO) സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപിക്കാം. എന്‍.ആര്‍.ഇ സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ കാലാവധി ഒരു വര്‍ഷമാണ്. എന്നാല്‍ എന്‍.ആര്‍.ഒ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള കുറഞ്ഞ കാലാവധി വെറും ഏഴ് ദിവസം മാത്രമാണ്.

ബോണ്ടുകള്‍

ആര്‍ബിഐ ബോണ്ടുകള്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നല്‍കുന്ന ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് മാന്യമായ റിട്ടേണുകളുള്ള സുരക്ഷിത നിക്ഷേപ സാധ്യതയാണ്. ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന മാര്‍ഗമാണിത്.
കോര്‍പ്പറേറ്റ് ബോണ്ടുകള്‍
 ഒരു വര്‍ഷത്തിലധികം കാലാവധിയില്‍ കമ്പനികള്‍ നല്‍കുന്ന ഡെറ്റ് ഉപകരണങ്ങളാണ് കോര്‍പ്പറേറ്റ് ബോണ്ടുകള്‍. കമ്പനികളുടെ മൂലധന സമാഹരണത്തിന്റെ ഭാഗമായാണ് ഇത്തരം ബോണ്ടുകള്‍ ഇറക്കുന്നത്. നിക്ഷേപത്തിന് കമ്പനി നല്‍കുന്ന പലിശയാണ് ഉപയോക്താവിന് ലാഭമായി ലഭിക്കുന്നത്.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS)

ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും ഒരു നിശ്ചിത ശതമാനം തുക ഒരു കേന്ദ്രീകൃത പെന്‍ഷന്‍ സംവിധാനത്തിലേക്ക് നല്‍കാനും അതുവഴി പെന്‍ഷന്റെ രൂപത്തില്‍ ഭാവി സുരക്ഷിതമാക്കാനും അനുവദിക്കുന്ന ഒരു വോളണ്ടറി റിട്ടയര്‍മെന്റ് സേവിംഗ്‌സ് സംവിധാനമാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം. എന്‍.ആര്‍.ഐകള്‍ക്ക് എന്‍.പി.എസില്‍ നിക്ഷേപം നടത്താം. നികുതി ആനുകൂല്യങ്ങളും വിപണിയുമായി ബന്ധപ്പെട്ട റിട്ടേണുകളും അടങ്ങുന്ന കൃത്യമായ റിട്ടയര്‍മെന്റ് സേവിംഗ്‌സ് നടപ്പിലാക്കാന്‍ ഇതിലൂടെ സാധിക്കും.

അസറ്റ് ലീസിംഗ്

കുറഞ്ഞ അപകട സാധ്യതയില്‍ പ്രതിമാസ വരുമാനം സൃഷ്ടിക്കുന്ന ഒരു നിക്ഷേപരീതിയാണ് അസറ്റ് ലീസിംഗ്. ഉപകരണങ്ങള്‍, ഭൂമി, കെട്ടിടങ്ങള്‍ പോലുള്ള ആസ്തികള്‍ പാട്ടത്തിന് നല്‍കി ഓരോ മാസവും നിക്ഷിത തുക സമ്പാദിക്കാവുന്ന നിക്ഷേപ മാര്‍ഗമാണിത്.

റിയല്‍ എസ്റ്റേറ്റ്

റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി
വളര്‍ന്നു വരുന്ന നഗരങ്ങളില്‍ താമസ സൗകര്യങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെ ആയിരിക്കും. ഇത്തരത്തിലുള്ള നഗരങ്ങളില്‍ ഭൂമി, കെട്ടിടം എന്നിവ വാങ്ങിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്നതിലൂടെ കൃത്യമായ മാസ വരുമാനം സൃഷ്ടിക്കാന്‍ സഹായിക്കും.
കൊമേര്‍ഷ്യല്‍ പ്രോപ്പര്‍ട്ടി
വാണിജ്യാവശ്യത്തിനുള്ള റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളെ അപേക്ഷിച്ചു ഉയര്‍ന്ന വരുമാനം നല്‍കുന്നുവെങ്കിലും പ്രാരംഭ നിക്ഷേപം കൂടുതലായിരിക്കും. പക്ഷേ നഗരവത്കരണത്തിലേക്ക് കുതിക്കുന്ന നിരവധി ചെറുപട്ടണങ്ങളുള്ള കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ വരുമാന സാധ്യത വലുതാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

നികുതി ലാഭിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍

ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ (DTAA)
ഇരട്ടനികുതി തടയാന്‍ പല രാജ്യങ്ങള്‍ക്കും ഇന്ത്യയുമായി ഇരട്ട നികുതി ഒഴിവാക്കല്‍ കരാറുകള്‍ (Double taxation avoidance agreement DTAA) നിലവിലുണ്ട്. നികുതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഡി.ടി.എ.എ കരാറിലൂടെ സാധിക്കും. വിവിധ രാജ്യങ്ങളിലെ വരുമാനത്തിന് ഒരിടത്ത് മാത്രം നികുതി അടയ്ക്കാന്‍ കഴിയുന്ന സംവിധാനമാണിത്. നികുതി ചുമത്തലില്‍ സുതാര്യതയും നീതിയും പാലിക്കാനുള്ള ഒരു അന്താരാഷ്ട്ര കരാറാണിത്.
നികുതി രഹിത നിക്ഷേപങ്ങള്‍
എന്‍.ആര്‍.ഇ, എഫ്.സി.എന്‍.ആര്‍ അക്കൗണ്ടുകള്‍: എന്‍.ആര്‍.ഇ, ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് (FCNR) അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശക്കു ഇന്ത്യയില്‍ നികുതി അടക്കേണ്ടതില്ല. എന്നാല്‍ എന്‍.ആര്‍.ഒ അക്കൗണ്ടുകളിലൂടെ ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയില്‍ നികുതി നല്‍കണം.
നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യല്‍
ഇന്ത്യയില്‍ നികുതി വിധേയമായ വരുമാനമുള്ള വിദേശ ഇന്ത്യക്കാര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സത്യസന്ധമായും കൃത്യമായും നികുതി റിട്ടേണ്‍ ചെയ്യുന്നതിനായി ഒരു നികുതി വിദഗ്ധന്റെ സഹായം തേടുന്നതും നല്ലതാണ്.
Tags:    

Similar News