എച്ച് ഡി എഫ് സി ക്യാപിറ്റലില്‍ നിക്ഷേപം നടത്തി അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി!

എച്ച്ഡിഎഫ്‌സി ക്യാപിറ്റലിന്റെ 10 ശതമാനം ഓഹരികള്‍ ADIA സ്വന്തമാക്കും

Update:2022-04-20 12:49 IST

വീണ്ടും ഒരിന്ത്യൻ കമ്പനിയിലേക്ക് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (ADIA) നിക്ഷേപമെത്തി. ഏകദേശം 184 കോടി രൂപ. എച്ച്ഡിഎഫ്സിക്ക് കീഴിലുള്ള എച്ചഡിഎഫ്‌സി ക്യാപിറ്റലിന്റെ 10 ശതമാനം ഓഹരികള്‍ ആണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് വില്‍ക്കാന്‍ എച്ച്ഡിഎഫ്സി കരാര്‍ ഒപ്പുവച്ചത്. 184 കോടി രൂപയുടെ ധന ഇടപാടിനാണ് ഓഹരികളുടെ വിൽപ്പന നടത്തുക. 

എമിറേറ്റ് ഓഫ് അബുദാബിയുടെ ഉടമസ്ഥതയിലുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ട്, എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ നിയന്ത്രിക്കുന്ന ഇതര നിക്ഷേപ ഫണ്ടുകളിലെ പ്രാഥമിക നിക്ഷേപകന്‍ കൂടിയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മോര്‍ട്ട്ഗേജ് ലെന്‍ഡര്‍ ആയ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്സി) അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാണ് എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ അഡൈ്വസേഴ്സ്. പൂര്‍ണമായും പണമിടപാടില്‍ നടത്തുന്ന ഓഹരി വില്‍പ്പനയിലൂടെ 10% ഓഹരികളാണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (എഡിഐഎ) അഫിലിയേറ്റിന് വില്‍ക്കുക.

സ്വകാര്യ ഇക്വിറ്റി റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ 184 കോടി രൂപ മൂല്യമുള്ള ഓഹരി വില്‍പ്പനയ്ക്ക് ശേഷം ബാക്കിയുള്ള 90% ഓഹരിയും HDFC കൈവശം വയ്ക്കുന്നത് തുടരും.

2016 ല്‍ സ്ഥാപിതമായ എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ പ്രധാനമന്ത്രി ആവാസ് യോജന - 'എല്ലാവര്‍ക്കും ഭവനം' എന്ന സംരംഭത്തെ പിന്തുണയ്ക്കുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ ലക്ഷ്യവുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട് എച്ച്ഡിഎഫ്‌സി ക്യാപിറ്റല്‍. സോവറിന്‍ ഫണ്ടിന്റെ ആഗോള വൈദഗ്ധ്യവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താന്‍ എച്ച്ഡിഎഫ്സി ക്യാപിറ്റലിനെ ഇത് പ്രാപ്തമാക്കും.

റിയല്‍ എസ്റ്റേറ്റ്, ടെക്നോളജി ഇക്കോസിസ്റ്റം എന്നിവയിലെ ആഗോള, പ്രാദേശിക നിക്ഷേപകര്‍ക്ക് ഒരു പ്രമുഖ നിക്ഷേപ പ്ലാറ്റ്ഫോമായി മാറുന്നതിന് എച്ച്ഡിഎഫ്സി ക്യാപിറ്റലിനെ ഇത് നയിക്കുമെന്നും എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞു.

താങ്ങാനാവുന്ന വിലയിലുള്ള ഭവന നിര്‍മ്മാണ ആവശ്യകത ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ ഉടനീളം വളരുകയും നിരവധി ഡെവലപ്പര്‍മാരുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്. ഈ മേഖലയിലാണ് എച്ച്ഡിഎഫ്‌സി പ്രധാനമായും മുന്നേറുന്നതും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മികച്ച എട്ട് ഇന്ത്യന്‍ നഗരങ്ങളിലെയും എച്ചഡിഎഫ്‌സിയുടെ റെസിഡന്‍ഷ്യല്‍ ലോഞ്ചുകളില്‍ പകുതിയിലേറെയും 50 ലക്ഷം രൂപയ്ക്ക് താഴെയുള്ള സെഗ്മെന്റിലാണ്.

Tags:    

Similar News