കോവിഡ് മാറ്റിമറിച്ച മേഖലകളില്‍ മുന്നിലാണ് റിയല്‍ എസ്റ്റേറ്റ്. ഓഫീസ് മുറികളില്‍ നിന്ന് ജോലി വീടുകളിലേക്ക് മാറിയതും നഗരങ്ങളില്‍ നിന്ന് ചെറുപട്ടണങ്ങളിലേക്ക് ആളുകളുടെ മാറ്റവുമൊക്കെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ളാണ് കൊണ്ടുവന്നത്. മാത്രമല്ല, ലോക്ക്ഡൗണിനെ തുടര്‍ന്ന് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാതായപ്പോള്‍ വെര്‍ച്വല്‍ സൈറ്റ് വിസിറ്റിംഗ് ഒക്കെയായി ഈ മേഖല ഡിജിറ്റലാകുകയും ചെയ്തു. അതേസമയം, നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം വില ഉയരുമെന്ന ആശങ്കയും മുന്നിലുണ്ട്. ഈ വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായേക്കാവുന്ന പ്രവണതകളെ കുറിച്ച് ആഗോള റിയല്‍ എസ്റ്റേറ്റ് (Real Estate) ഏജന്‍സിയായ നൈറ്റ് ഫ്രാങ്ക് നടത്തിയ നിരീക്ഷണങ്ങളിതാ:
1.റസിഡന്‍ഷ്യല്‍ വിപണി കരുത്താര്‍ജ്ജിക്കുന്നു
കോവിഡിന് ശേഷം റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളുടെ ഡിമാന്‍ഡ് കൂടുകയാണ്. അതോടൊപ്പം വിലയും വര്‍ധിച്ചുവരുന്നുണ്ട്. ഈ മേഖലയില്‍ 5 ശതമാനം വരെ വില കൂടാനുള്ള സാധ്യതയാണ് നൈറ്റ് ഫ്രാങ്ക് പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വര്‍ക്ക് അറ്റ് ഹോം പോലുള്ള അനുകൂല ഘടകങ്ങള്‍ വീട് വില്‍പ്പനയെ ത്വരിതപ്പെടുത്തുമെന്നും നൈറ്റ് ഫ്രാങ്ക് വിലയിരുത്തുന്നു.
2 ഐറ്റി കമ്പനികള്‍ മുന്നോട്ട് വരും
ഐറ്റി മേഖലയില്‍ കൂടുതല്‍ ഓഫീസ് സൗകര്യം വേïി വരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 18 മാസങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ അഞ്ച് ഐറ്റി കമ്പനികള്‍ക്ക് മാത്രം ഏകദേശം 11.67 ദശലക്ഷം ചതുരശ്രയടി ഓഫീസ് സ്പേസ് വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
3 കോ വര്‍ക്കിംഗ് മേഖല പുഷ്ടിക്കും
കോവിഡിന് ശേഷം ബിസിനസുകള്‍ ചെലവ് കുറയ്ക്കലിനെ കുറിച്ച് കാര്യമായി ചിന്തിച്ചുവരുന്ന സമയമാണ്. ഇതിനായി സാധ്യമായ വഴികളെല്ലാം കമ്പനികള്‍ തേടുമ്പോള്‍ കോ വര്‍ക്കിംഗ് സ്പേസ് ഒരുക്കുന്നവര്‍ക്ക് മികച്ച അവസരമാണ് വരാനിരിക്കുന്നത്.
4 വെയര്‍ ഹൗസുകള്‍ക്ക് ആവശ്യമേറും
ഇകൊമേഴ്സ് മേഖലയുടെ മുന്നേറ്റം വെയര്‍ ഹൗസിംഗ് മേഖലയ്ക്ക് നേട്ടമാകും. വെയര്‍ഹൗസിംഗ് ഇടപാടുകള്‍ 2023 സാമ്പത്തിക വര്‍ഷം 20 ശതമാനം വര്‍ധിക്കുമെന്ന് കണക്കുകൂട്ടുന്നു.
പത്തുമിനുട്ടിനകം ഡെലിവറി ചെയ്യുന്ന സ്ഥാപനങ്ങളടക്കം വ്യാപകമാകുന്നത് എല്ലാ നഗരങ്ങളിലും ഇകൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് വെയര്‍ ഹൗസുകള്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നത്.
5 ഡാറ്റ സെന്ററുകള്‍ വര്‍ധിക്കും
ഡിജിറ്റല്‍ യുഗത്തില്‍ ഡാറ്റ സ്റ്റോറേജിന് വലിയ പ്രാധാന്യമാണുള്ളത്. 5ജിയുടെ കടന്നുവരവും ഡാറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന നിയമവുമെല്ലാം രാജ്യത്ത് ഡാറ്റ സെന്ററുകളുടെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. അതിനായി നിരവധി ഡാറ്റ സെന്ററുകള്‍ ഒരുങ്ങുന്നുണ്ട്.
2022ല്‍ 290 മെഗാവാട്ട് സെര്‍വര്‍ ശേഷി കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ആകെ ഐറ്റി സെര്‍വര്‍ ശേഷി 735 മെഗാവാട്ട് ആയി ഉയരും.