കനത്ത മഴയില്‍ നിര്‍മ്മാണ മേഖലയില്‍ സ്തംഭനം
ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമം
മഴ കനത്തു പെയ്യുന്നത് മൂലം സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയില്‍ സ്തംഭനം തുടരുന്നു. ക്രഷറുകളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിരോധിച്ചതും തുടര്‍ച്ചയായ ഗതാഗത, വൈദ്യുതി തടസ്സങ്ങളും ഗ്രാമീണ മേഖലകളില്‍ കെട്ടിടനിര്‍മ്മാണങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിര്‍മ്മാണ മേഖല സ്തംഭിച്ചതോടെ അനുബന്ധ ഉല്‍പ്പന്നങ്ങളുടെ വിപണിയും മാന്ദ്യത്തിലാണ്. സിമന്റിന് വില കുറഞ്ഞെങ്കിലും വില്‍പ്പന നടക്കുന്നില്ല. തൊഴില്‍ മേഖലയിലേക്കും ഈ പ്രതിസന്ധി വ്യാപിക്കുന്നു.
ക്രഷറുകള്‍ നിശ്ചലം, തൊഴിലാളി ക്ഷാമം
കരിങ്കല്‍, ചെങ്കല്‍ ഖനനം നിര്‍ത്തിവെച്ചതോടെ കെട്ടിട നിര്‍മ്മാണം സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചത്. സര്‍ക്കാര്‍ അനുമതിയുള്ള ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നത് പോലും മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലാണ്. ക്രഷറുകളില്‍ നേരത്തെ സ്‌റ്റോക്കുണ്ടായിരുന്ന മെറ്റല്‍, എം.സാന്റ് തുടങ്ങിയവയാണ് കഴിഞ്ഞ ഏതാനും നാളുകള്‍ വരെ നിര്‍മ്മാണമേഖലയിലേക്ക് എത്തിച്ചിരുന്നു. ഇത് കൂടി തീര്‍ന്നതോടെ ജോലികള്‍ ഏറെകുറെ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മഴക്കാലത്തെ തൊഴില്‍ പ്രതിസന്ധി മുന്നില്‍ കണ്ട് അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് പോയത് ഗ്രാമീണ മേഖലയില്‍ തൊഴിലാളി ക്ഷാമത്തിനും കാരണമായിട്ടുണ്ട്.
ചിലവ് കൂടുന്നതിനാല്‍ വിശ്രമം
മഴക്കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ചിലവ് വര്‍ധിപ്പിക്കുമെന്നതിനാല്‍ പലരും ജോലികള്‍ക്ക് ഇടവേള നല്‍കിയിരിക്കുകയാണ്. ഒട്ടുമിക്ക ജോലികളും യന്ത്രസഹായത്തോടെയായതിനാല്‍, പതിവായി വൈദ്യുതി മുടങ്ങുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. റോഡുകള്‍ പൊട്ടിപൊളിഞ്ഞ് വാഹനഗതാഗത്തെ ബാധിക്കുന്നതിനാല്‍ സൈറ്റുകളില്‍ ഉല്‍പന്നങ്ങൾ എത്തിക്കാനും പലയിടത്തും കഴിയുന്നില്ല. ജോലികള്‍ മുന്നോട്ടു പോകാതിരിക്കുകയും തൊഴിലാളികള്‍ക്ക് കൂലി നല്‍കേണ്ടി വരികയും ചെയ്യുന്നത് പലരെയും നിര്‍മ്മാണ മേഖലയില്‍ നിന്ന് താല്‍കാലികമായി വിട്ടുനിര്‍ത്തുന്നുണ്ട്. ഓണത്തിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള വീട് നിര്‍മ്മാണങ്ങളാണ് ചിലയിടത്തെങ്കിലും പുരോഗമിക്കുന്നത്. ഇതാകട്ടെ, നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് മൂലം ഇഴഞ്ഞാണ് നീങ്ങുന്നത്.