യുവാക്കള്‍ക്കായി എല്‍.ഐ.സിയുടെ നാല് ടേം പോളിസികള്‍; വായ്പാ തിരിച്ചടവിനും സംരക്ഷണം, വിശദാംശങ്ങള്‍ നോക്കാം
ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളുടെ തിരിച്ചടവിന് സംരക്ഷണം
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുവാക്കള്‍ക്കായി പുതിയ ടേം പോളിസികള്‍ അവതരിപ്പിച്ചു. യുവ ടേം, ഡിജി ടേം, യുവ ക്രെഡിറ്റ് ലൈഫ്, ഡിജി ക്രെഡിറ്റ് ലൈഫ് എന്നിങ്ങനെ നാല് പോളിസികളാണ് അവതരിപ്പിച്ചത്. യുവാക്കള്‍ക്കായുള്ള ടേം ഇന്‍ഷുറന്‍സ് പോളിസികളാണ് യുവ ടേം, ഡിജി ടേം പ്ലാനുകള്‍. ഇതിനൊപ്പം ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളുടെ തിരിച്ചടവിന് സംരക്ഷണം ഉറപ്പാക്കുന്നതാണ് യുവ ക്രെഡിറ്റ് ലൈഫ്, ഡിജി ക്രെഡിറ്റ് ലൈഫ് പദ്ധതികള്‍.
എല്‍.ഐ.സി യുവ ടേം ഓഫ്‌ലൈന്‍ വഴിയും ഏജന്റ്മാര്‍ വഴിയും ലഭ്യമാണ്. അതേ സമയം ഡിജി ടേം വെബ്‌സൈറ്റ് വഴി മാത്രമാണ് ലഭ്യമാകുക.
പോളിസി സവിശേഷത
പോളിസിയുടമയുടെ അഭാവത്തിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നോണ്‍ ലിങ്കഡ് റിസ്‌ക് പ്ലാനുകളാണ് യുവ, ഡിജി ടേം പ്ലാനുകൾ. 18 മുതല്‍ 45 വയസു വരെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. 33 മുതല്‍ 75 വയസുവരെയാണ് മച്യുരിറ്റി.
50 ലക്ഷം രൂപയാണ് മിനിമം സംഅഷ്വേര്‍ഡ്. പരമാവധി അഞ്ച് കോടി രൂപ വരെ ലഭിക്കും. ഉയര്‍ന്ന സംഅഷ്വേര്‍ഡിന് ആകര്‍ഷകമായ നിരക്കിളവുണ്ട്. സ്ത്രീകള്‍ക്കും കുറഞ്ഞ പ്രീമിയം നിരക്ക് ലഭിക്കും. റെഗുലര്‍, ലിമിറ്റഡ് പ്രീമിയം പേയ്‌മെന്റുകള്‍ക്ക് വാര്‍ഷിക പ്രീമിയത്തിന്റെ ഏഴ് മടങ്ങ് അല്ലെങ്കില്‍ മൊത്തം അടച്ച പ്രീമിയത്തിന്റെ 105 ശതമാനം വരെ ലഭിക്കും.
യുവ ക്രെഡിറ്റ് ലൈഫ്, ഡിജി ക്രെഡിറ്റ് ലൈഫ് പദ്ധതികളില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ അവരുടെ പേരിലുള്ള വായ്പയുടെ തിരിച്ചടവുകൂടി ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തും.