ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുംമുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആശുപത്രി ചെലവുകള്‍ തരണം ചെയ്യാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വളരെ ഗുണകരമാണ്
അപകടങ്ങളും രോഗങ്ങളും ഏതുനിമിഷം വേണമെങ്കിലും വരാം. ഇത്തരം അവസ്ഥകളില്‍ ഉണ്ടാകുന്ന ആശുപത്രി ചെലവുകള്‍ തരണം ചെയ്യാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വളരെ ഗുണകരമാണ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐ.ആര്‍.ഡി.എ.ഐ) കര്‍ശന നിരീക്ഷണമുള്ളതിനാല്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിക്കും യഥാര്‍ത്ഥ ക്ലെയിം നിരസിക്കാന്‍ സാധിക്കില്ല. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.
1. ഓരോ ഇന്‍ഷുറന്‍സ് കമ്പനിക്കും വ്യത്യസ്ത തരത്തിലുള്ള പാക്കേജുകളാണുള്ളത്. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനും ശേഷവുമുള്ള കവറേജ് ചില കമ്പനികള്‍ നല്‍കാറില്ല. നിങ്ങള്‍ക്ക് അനുയോജ്യമായത് ഏതാണെന്ന് കൃത്യമായി മനസിലാക്കിയ ശേഷം മാത്രം പോളിസിയെടുക്കുക.
2. പല കമ്പനികള്‍ക്കും ആശുപത്രിയിലെ മുറി വാടകയില്‍ വ്യത്യസ്ത പരിധികളാകും. ഇക്കാര്യം മുന്‍കൂട്ടി മനസിലാക്കിയില്ലെങ്കില്‍ നിങ്ങളുടെ കൈയില്‍ നിന്ന് പണം ചെലവാക്കേണ്ടി വരും. മൊത്തം കവറേജിന്റെ ഒരു നിശ്ചിത ശതമാനമാകും മുറിവാടകയ്ക്കായി അനുവദിക്കുക.
ഏതു ആശുപത്രിയിലാണ് നിങ്ങള്‍ ചികിത്സ തേടുക, താമസിക്കുന്ന സ്ഥലം എന്നിവയനുസരിച്ച് മുറിവാടക വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ പോളിസി എടുക്കുംമുമ്പേ ഇക്കാര്യത്തില്‍ ധാരണ ഉണ്ടാക്കുക. കൂടുതല്‍ വാടകയുള്ള മുറികളില്‍ താമസിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ അതിനനുസരിച്ച പ്ലാന്‍ തിരഞ്ഞെടുക്കുക.
3. നിങ്ങളെടുക്കുന്ന ഇന്‍ഷുറന്‍സ് പോളിസിക്ക് ഏതൊക്കെ ആശുപത്രികളില്‍ സാധുതയുണ്ടെന്ന കാര്യം ഉറപ്പുവരുത്തുക. സ്ഥിരം പോകുന്നതും അടുത്തുള്ളതുമായ ആശുപത്രികള്‍ ലിസ്റ്റില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയില്ലെങ്കില്‍ പോളിസി കൊണ്ട് വലിയ പ്രയോജനം ലഭിക്കില്ല. പോളിസി എടുക്കും മുമ്പ് നിങ്ങള്‍ സ്ഥിരമായി പോകുന്ന ആശുപത്രിയിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നത് നല്ലതായിരിക്കും.
4. ഏതൊക്കെ അസുഖങ്ങള്‍ക്ക് കവറേജ് ലഭിക്കുമെന്ന് വിശദമായി അറിയുക. ഓരോ കമ്പനികളും കവറേജ് ലഭിക്കുന്ന രോഗങ്ങളുടെ ലിസ്റ്റ് നേരത്തെ തന്നെ കൈമാറാറുണ്ട്. നിങ്ങളുടെ ആവശ്യം അറിഞ്ഞ് പോളിസി തിരഞ്ഞെടുക്കുന്നതിന് ഇത് ഗുണം ചെയ്യും.