ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ചെലവേറും, പ്രീമിയം തുക വര്‍ധിപ്പിക്കാനൊരുങ്ങി ഈ കമ്പനികള്‍

ചികിത്സാച്ചെലവിലുണ്ടായ വര്‍ധന ചെറുക്കാനാണ് പ്രീമിയം തുക വര്‍ധിപ്പിക്കുന്നതെന്നാണ് വാദം

Update:2024-08-27 17:53 IST
ചികിത്സാച്ചെലവിലുണ്ടായ വര്‍ധന ചെറുക്കുന്നതിനായി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക കൂട്ടാനൊരുങ്ങി രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികള്‍. സ്റ്റാര്‍ ഹെല്‍ത്ത്, അലൈഡ് ഇന്‍ഷുറന്‍സ് എന്നിവര്‍ തങ്ങളുടെ 30% ഉല്‍പ്പന്നങ്ങള്‍ക്ക് 10% മുതല്‍ 15% വരെ പ്രീമിയം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. മറ്റൊരു കമ്പനിയായ എച്ച്.ഡി.എഫ്.സി എര്‍ഗോ ഇതിനോടകം പ്രീമിയം ഉയര്‍ത്തിയിട്ടുണ്ട്. നിവ ബുപ, ന്യൂ ഇന്ത്യ അഷുറന്‍സ് തുടങ്ങിയവരും പ്രീമിയം വര്‍ധനയ്‌ക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
എച്ച്.ഡി.എഫ്.സി എര്‍ഗോ തങ്ങളുടെ മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളായ ഒപ്റ്റിമ സെക്യൂര്‍ (Optima Secure) ഒപ്റ്റിമ റീസ്റ്റോര്‍(Optima Restore) എന്നിവയുടെ പ്രീമിയം ഓഗസ്റ്റില്‍ ഉയര്‍ത്തിയിരുന്നു. നിവാ ബുപയുടെ പോളിസിയായ ഹെല്‍ത്ത് കമ്പാനിയന്റെ പ്രീമിയവും കൂട്ടും. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറന്‍സ് പ്രീമിയം തുകയില്‍ വരുത്തിയ വര്‍ധന നവംബര്‍ മുതല്‍ നിലവില്‍ വരും.
കാരണമെന്ത്?
ആരോഗ്യ സേവനങ്ങള്‍ക്കും ചികിത്സയ്ക്കുമുള്ള ചെലവ് വര്‍ധിച്ചതും ഇന്‍ഷുറന്‍സ് എടുക്കുമ്പോഴുള്ള രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കുന്ന കാത്തിരിപ്പ് കാലാവധി മൂന്ന് വര്‍ഷമായി കുറച്ചതും ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്‍ഷുറന്‍സുകള്‍ക്കുള്ള മൊറട്ടോറിയം കാലയളവ് എട്ടില്‍ നിന്ന് അഞ്ച് വര്‍ഷമായി കുറച്ചതും തിരിച്ചടിയാണെന്നാണ് ഇവരുടെ വാദം. ഇതനുസരിച്ച് തുടര്‍ച്ചയായി അഞ്ച് വര്‍ഷം പ്രീമിയം അടച്ച ഉപയോക്താവിന്റെ ഇന്‍ഷുറന്‍സ് പരിധിക്കുള്ളിലുള്ള എല്ലാ ക്ലെയിമുകളും അനുവദിക്കണമെന്നാണ് ചട്ടം.
കോവിഡ് മഹാമാരി സമയത്ത് ക്ലെയിമുകള്‍ കുതിച്ചുയരുകയും ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി പ്രീമിയത്തില്‍ വന്‍ വര്‍ധനയുണ്ടായിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇപ്പോള്‍ ലാഭകരമാണെങ്കിലും, ചികിത്സാ ചെലവ് ഉയര്‍ന്ന നിലയില്‍ തുടരുന്നത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നിരവധി ജനപ്രിയ പോളിസികളുടെ പ്രീമിയം വര്‍ധിക്കുന്നതിന് കാരണമായി.
നിലവിലുള്ള 30 ശതമാനം പോളിസികളില്‍ 10-15 ശതമാനം വരെ വര്‍ധനയാണ് കമ്പനി ഉദേശിക്കുന്നതെന്ന് സ്റ്റാര്‍ ഹെല്‍ത്തിന്റെ ചീഫ് സ്ട്രാറ്റജി ആന്‍ഡ് ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഓഫീസറായ അദിത്യ ബിയാനിയുടെ വാദം. ഫലത്തില്‍ 4 ശതമാനത്തിന്റെ വര്‍ധനയേ ഉണ്ടാകൂ എന്നും അദ്ദേഹം വിശദീകരിക്കുന്നു.
പ്രീമിയം കൂടിയെന്ന് ഉപയോക്താക്കളും
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 25 ശതമാനം വരെ വര്‍ധനയുണ്ടായെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേരും അഭിപ്രായപ്പെട്ടിരുന്നു. പ്രീമിയത്തില്‍ 50 ശതമാനം വരെ വര്‍ധനയുണ്ടായെന്ന് 21 ശതമാനം പേരും 10-25 ശതമാനം കൂടിയെന്ന് 31 ശതമാനം പേരും പറഞ്ഞു.
Tags:    

Similar News